കൊച്ചി: ബസിന്റെ മുന്‍വശത്തെ ഗ്ലാസിന് പിന്നില്‍ വെള്ളക്കുപ്പി സൂക്ഷിച്ചതിന്റെ പേരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സ്ഥലം മാറ്റിയ സംഭവത്തില്‍ കെഎസ്ആര്‍ടിസിക്കും വകുപ്പ് മന്ത്രിക്കും ഹൈക്കോടതിയില്‍ തിരിച്ചടി. മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന് പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫിനെ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എന്‍.നഗരേഷിന്റെ നടപടി. ശിക്ഷാ നടപടിയായിട്ടാണ് സ്ഥലംമാറ്റമെന്നാണ് വ്യക്തമാകുന്നതെന്നും അത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. ജയ്‌മോനെ പൊന്‍കുന്നം ഡിപ്പോയില്‍ തന്നെ തുടര്‍ന്നും ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും നിര്‍ദേശിച്ചു. വെള്ളക്കുപ്പി സൂക്ഷിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റിയത് മതിയായ കാരണം ഇല്ലാതെയാണെന്ന് നിരീക്ഷിച്ചാണ് സ്ഥലമാറ്റ ഉത്തരവ് റദ്ദ് ചെയ്തത്.

ഇക്കഴിഞ്ഞ ഒക്ടബോര്‍ ഒന്നാം തീയതി പൊന്‍കുന്നത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുമ്പോഴായിരുന്നു കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ഗ്ലാസിന് പിന്നില്‍ വെള്ളക്കുപ്പി സൂക്ഷിച്ചത് കണ്ട് ഗതാഗത മന്ത്രി വാഹനം തടഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു ഡ്രൈവര്‍ ജയ്മോന്‍ ജോസഫിനെ സ്ഥലമാറ്റിയത്. പെന്‍കുന്നം ഡിപ്പോയില്‍ നിന്ന് തൃശ്ശൂരിലേക്കാണ് സ്ഥലം മാറ്റിയത്. തുടര്‍ന്നാണ് പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിയ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ ജയ്മോന്‍ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി ഡ്രൈവ് ചെയ്യേണ്ടതിനാല്‍ ചൂട് കൂടുതലാണെന്നും അതിലാണ് കുടിവെള്ളം മുന്‍പില്‍ സൂക്ഷിച്ചതെന്നും ഹര്‍ജിക്കാരനായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ.പി. സതീശന്‍ വാദിച്ചു. മദ്യമൊന്നും അല്ലല്ലോ സൂക്ഷിച്ചത്. മന്ത്രി ഇടപെട്ടതിനാലാണ് സ്ഥലമാറ്റിയതെന്നും വിശദീകരിച്ചു.

സ്ഥലംമാറ്റുന്നതിലൊന്നും തെറ്റില്ലെന്നും പക്ഷെ മതിയായ കാരണം വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. വെള്ളക്കുപ്പിയല്ലേ സൂക്ഷിച്ചത്, മദ്യ കുപ്പിയല്ലല്ലോയെന്നും തൊഴില്‍ സംസ്‌കാരമാണ് മാറേണ്ടതെന്നും അതിനാണ് നടപടി വേണ്ടതെന്നും കോടതി വ്യക്തമാക്കി. അമിതാധികാര പ്രയോഗമാണ് കെഎസ്ആര്‍ടിസിയുടെ നടപടിയെന്നും ജെയ്‌മോന്‍ ജോസഫിനെ പൊന്‍കുന്നം ഡിപ്പോയില്‍ തുടരാന്‍ അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ബസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന നിര്‍ദ്ദേശം നേരത്തെ തന്നെ നല്‍കിയിട്ടുണ്ടെന്നും സ്ഥലം മാറ്റത്തില്‍ മന്ത്രിയ്ക്ക് പങ്കില്ലെന്നും കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ ദീപു തങ്കന്‍ വാദിച്ചു. കൈ കാണിച്ചിട്ട് വാഹനം നിര്‍ത്താതെ പോയി എന്ന പരാതിയിലും ജീവനക്കാരെ സ്ഥലമാറ്റാറുണ്ടെന്നും വിശദീകരിച്ചു.

