ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഗാസ വീണ്ടു കലുഷിതമാകുന്നു. റഫാ അതിര്‍ത്തിയില്‍ ഹമാസും ഇസ്രയേല്‍ സൈനികരും ഏറ്റുമുട്ടി. ഇസ്രയേലി മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തെക്കന്‍ ഗാസയിലെ റഫയില്‍ ഇസ്രയേലി സൈനികര്‍ക്ക് നേരെ ഹമാസ് ആക്രമണം നടത്തിയതായും ഇതിനു പിന്നാലെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പ്രദേശത്ത് വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെച്ചൊല്ലി ഇസ്രയേലും ഹമാസും പരസ്പരം പഴിചാരുന്നതിനിടെയാണ് ഏറ്റുമുട്ടല്‍.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന തുരങ്കങ്ങളും സൈനികകേന്ദ്രങ്ങളും പൊളിച്ചുമാറ്റുന്നതിനായി പ്രദേശത്ത് ആക്രമണം ആരംഭിച്ചിട്ടുണ്ടെന്ന് ഐഡിഎഫ് അറിയിച്ചു. ഭീകര പ്രവര്‍ത്തനങ്ങള്‍ വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്‌നമായ ലംഘനമാണ്. ശക്തമായി പ്രതികരിക്കുമെന്നും എക്‌സ് പോസ്റ്റിലൂടെ ഐഡിഎഫ് അറിയിച്ചു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കി. ഇസ്രയേല്‍ നിയന്ത്രിത പ്രദേശത്തേക്ക് ഹമാസുകാര്‍ വെടിവെച്ചെന്നുപറഞ്ഞ് റാഫയുള്‍പ്പെടെ ഗാസയില്‍ പലയിടത്തും ഇസ്രയേല്‍സൈന്യം ആക്രമണം നടത്തി.

ഹമാസ് കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം ലഭിച്ചതിന് പിന്നാലെ തെക്കന്‍ ഗാസയില്‍ വീണ്ടും വ്യോമാക്രമണം ആരംഭിച്ചതായി ഐഡിഎഫ് അറിയിക്കുകയും ചെയ്തു. ഹമാസിന്റെ തുരങ്കങ്ങളെ ലക്ഷ്യംവെച്ചാണ് ആക്രമണമെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരാഴ്ചമുന്‍പ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നശേഷമുള്ള ആദ്യ വലിയ ആക്രമണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഹമാസും ഇസ്രയേലും പരസ്പരം ആരോപിച്ചിരുന്നെങ്കിലും വലിയ ആക്രമണങ്ങളിലേക്ക് കടന്നിരുന്നില്ല. ഇസ്രയേല്‍ ഇന്ന് വ്യോമാക്രമണം അടക്കമാണ് നടത്തിയിരിക്കുന്നത്.

ഇസ്രയേലി ആക്രമണത്തില്‍ ഒമ്പത് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷയുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ സ്ഥിതിഗതികള്‍ ലഘൂകരിക്കുന്നതിനായി മധ്യസ്ഥ ശ്രമങ്ങളും നടക്കുന്നുണ്ട്. 'രാവും പകലും' ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ഒരു മുതിര്‍ന്ന ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫാ അതിര്‍ത്തി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതിനെച്ചൊല്ലി ഇസ്രയേലും ഹമാസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ബന്ദികളില്‍ കുറച്ചുപേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഹമാസ് കൈമാറിയിട്ടുള്ളത്. ബാക്കിയുള്ളവരുടേത് കണ്ടെത്തല്‍ ദുഷ്‌കരമാണെന്ന് ഹമാസ് പറഞ്ഞിരുന്നു.