കോട്ടയം: വര്‍ഷങ്ങള്‍ നീണ്ട യാത്രാദുരിതത്തിനു താല്‍ക്കാലിക പരിഹാരമായി കോട്ടയം കുമരകം ചേര്‍ത്തല റൂട്ടിലെ കോണത്താറ്റ് പാലം തുറന്നതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍. പാലത്തിലേക്കുള്ള പാതയുടെ പണി പൂര്‍ണമാകാത്തതിനാല്‍ ഭാഗികമായാണു പാലം തുറന്നത്. കോട്ടയം കുമരകം, കുമരകം ചേര്‍ത്തല എന്നിങ്ങനെ രണ്ടായി മുറിഞ്ഞു നടത്തി വന്നിരുന്ന സ്വകാര്യ ബസ് സര്‍വീസ് കോട്ടയം ചേര്‍ത്തല സര്‍വീസായി പുനരാരംഭിച്ചു. കുമരകത്ത് നിന്ന് വിനോദ സഞ്ചാരികളുമായി വന്ന ടാക്‌സി കാറാണ് ആദ്യമായി പാലത്തില്‍ കയറി മറുകരയില്‍ എത്തിയത്. തുടര്‍ന്നു ബസും മറ്റ് വാഹനങ്ങളും കടന്നു പോയി. പാലം ഗതാഗതത്തിനു തുറന്നു കൊടുത്തതിന്റെ സന്തോഷത്തില്‍ നാട്ടുകാര്‍ക്കു ലഡു വിതരണം ചെയ്തു. എന്നാല്‍ 21 മീറ്റര്‍ മാത്രം നീളമുള്ള പാലം പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷം വൈകിച്ചതിന്റെ അമര്‍ഷം പങ്കുവയ്ക്കുകയാണ് നാട്ടുകാര്‍.

2022ലാണ് കുമരകത്തേക്ക് സഞ്ചാരികള്‍ എത്തുന്ന പ്രധാന പാതയിലുള്ള കോണത്താറ്റ് പാലത്തിന്റെ പണി തുടങ്ങിയത്. ആറുമാസം കൊണ്ട് തീര്‍ക്കുമെന്ന് പറഞ്ഞ് തുടങ്ങിയ പണി നാല് വര്‍ഷത്തോളം നീണ്ടുപോയി. ഇതോടെ സഞ്ചാരികളും പ്രദേശവാസികളും വ്യാപാരികളും ഒരുപോലെ ദുരിതത്തിലായി. വലിയ വാഹനങ്ങള്‍ മറുകരക്ക് കടത്തിവിടാത്തതിനാല്‍ ബസ് യാത്രക്കാര്‍ ബസ് ഇറങ്ങി ഒരു കിലോമീറ്ററോളം നടന്നാണ് മറുകരയില്‍ എത്തിയിരുന്നത്. ഈ പാലം പണിതീരണമെങ്കില്‍ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ഇതുവഴി വരണമെന്നായിരുന്നു കുമരകത്തുകാര്‍ പറഞ്ഞിരുന്നത്. ഒടുവില്‍ അതുതന്നെ സംഭവിച്ചു. രാഷ്ട്രപതി വരുമെന്ന് ആയപ്പോള്‍ പണി പൂര്‍ത്തിയാക്കിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

21 മീറ്റര്‍ നീളമുള്ള കോണത്താട്ടു പാലം പൊളിച്ചു പുതിയത് പണിയാന്‍ നാലു വര്‍ഷം ആണ് എടുത്തതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതില്‍ ഒരുപാട് പേര് വഴിയില്‍ ഞെങ്ങി കുരുങ്ങി നാലു വര്‍ഷം ബുദ്ധിമുട്ടി. ചേര്‍ത്തല ബസുകള്‍ പാലത്തിന്റെ അക്കരെ ട്രിപ്പ് നിര്‍ത്തി അവിടെനിന്നും ഇക്കരയിലേക്ക് നടന്നെത്തി കോട്ടയം ഭാഗത്തു നിന്നുള്ള ബസുകളില്‍ കേറേണ്ടി വന്ന അവസ്ഥയിലായിരുന്നു ഇതുവരെ യാത്രക്കാര്‍. ഇപ്പോള്‍ വലിയ വികസനം പറഞ്ഞ് ഉദ്ഘാടനം നടത്താനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. കോട്ടയം കുമരകം റോഡ് വികസനത്തിന് മാര്‍ഗതടസ്സമായ പാലം പൊളിച്ചു പണിയണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ സിപിഎം അധികാരത്തിലിരിക്കെയാണ് ജനങ്ങള്‍ ഈ ദുരിതം നേരിട്ടതെന്നും നാട്ടുകാര്‍ പറയുന്നു.