പൊന്‍കുന്നത്തു നിന്ന് തിരുവനന്തപുരം വരെ തുടര്‍ച്ചയായി ഡ്രൈവ് ചെയ്യേണ്ട സാഹചര്യത്തിലാണ് ശുദ്ധജലം വാഹനത്തിന്റെ മുന്‍പില്‍ സൂക്ഷിച്ചതെന്നായിരുന്നു ജയ്‌മോന്റെ വാദം. വാഹനം തടഞ്ഞു നിര്‍ത്തി മന്ത്രി ഇടപെട്ടതിനാലാണ് സ്ഥലം മാറ്റമുണ്ടായതെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. എന്നാല്‍ ബസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന സര്‍ക്കുലര്‍ നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്ഥലം മാറ്റത്തില്‍ മന്ത്രിക്കു പങ്കില്ലെന്നുമാണ് കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ വാദിച്ചത്. കൈ കാണിച്ചിട്ട് വാഹനം നിര്‍ത്താതെ പോയി എന്ന പരാതിയിലും ജീവനക്കാരെ സ്ഥലം മാറ്റാറുണ്ടെന്നും കെഎസ്ആര്‍ടിസി വിശദീകരിച്ചിരുന്നു

ഒരു വ്യക്തിയുടെ സേവനം മറ്റൊരിടത്താണ് ആവശ്യമായി വരുന്നതെങ്കില്‍ സ്ഥലം മാറ്റമാവാം, അച്ചടക്ക നടപടി നേരിടുന്ന ആള്‍ അതേ സ്ഥലത്തു തന്നെ തുടരുന്നത് ബുദ്ധിമുട്ടാണെങ്കിലും സ്ഥലംമാറ്റമാകാം, സ്ഥാപനത്തിനോ പൊതുസമൂഹത്തിന് മൊത്തത്തിലോ ഗുണമുള്ള കാര്യമാണെങ്കിലും സ്ഥലം മാറ്റം നീതീകരിക്കപ്പെടാം. എന്നാല്‍ ഇവിടെ ഈ കാരണങ്ങളൊന്നും ബാധകമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണപരമായ സൗകര്യാര്‍ഥമാണ് സ്ഥലംമാറ്റമെന്ന് പറഞ്ഞ കെഎസ്ആര്‍ടിസി സ്ഥലംമാറ്റ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും പറഞ്ഞിരുന്നു. എന്നാല്‍ സ്ഥലം മാറ്റ ഉത്തരവില്‍ എന്തെങ്കിലും അച്ചടക്ക നടപടികളെക്കുറിച്ച് പറയുന്നില്ല. പൊന്‍കുന്നത്തു നിന്ന് പുതുക്കാട്ടേക്ക് ഡ്രൈവറെ സ്ഥലം മാറ്റിയത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ മുന്‍ഭാഗത്ത് 2 പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം വച്ചിരുന്നതിന്റെ പേരിലാണ് മരങ്ങാട്ടുപിള്ളി സ്വദേശി ജയ്‌മോനെ പാലാ പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് തൃശൂര്‍ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്. ഇതിനെതിരെയാണ് ജയ്‌മോന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ആരോപണവുമായി മന്ത്രി

വിവാദത്തില്‍ ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍ രംഗത്ത് വന്നു. ഡ്രൈവര്‍ക്ക് പിന്നില്‍ യുഡിഎഫ് ആണെന്ന് കെബി ഗണേഷ്‌കുമാര്‍ ആരോപിച്ചു. നടപടി നേരിട്ട ഡ്രൈവര്‍ക്ക് പിന്നില്‍ യുഡിഎഫ് യൂണിയനാണെന്നും മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനെ വയ്ക്കാന്‍ പണം നല്‍കിയത് യുഡിഎഫ് യൂണിയനാണ്. കെഎസ്ആര്‍ടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം. കെഎസ്ആര്‍ടിസി നശിക്കാന്‍ ആഗ്രഹിക്കുന്ന യൂണിയന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു എന്നും മന്ത്രി പരിഹസിച്ചു. ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് അംഗീകരിക്കുന്നു. എന്നാല്‍, വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞു.

ഒക്ടോബര്‍ ഒന്നിനാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. കൊല്ലം ആയൂരില്‍ വെച്ചായിരുന്നു സംഭവം. ബസിന്റെ മുന്‍വശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തില്‍ മന്ത്രി പിന്നാലെ എത്തുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ മന്ത്രി തടഞ്ഞു നിര്‍ത്തി. ബസിന്റെ മുന്നില്‍ കിടന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് ജീവനക്കാരെ പരസ്യമായി ശകാരിച്ചു. ബസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് സിഎംഡിയുടെ നോട്ടീസ് ഉണ്ടെന്നും ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരിക്കലും കെഎസ്ആര്‍ടിസി ബസുകള്‍ ഇങ്ങനെ വൃത്തികേടാക്കരുതെന്നും പൊതുഗതാഗത സംവിധാനമാണെന്നും ജീവനക്കാരോട് പറഞ്ഞാണ് മന്ത്രി മടങ്ങിപ്പോയത്.