കൊച്ചി: ശിരോവസ്ത്രം ധരിച്ച വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നതില്‍ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ശിരോവസ്ത്രം ധരിച്ച വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. സെന്റ് റീത്താസ് സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.

ശിരോവസ്ത്രം ധരിച്ചതിന് സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്‌മെന്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയോട് വിശദീകരണം തേടിയത് വിവാദമായതോടെ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആയ സുബിന്‍ പോള്‍ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന് ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്‌കൂളിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നും സ്‌കൂള്‍ നിഷ്‌കര്‍ഷിക്കുന്ന യൂണിഫോമിന്റെ രീതിയിലെ ശിരോവസ്ത്രം ധരിച്ച് കുട്ടിക്ക് സ്‌കൂളില്‍ വരാമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിലെ ആവശ്യം നിലനില്‍ക്കുന്നതാണും റിപ്പോര്‍ട്ട് സ്റ്റേ ചെയ്യാനാകില്ല എന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്.


കുട്ടി ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയാലും പഠിപ്പിക്കണം, പുറത്താക്കരുതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് രണ്ടും സ്‌കൂള്‍ അധികൃതര്‍ക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇതിനെതിരേയാണ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചത്. ഡിഡിഇയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു മാനേജ്‌മെന്റിന്റെ ആവശ്യം. എന്നാല്‍, ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി.


അതേസമയം, പള്ളുരുത്തി ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവും അഭിഭാഷകനും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥിനിയെ ടിസി വാങ്ങി മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുമെന്ന് പിതാവ് പറഞ്ഞു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ മതേതര വസ്ത്രങ്ങള്‍ അനുവദനീയമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്, എന്റെ മകള്‍ ധരിച്ച ഷോള്‍ മതേതരമല്ലേ എന്നും പിതാവ് ചോദിച്ചു. അതുപോലെ, കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നു എന്നും നിയമനടപടി സ്വീകരിക്കും എന്നും കുട്ടിയുടെ പിതാവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

വിഷയത്തില്‍ സ്‌കൂളിന് സംരക്ഷണം നല്‍കിയ ഹൈക്കോടതിക്ക് ഇന്ന് രാവിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഹെലീന ആല്‍ബി നന്ദി അറിയിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിക്കും നന്ദി അറിയിച്ചു. സ്‌കൂള്‍ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറാണെങ്കില്‍ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭസ്‌കൂളിന് സംരക്ഷണം നല്‍കിയ ഹൈക്കോടതിക്ക് നന്ദി. സ്‌കൂളിലെ നിയമങ്ങള്‍ അനുസരിച്ച് വിദ്യാര്‍ത്ഥിനി വന്നാല്‍ തുടരാം. കുട്ടികള്‍ക്ക് വേണ്ടതെല്ലാം സ്‌കൂള്‍ നല്‍കുന്നുണ്ട്. കുട്ടി സ്‌കൂളില്‍ നിന്ന് ടിസി വാങ്ങാന്‍ തീരുമാനിച്ച കാര്യം അറിയില്ല. കോടതിയെയും സര്‍ക്കാരിനെയും ബഹുമാനിക്കുന്നു. കോടതിയുടെ മുന്നിലുള്ള വിഷയങ്ങളില്‍ നിയമം അതിന്റെ വഴിക്ക് പോകട്ടെ'- സിസ്റ്റര്‍ ഹെലീന ആല്‍ബി പറഞ്ഞു.

ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത് വന്നിരുന്നു. കുട്ടി സ്‌കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിന്‍സിപ്പാളാണെന്നും വി ശിവന്‍കുട്ടി വിമര്‍ശിച്ചു. പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളില്‍ തുടരാന്‍ മകള്‍ക്ക് താല്‍പര്യമില്ലെന്നും കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്നും പിതാവ് അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, പാലക്കാട്ടെ 14 കാരന്റെ ആത്മഹത്യയില്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിഡിഇയുടെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.