ധന, സമയ നഷ്ടവും ഗതാഗതക്കുരുക്കും കാരണം പാലം പണി ഒന്നുതീര്‍ന്ന് കിട്ടിയാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലായിരുന്നു ഇക്കാലമത്രയും കുമരകംകാര്‍. കോണത്താറ്റ് പാലത്തിനപ്പുറം എവിടെയെങ്കിലും പോകാന്‍ ബസില്‍ കയറുന്നവര്‍ പാലത്തിന് മുന്‍പിറങ്ങി പണി തീരാത്ത പാലത്തിലൂടെ നടന്നു അക്കരെയെത്തി അടുത്ത ബസില്‍ കയറണം. ഇരട്ടി ചാര്‍ജും കൊടുക്കണം. വാഹനങ്ങള്‍ തിരിച്ചു വിടുന്നതു കാരണം കുരുക്കൊഴിഞ്ഞ നേരവുമില്ലെന്നായി. ഇനി പാലം നിര്‍മ്മാണം പൂര്‍ത്തിയായാലും കുമരകത്തെ കുരുക്കഴിക്കാന്‍ പ്രായോഗികമായി രണ്ടു വഴികളേ ഉള്ളൂ. ഒന്ന് മുഖം നോക്കാതെയുള്ള റോഡ് വീതി കൂട്ടല്‍. രണ്ടാമത് പുതിയ ബൈപാസ്. ഇവ യാഥാര്‍ത്യമാക്കാന്‍ രാഷ്ട്രീയത്തിനതീതമായി കുമരകത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഇറങ്ങണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പാലത്തിലൂടെ നിലവിലെ യാത്ര

കോട്ടയത്തു നിന്നു വരുന്ന ബസ് ഉള്‍പ്പെടെ ഉള്ള വാഹനങ്ങള്‍ പാലത്തിനു സമീപത്തു ഗുരുമന്ദിരം റോഡിലൂടെ വൈക്കം, ചേര്‍ത്തല, കൊഞ്ചുമട, അട്ടിപ്പീടിക ഭാഗത്തേക്കു പോകും. ചേര്‍ത്തല കുമരകം ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ കോണത്താറ്റ് പാലത്തിലൂടെ തന്നെ കടന്നു പോകും.

ഇനി പൂര്‍ത്തിയാകാനുള്ളത്

1. പാലത്തിന്റെ സമീപന പാതയുടെ ഒരു ഭാഗത്ത് (ആറ്റാമംഗലം, ഗുരുമന്ദിരം ഭാഗം) മണ്ണ് നിറയ്ക്കണം.

2. പാലത്തിലെയും സമീപന പാതയിലെയും ടാറിങ് പൂര്‍ത്തിയാക്കണം.

3. സമീപന പാതയില്‍ ഇരു ഭാഗത്തും സംരക്ഷണ ഭിത്തിയുടെ നിര്‍മാണം പൂര്‍ണമാക്കണം.

കാലാവസ്ഥ അനുകൂലമായാല്‍ നവംബര്‍ 30ന് അകം എല്ലാ ജോലികളും പൂര്‍ത്തിയാക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.

