പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനമെന്ന് ആക്ഷേപം. ദേവനു നേദിക്കും മുന്‍പ് മന്ത്രിക്ക് സദ്യ വിളമ്പി എന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോര്‍ഡിന് തന്ത്രിയുടെ കത്ത് ലഭിച്ചു. ആറന്‍മുള അഷ്ടമി രോഹിണി വള്ളസദ്യയില്‍ ദേവന് നേദിക്കും മുന്‍പ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയത് ആചാരലംഘനമെന്ന് ക്ഷേത്രം തന്ത്രി കത്തില്‍ പറയുന്നു. പരസ്യമായി പരിഹാരക്രിയ നിര്‍ദേശിച്ചാണ് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് കത്തയച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ പതിനാലിനായിരുന്നു ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ. ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് സദ്യ വിളമ്പിയ നടപടി ഗുരുതരമായ ആചാരലംഘനമാണെന്ന് തന്ത്രി ദേവസ്വം ബോര്‍ഡിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.'കഴിഞ്ഞ അഷ്ടമി രോഹിണി നിവേദ്യം ദേവന്‍ സ്വീകരിച്ചിട്ടില്ല, അതിനാല്‍ പരിഹാരക്രിയകള്‍ ചെയ്യണം' എന്ന് കത്തില്‍ തന്ത്രി കര്‍ശനമായി നിര്‍ദേശിക്കുന്നു.

അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവന്‍ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഉള്‍പ്പെടെ ദേവന് മുന്നില്‍ ഉരുളിവെച്ച് എണ്ണപ്പണം സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. പരസ്യമായി ചെയ്യണമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 11 പറ അരിയുടെ സദ്യ വയ്ക്കണം. തിടപ്പള്ളിയില്‍ ഒരു പറ അരിയുടെ നേദ്യവും നാലു കറിയും പാകംചെയ്യണം. സദ്യ ദേവന് സമര്‍പ്പിച്ച ശേഷം എല്ലാവര്‍ക്കും വിളമ്പണം. ഇത്തരം ഒരു അബദ്ധം പറ്റില്ലെന്ന് സത്യം ചെയ്യണം എന്നും തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് അയച്ച കത്തില്‍ പറയുന്നു.

പള്ളിയോട സേവാസംഘം ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രനടയില്‍ ഉരുളിവച്ച് എണ്ണപ്പണം സമര്‍പ്പിക്കണമെന്നും ചടങ്ങുകള്‍ ആവര്‍ത്തിക്കണമെന്നുമാണ് നിര്‍ദേശം. മുന്‍പ് ആചാരലംഘനം നടന്നിട്ടില്ലെന്ന് പള്ളിയോട സേവാസംഘം വാദിച്ചിരുന്നു. എന്നാല്‍, തന്ത്രി തന്നെ ലംഘനം സ്ഥിരീകരിച്ചതോടെ പള്ളിയോട സേവാസംഘം വെട്ടിലായി. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കില്ലെന്ന് എല്ലാവരും ചേര്‍ന്ന് സത്യം ചെയ്യണമെന്നും വിധിപരമായി സദ്യനടത്തുമെന്ന് സത്യം ചെയ്യണമെന്നും തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് അയച്ച കത്തില്‍ പറയുന്നു.