- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോദിയുമായി ഞാന്‍ സംസാരിച്ചു, റഷ്യന്‍ എണ്ണയുടെ കാര്യം അദ്ദേഹം ചെയ്യില്ലെന്നു പറഞ്ഞു'; അഞ്ചു ദിവസത്തിനിടെ മൂന്നാം തവണയും ആവര്‍ത്തിച്ച് ട്രംപ്; അവകാശവാദം ഇന്ത്യ നിഷേധിച്ചതോടെ വീണ്ടും തീരുവ ഭീഷണി; വന്‍തോതിലുള്ള തീരുവകള്‍ നല്‍കുന്നത് തുടരുമെന്നും യു എസ് പ്രസിഡന്റ്
ഇന്ത്യയ്ക്കെതിരെ വീണ്ടും ട്രംപിന്റെ തീരുവ ഭീഷണി
വാഷിങ്ടന്‍: ഇന്ത്യ റഷ്യയുമായി ഇനി എണ്ണ വ്യാപാരം നടത്തില്ലെന്ന് അഞ്ച് ദിവസത്തിനിടെ മൂന്നാം തവണയും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോടു പറഞ്ഞതായി ട്രംപ് തിങ്കളാഴ്ചയും ആവര്‍ത്തിച്ചു. ''ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി ഞാന്‍ സംസാരിച്ചു, റഷ്യന്‍ എണ്ണയുടെ കാര്യം അദ്ദേഹം ചെയ്യില്ലെന്നു പറഞ്ഞു'' പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ ട്രംപ് പറഞ്ഞു.
അതേസമയം, റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ട്രംപും മോദിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടന്നിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനെക്കുറിച്ചു ചോദിച്ചപ്പോള്‍, ''അങ്ങനെ പറയാന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വലിയ തോതിലുള്ള തീരുവകള്‍ അവര്‍ക്കു നേരിടേണ്ടിവരും. അങ്ങനെയൊരു അവസ്ഥ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് താല്‍പര്യം ഉണ്ടാകില്ല'' ട്രംപിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് 50% തീരുവ ചുമത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും യുഎസും തമ്മില്‍ നടക്കുന്ന വ്യാപാര ചര്‍ച്ചകള്‍ക്കിടെയാണ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവന. റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്നതിന് ഇന്ത്യയ്ക്ക് അധിക പിഴയായി 25% തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചിരുന്നു. അത് ഓഗസ്റ്റില്‍ നിലവില്‍ വരികയും ചെയ്തു. യുക്രെയ്‌നുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമമായാണ് ഈ നീക്കം വിലയിരുത്തപ്പെട്ടത്.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ള ഉയര്‍ന്ന തീരുവ തുടരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രംപും മോദിയും തമ്മില്‍ ഇക്കാര്യത്തില്‍ നടന്ന സംഭാഷണത്തെക്കുറിച്ച് അറിയില്ലെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതികരണം ചൂണ്ടിക്കാണിച്ചപ്പോള്‍ ട്രംപിന്റെ മറുപടി ഇങ്ങനെ, 'അവര്‍ അങ്ങനെയാണ് പറയുന്നതെങ്കില്‍ അവര്‍ വന്‍തോതിലുള്ള തീരുവകള്‍ നല്‍കുന്നത് തുടരും. അങ്ങനെ ഒരു കാര്യം അവര്‍ ആഗ്രഹിക്കില്ലല്ലോ.'
ഇക്കഴിഞ്ഞ ബുധനാഴ്ച ഓവല്‍ ഓഫീസില്‍വെച്ചാണ് റഷ്യയില്‍നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോദി ഉറപ്പുനല്‍കിയതായി ട്രംപ് പറഞ്ഞത്. ഇതൊരു വലിയ ചുവടുവെയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് റഷ്യയില്‍ നിന്നാണ് എണ്ണയുടെ ഏകദേശം മൂന്നിലൊന്ന് ലഭിക്കുന്നത്. യുക്രൈന്‍ യുദ്ധത്തിന് റഷ്യയ്ക്ക് ധനസഹായം നല്‍കുന്ന തരത്തിലാണ് തന്റെ ഭരണകൂടം ഈ കച്ചവടത്തെ കാണുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.
എന്നാല്‍, പിന്നാലെ ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. വ്യാഴാഴ്ച നടന്ന പ്രതിവാര പത്രസമ്മേളനത്തില്‍, ട്രംപും പ്രധാനമന്ത്രി മോദിയും തമ്മില്‍ നടന്ന സംഭാഷണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് വിദേശ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞിരുന്നു.
പാശ്ചാത്യ ഉപരോധങ്ങളുണ്ടായിട്ടും റഷ്യന്‍ സമ്പദ് വ്യവസ്ഥ തളരാതെ നില്‍ക്കുന്നതിനു കാരണം ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങുന്നതാണെന്നാണ് യുഎസിന്റെ ആരോപണം. ഇതിന്റെപേരില്‍ യുഎസ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം പിഴച്ചുങ്കമേര്‍പ്പെടുത്തിട്ടുണ്ട്. ഇതുള്‍പ്പെടെ 50 ശതമാനമാണ് ഇന്ത്യക്കുള്ള യുഎസിന്റെ ഇറക്കുമതിത്തീരുവ. ഇത് തുടരുമെന്നാണ് ഇപ്പോള്‍ ട്രംപിന്റെ ഭീഷണി.
യുക്രൈന്‍യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാമ്പത്തികസമ്മര്‍ദം എന്ന നിലയ്ക്കുമാത്രമാണ് റഷ്യന്‍ അസംസ്‌കൃത എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് യുഎസ് ആഗ്രഹിക്കുന്നതെന്നും യുദ്ധം തീര്‍ന്നുകഴിഞ്ഞാല്‍ ഇടപാടു തുടരാമെന്നും ട്രംപ് പറഞ്ഞിരുന്നു.
റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങളുടെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്. യുക്രൈന്‍യുദ്ധം ആരംഭിച്ചശേഷമാണ് ഇന്ത്യ രണ്ടാംസ്ഥാനത്തെത്തിയത്. അതിനുമുന്‍പ് ഒരുശതമാനത്തില്‍ താഴെമാത്രം അസംസ്‌കൃതയെണ്ണയാണ് ഇന്ത്യ റഷ്യയില്‍നിന്നു വാങ്ങിയിരുന്നത്. ഇപ്പോള്‍ അത് 40 ശതമാനത്തോളമാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറക്കുമതി നിര്‍ത്തുകയും പാശ്ചാത്യരാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തതിനുപിന്നാലെ റഷ്യ എണ്ണ വന്‍വിലക്കുറവില്‍ വിറ്റതോടെയാണ് ഇന്ത്യ പ്രധാന ഉപഭോക്താക്കളിലൊന്നായത്.