ഗാസ: ഹമാസ് ഭീകരര്‍ ഫലസ്തീനികളെ വധിക്കുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത്. ഇതോടെ ഗാസയിലെ സമാധാന കരാര്‍ ഇതിനകം തന്നെ തകരുമെന്ന ആശങ്കയാണ് ഉയരുന്നത്. ഹമാസ് ഗാസയില്‍ അധികാരം നിലനിര്‍ത്താന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും ഇത് അവിടുത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍, ഒരു കൂട്ടം പുരുഷന്മാര്‍ കൈകള്‍ പിന്നില്‍ കെട്ടി നിലത്ത് മുട്ടുകുത്തി നില്‍ക്കുന്നത് കാണാം. ഹമാസ് ശൈലിയിലുള്ള തലപ്പാവ് ധരിച്ച സായുധരായ വ്യക്തികള്‍ മുഖം മറച്ച് ഇരകളുടെ പിന്നില്‍ 'ദൈവം വലിയവനാണ്' എന്ന് ആര്‍ത്തുവിളിക്കുന്ന ജനക്കൂട്ടം, വധിക്കപ്പെട്ട പുരുഷന്മാരെ 'സഹകാരികള്‍' എന്ന് മുദ്രകുത്തി അവരുടെ ഫോണുകളില്‍ ദൃശ്യവല്‍ക്കുകയാണ്. അടുത്ത ദൃശ്യങ്ങളില്‍ കാണുന്നത് മുട്ടുകുത്തി നിന്ന ഏഴ് പുരുഷന്മാരും നിലത്ത് വീഴുന്നതാണ്. 'അല്ലാഹു അക്ബര്‍' എന്ന് ചുറ്റും നില്‍ക്കുന്ന ആളുകള്‍ ആര്‍ത്തു വിളിക്കുകയാണ്. വീഡിയോയുടെ ആധികാരികത ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്രായേല്‍ സൈന്യം ഈയിടെ ഒഴിപ്പിച്ച ഗാസയിലെ പ്രദേശങ്ങളുടെ നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനായി ഹമാസ് ഇതിനകം തന്നെ അവരുടെ 7,000 ത്തോളം സേനാംഗങ്ങളെ തിരിച്ചുവിളിച്ചിട്ടുണ്ട്. ഹമാസ് പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഒരു നിശ്ചിത സമയത്തേക്ക് തങ്ങള്‍ അവര്‍ക്ക് അനുമതി നല്‍കി എന്നും വ്യക്തമാക്കിയത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. എന്നാല്‍ ട്രംപ് മധ്യസ്ഥത വഹിച്ച സമാധാന കരാര്‍ പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയ വീഡിയോ പുറത്തു വന്നത് ആശങ്ക ഉളവാക്കിയിരിക്കുകയാണ്.

തടവില്‍ മരിച്ച 28 ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതില്‍ ഹമാസ് പരാജയപ്പെടുന്നത് ട്രംപിന്റെ സമാധാന കരാര്‍ അപകടത്തിലാക്കുമെന്ന് വിശകലന വിദഗ്ധര്‍ ആശങ്കപ്പെടുന്നു. ഇതുവരെ, അവര്‍ നാല് മൃതദേഹങ്ങള്‍

മാത്രമാണ് വിട്ടുനല്‍കിയത്. കഴിഞ്ഞ മാസം, ഇസ്രായേലുമായി സഹകരിച്ചുവെന്ന് ആരോപിക്കപ്പെട്ട മൂന്ന് പേരെ വധിച്ചതായി ഹമാസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. മുന്‍കാലങ്ങളില്‍, ഗാസയിലെ തെരുവുകളില്‍ പരസ്യമായി വധശിക്ഷ നടപ്പിലാക്കിയതായി ഹമാസിന്റെ പേരില്‍ ആരോപണം ഉയര്‍ന്നിരുന്നു.

നിരവധി മനുഷ്യാവകാശ ഗ്രൂപ്പുകളും ലോക നേതാക്കളും ഈ ശിക്ഷാരീതിയെ അപലപിച്ചിട്ടുണ്ട്. സമീപ ദിവസങ്ങളില്‍ ഹമാസ് ഭീകരരും എതിരാളികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. ഹമാസും എതിരാളികളായ ദുഗ്മിഷ് ഗ്രൂപ്പും തമ്മിലാണ് ഏറ്റുമുട്ടിയത്. 2007 മുതല്‍ ഗാസ ഭരിക്കുന്ന ഹമാസ്, പ്രധാന വഴികളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും തകര്‍ന്ന പൈപ്പുകള്‍ നന്നാക്കുന്നതിനും നൂറുകണക്കിന് തൊഴിലാളികളെ വിന്യസിച്ചു. ട്രംപ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ട ഒരു കാര്യം ഗാസയെ സൈനികവത്ക്കരിക്കണം എന്നതായിരുന്നു.