ന്യൂഡല്‍ഹി: രാജ്യത്ത് മുസ്ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നതിന് കാരണം പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ടവകാശം ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമായിരിക്കണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ ഊന്നിപ്പറഞ്ഞു. ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ 24.6 ശതമാനം വര്‍ദ്ധിച്ചപ്പോള്‍, ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞുവെന്നും ഷാ വ്യക്തമാക്കി. ഇത് പ്രത്യുല്‍പാദന നിരക്ക് കാരണമല്ല, മറിച്ച് നുഴഞ്ഞുകയറ്റം മൂലമാണ് സംഭവിച്ചതെന്ന് പിടിഐയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരിലാണ് ഇന്ത്യ വിഭജിക്കപ്പെട്ടതെന്നും, പാക്കിസ്ഥന്‍ ഇന്ത്യയുടെ ഇരുവശങ്ങളിലായി രൂപീകരിച്ചത് നുഴഞ്ഞുകയറ്റത്തിന് വഴിവെച്ചെന്നും ഷാ ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തെ ജനസംഖ്യാ ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നുഴഞ്ഞുകയറ്റക്കാരനെയും അഭയാര്‍ത്ഥിയെയും തമ്മില്‍ വേര്‍തിരിച്ച് കാണണമെന്നും അമിത് ഷാ പറഞ്ഞു. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും കുറഞ്ഞ ഹിന്ദു ജനസംഖ്യയില്‍ പലരും ഇന്ത്യയില്‍ അഭയം തേടിയവരാണ്. എന്നാല്‍, ഇന്ത്യയില്‍ വര്‍ദ്ധിച്ച മുസ്ലിം ജനസംഖ്യ പ്രത്യുല്‍പാദന നിരക്ക് കൊണ്ടല്ല, മറിച്ച് നിരവധി മുസ്ലിങ്ങള്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയതുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.

വോട്ടര്‍ പട്ടികയില്‍ നുഴഞ്ഞുകയറ്റക്കാരെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനയുടെ അന്തസ്സത്തയെ മലിനമാക്കുന്നതായും, വോട്ടവകാശം രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രം ലഭിക്കണമെന്നും അമിത് ഷാ ആവര്‍ത്തിച്ചു. നുഴഞ്ഞുകയറ്റവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയും രാഷ്ട്രീയമായല്ല, ദേശീയ വിഷയങ്ങളായി കാണേണ്ട വിഷയങ്ങളാണെന്നും ഷാ ഊന്നിപ്പറഞ്ഞു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് 'നിഷേധ മനോഭാവത്തിലാണ്' എന്നും, അവരുടെ വോട്ട് ബാങ്കുകള്‍ കുറയുന്നത് കൊണ്ടാണ് ഈ പ്രക്രിയയെ എതിര്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തും ഈ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ നടന്നിരുന്നുവെന്നും ഷാ ഓര്‍മ്മിപ്പിച്ചു. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും, ആര്‍ക്കെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ പ്രതിപക്ഷത്തിനും ഭാവിയില്‍ രക്ഷപ്പെടാനാവില്ലെന്ന് കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ, അതിര്‍ത്തി കടന്നെത്തിയ പീഡിതരായ ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ തുല്യ അവകാശങ്ങളുണ്ടെന്നും ഷാ വ്യക്തമാക്കി. 1951 മുതല്‍ 2011 വരെയുള്ള കണക്കുകള്‍ ഉദ്ധരിച്ച്, ഈ ജനസംഖ്യാ അസന്തുലിതാവസ്ഥ ഒരു ദേശീയ സുരക്ഷാ പ്രശ്‌നമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പൗരത്വ ഭേദഗതി നിയമം (സിഎഎ) വര്‍ഗീയ രാഷ്ട്രീയമല്ല, മറിച്ച് ധാര്‍മ്മികമായ ഒരു തിരുത്തലാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു. 'കണ്ടെത്തുക, നീക്കം ചെയ്യുക, പുറത്താക്കുക' എന്ന സന്ദേശമാണ് അമിത് ഷാ നല്‍കുന്നത്.

അതിനിടെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കാബൂളിലെ താലിബാന്‍ വിദേശകാര്യ മന്ത്രി മുത്താഖിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. തീവ്രവാദത്തിനെതിരായ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ സഹകരണം ശക്തിപ്പെടുത്തുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ അഫ്ഗാനിസ്ഥാന്‍ നല്‍കിയ പിന്തുണയെ ജയശങ്കര്‍ പ്രശംസിച്ചു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഒരു പൊതുവായ ഭീഷണിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ മണ്ണ് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് മുത്താഖി ഉറപ്പ് നല്‍കി.

പ്രാദേശിക സ്ഥിരത, ഉഭയകക്ഷി വികസന പദ്ധതികള്‍, മാനുഷിക സഹായം, വ്യാപാരം, വിദ്യാഭ്യാസം, കാബൂളിലെ ഇന്ത്യന്‍ എംബസി വീണ്ടും തുറക്കുന്നത് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. ആംബുലന്‍സുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വാക്‌സിനുകള്‍ എന്നിവ ഇന്ത്യ അഫ്ഗാനിസ്ഥാന് കൈമാറുകയും ചെയ്തു.