ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്കിടെ രാജ്യതലസ്ഥാനത്ത് വായുഗുണനിലവാരം മോശം അവസ്ഥയില്‍. 'വളരെ മോശം' (very poor) എന്ന സ്ഥിതിയിലാണ് നിലവില്‍ വായുഗുണനിലവാര സൂചിക അഥവാ എ.ക്യു.ഐയുളളത്. സെന്‍ട്രന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സിപിസിബി) പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാവിലെ എട്ടുമണിക്ക് എ.ക്യു.ഐ 335 എന്നനിലവാരത്തിലാണ്. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (CPCB) പറയുന്നത് പ്രകാരം, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് രൂക്ഷമായ വായുമലിനീകരണത്തിന് കാരണമായത്. രാവിലെ 8 മണിക്ക് നഗരത്തിലെ മൊത്തത്തിലുള്ള AQI 335 ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബോര്‍ഡിന്റെ പ്രവചനമനുസരിച്ച്, വരും ദിവസങ്ങളിലും സമാനമായ പ്രവണത തുടരും. ചൊവ്വാഴ്ചയും ബുധനാഴ്ചയും വായുവിന്റെ ഗുണനിലവാരം കൂടുതല്‍ വഷളായി അതീവ ഗുരുതരം (Severe) വിഭാഗത്തിലേക്ക് എത്തുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ഡല്‍ഹിയിലെ വിവിധ നിരീക്ഷണകേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ മിക്കയിടങ്ങളിലും എ.ക്യു.ഐ 300-ന് (വളരെ മോശം) മുകളില്‍ രേഖപ്പെടുത്തി. ആനന്ദ് വിഹാര്‍ (414), വാസിര്‍പുര്‍ (407) എന്നീവിടങ്ങളില്‍ സ്ഥിതി വളരെ ഗുരുതരമാണ്. വായുമലിനീകരണം രൂക്ഷമായതോടെ ഡല്‍ഹി-എന്‍സിആര്‍ മേഖലകളില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജിആര്‍എപി) രണ്ടാംഘട്ടം ഞായറാഴ്ച പ്രാബല്യത്തില്‍വന്നു. ഒക്ടോബര്‍ 14-ന് പ്രാബല്യത്തില്‍വന്ന ഒന്നാംഘട്ടത്തിന് പുറമേയാണിത്.

ജിആര്‍എപിയുടെ രണ്ടാംഘട്ടത്തില്‍ റോഡുകളില്‍ പൊടി നിയന്ത്രിക്കുന്നതിനായ വാക്വം സ്വീപ്പിങ് അടക്കമുള്ള നടപടി സ്വീകരിക്കും. ഇലക്ട്രിക് ബസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മെട്രോ നടത്തുന്ന സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കും. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി-എന്‍സിആര്‍ മേഖലകളില്‍ അന്തരീക്ഷ മലിനീകരണം കുറഞ്ഞ 'ഹരിത പടക്കങ്ങള്‍' മാത്രം ഉപയോഗിക്കാനാണ് അനുമതിയുളളത്. ദീപാവലി ദിവസത്തില്‍ രാവിലെ എട്ടുമുതല്‍ രാത്രി പത്തുമണി വരെ മാത്രമാണ് പടക്കം ഉപയോഗിക്കാന്‍ അനുമതി. ഹരിത പടക്കങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

ദീപാവലി ദിവസം ദേശീയ തലസ്ഥാനത്തെ പുക മൂടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ 38 മോണിറ്ററിംഗ് സ്റ്റേഷനുകളില്‍ ഭൂരിഭാഗവും 300 ന് മുകളില്‍ എക്യുഐ ലെവലുകള്‍ രേഖപ്പെടുത്തി. ശ്രീ അരബിന്ദോ മാര്‍ഗ് (165), ഡിടിയു (198) എന്നിവിടങ്ങള്‍ 'മിതമായ' വിഭാഗത്തിലുമാണ് രേഖപ്പെടുത്തിയത്. പടക്കങ്ങളുടെ നിര്‍മ്മാണം, വില്‍പ്പന, ഉപയോഗം എന്നിവയ്ക്ക് മുമ്പ് പൂര്‍ണ നിരോധനം ഉണ്ടായിരുന്നു

ദീപാവലി സമയത്ത് ഡല്‍ഹി-എന്‍സിആറില്‍ ഗ്രീന്‍ പടക്കങ്ങള്‍ വില്‍ക്കാനും പൊട്ടിക്കാനും ചില വ്യവസ്ഥകളോടെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഗ്രീന്‍ പടക്കങ്ങള്‍ സാധാരണ പടക്കങ്ങളേക്കാള്‍ 30 ശതമാനം കുറവ് മലിനീകരണം മാത്രമേ ഉണ്ടാക്കുന്നുള്ളൂ എന്ന് അവകാശപ്പെടുന്നു. ഈ പടക്കങ്ങളില്‍ ബേരിയം, അലുമിനിയം തുടങ്ങിയ രാസവസ്തുക്കളുടെ അളവ് കുറവാണ്. കൂടാതെ, പൊടിയും പുകയും നിയന്ത്രിക്കുന്നതിനുള്ള അഡിറ്റീവുകളും ഇവയില്‍ ചേര്‍ത്തിട്ടുണ്ട്.