കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പോലീസ് ലാത്തിവീശിയതിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍ എംപി അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ണീര്‍വാതക പ്രയോഗവും നടന്നു. ശ്വാസതടസ്സവും മുഖത്ത് പരുക്കുമേറ്റ ഷാഫിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാഫിയുടെ ചുണ്ടിനാണ് പരുക്കേറ്റത്. ഈ ചോര കൊണ്ട് അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടത് മറച്ചു പിടിക്കാന്‍ സിപിഐഎം ശ്രമിക്കേണ്ടെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. പൊലീസ് നടത്തിയത് നരനായാട്ട് ആണെന്ന് എം. കെ. രാഘവന്‍ എംപി പ്രതികരിച്ചു. ഇതിനെതിരെ കോണ്‍ഗ്രസും ജനാധിപത്യ ശക്തികളും ജനാധിപത്യപരമായി തന്നെ പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം. സിപിഎം - യുഡിഎഫ് പ്രവര്‍ത്തകര്‍ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. ഡിവൈഎസ്പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്. പേരാമ്പ്ര സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘര്‍ഷം ഉണ്ടായിരുന്നു. ഇന്ന് പേരാമ്പ്ര ടൗണില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

പേരാമ്പ്ര സികെജി കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎഎഫിന്റെ വിജയാഹ്ലാദപ്രകടനം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്ര ടൗണില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് പേരമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് യുഡിഎഫ് പ്രകടനം നടത്താനും തീരുമാനിച്ചിരുന്നു. ഇതിനിടയില്‍ ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദിന് മര്‍ദമേറ്റതായി ആരോപിച്ച് സിപിഎമ്മും പ്രകടനം നടത്താന്‍ തീരുമാനിച്ചു. ഒരേസമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെയാണ് പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തത്. ഇതിനിടെ പോലീസിന് നേരെ കല്ലേറും ഉണ്ടായി. സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപി അടക്കമുള്ളവര്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധം അടക്കം നടത്തിവരികയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് റൂറല്‍ എസ്പി പേരാമ്പ്രയിലെത്തി.

എല്‍ഡിഎഫ്‌യുഡിഎഫ് പ്രവര്‍ത്തകര്‍ മുഖാമുഖമെത്തിയതോടെയാണ് പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതക പ്രയോഗം നടത്തുകയും ചെയ്തത്. രണ്ടു പ്രകടനവും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇതോടെ കൂടുതല്‍ പൊലീസ് രംഗത്തെത്തുകയും ഇരുകൂട്ടരെയും പിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. സംഘര്‍ഷം പരിധി വിട്ടതോടെയാണ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. ഇതിനിടെയാണ് ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്ക് പരുക്കേറ്റത്.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പൊലീസ് സംഘം ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. പൊലീസ് യുഡിഎഫ് പ്രകടനത്തിനു നേരെ ഏകപക്ഷീയമായി കണ്ണീര്‍വാതകം ഉപയോഗിക്കുകയായിരുന്നു എന്നാണ് യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നത്. പരുക്കേറ്റ പല പ്രവര്‍ത്തകരെയും ആശുപത്രിയിലേക്ക് ഉള്‍പ്പെടെ മാറ്റിയിട്ടുണ്ട്. ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ നാളെ ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോഴിക്കോട് നഗരത്തില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് രാത്രി 10 മണിയോടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തും.