ബസ് സര്‍വീസ്

കോട്ടയത്ത് നിന്ന് വൈക്കം, ചേര്‍ത്തല ബസുകള്‍ പാലത്തിലൂടെ വന്നു ബസ്‌ബേയില്‍ കയറി യാത്രക്കാരെ കയറ്റി പോകും. അട്ടിപ്പീടിക, കൊഞ്ചുമട റൂട്ടിലെ ബസുകള്‍ അട്ടിപ്പീടിക റോഡിലൂടെ മാര്‍ക്കറ്റ് ജംക്ഷനില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കി പോകും. തിരികെ വരുമ്പോള്‍ ബസ്‌ബേയില്‍ കയറി യാത്രക്കാരുമായി കോട്ടയത്തിനു പോകും. 38 സ്വകാര്യ ബസുകളാണ് കുമരകം റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.

മന്ത്രി വി.എന്‍.വാസവന്റെ അവകാശവാദം

കോട്ടയം, കുമരകം റോഡില്‍ ഗതാഗതക്കുരുക്ക് നേരിട്ടിരുന്ന ഇടുങ്ങിയ പാലമായിരുന്നു കോണത്താറ്റ് പാലം. നാലുമീറ്റര്‍ മാത്രമായിരുന്നു പൊളിച്ചു നീക്കിയ പാലത്തിന്റെ വീതി. കാലങ്ങളായി ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്ന, പാലം നിര്‍മ്മാണം, മന്ത്രി ആയപ്പോള്‍ ഏറ്റെടുത്ത പ്രധാന പദ്ധതികളില്‍ ഒന്നായിരുന്നു. നിരവധി പ്രതിസന്ധികള്‍ മറികടന്ന് കുമരകത്തിന് നല്‍കിയ വാഗ്ദാനം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുകയാണ്. കാരിക്കാത്തറ പാലത്തിന്റെ നിര്‍മ്മാണത്തിനും, സ്ഥലം ഏറ്റെടുക്കുന്നതിനും, യൂട്ടിലിറ്റികള്‍ മാറ്റുന്നതിനും 17.107 കോടി രൂപയും കോട്ടയം കുമരകം റോഡിന്റെ സ്ഥലം ഏറ്റെടുപ്പിന് 12.383 കോടി രൂപ യും ഉള്‍പ്പെടെ 29.49 കോടി രൂപ അനുവദിച്ചു.26.2 മീറ്റര്‍ നീളത്തിലും 13 മീ. വീതിയിലും പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

നിര്‍മ്മാണം നടക്കുന്ന സമയത്ത് ചെറുവാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിനായി താല്‍ക്കാലിക റോഡ് പൂര്‍ത്തിയാക്കി, ഗതാഗതകുരുക്ക് ഉണ്ടാകാതെ നിയന്ത്രിക്കുന്നതിനായി ഇരുകരകളിലും പൊലീസിന്റെ സേവനം ഉറപ്പാക്കിയായിരുന്നു നിര്‍മ്മാണം. ഇതിനോട് പൂര്‍ണ്ണമായും സഹകരിച്ച് വികസനത്തിനൊപ്പം നിന്ന നാട്ടുകാര്‍,മത സാമുദായിക സംഘടനാ നേതൃത്വമടക്കം എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തിലൂടെയാണ് നാടിന്റെ കാലങ്ങളായ ആവശ്യം യാഥാര്‍ത്ഥ്യമായത്. കുമരകം മേഖലയുടെ വികസനത്തിന് പുതിയ വേഗം കൈവരികയാണ് ഇതിലൂടെ. ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ പാലത്തിലൂടെ കടത്തിവിടും. പുതിയ പാലത്തിനൊപ്പം ബണ്ട് റോഡിലൂടെയും ഗതാഗതം തുടരും.ടാറിംഗ് അടക്കം പൂര്‍ത്തിയാക്കി പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് മാത്രമാകും നടക്കുക. ഒരു ദീര്‍ഘകാല സ്വപ്ന സാക്ഷാത്ക്കാരമാണ് ഈ പാലം തുറന്നു കൊടുത്തതിലൂടെ യാഥാര്‍ത്ഥ്യമായത്.