- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ കള്ളത്തോക്കുകള്‍ എത്തിക്കാന്‍ ബീഹാര്‍ മാഫിയ; വാളും വെട്ടുകത്തിയും ഉപേക്ഷിച്ച് തോക്കുകള്‍ കൈയ്യിലെടുത്ത് ലഹരി സംഘങ്ങള്‍; വടക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ തോക്കുകള്‍ വ്യാപകം; തോട്ടക്കുഴല്‍ തുപ്പാക്കിക്ക് വില 25,000 രൂപ മാത്രം; ഇടുക്കിയില്‍ പുതിയ തോക്ക് ലൈസന്‍സ് നല്‍കരുതെന്ന് സ്പെഷ്യല്‍ ബ്രാഞ്ച്
തിരുവനന്തപുരം: സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിനെ നോക്കുകുത്തിയാക്കി കള്ളത്തോക്കുകള്‍ വ്യാപകം. ഇടുക്കിയിലും പാലക്കാടും വയനാടും കള്ളത്തോക്കുകള്‍ അതിര്‍ത്തി കടന്നെത്തിക്കുന്ന പ്രത്യേകസംഘങ്ങളെ നിയന്ത്രിക്കുന്നത് ബീഹാര്‍ മാഫിയ. വനമേഖലകളില്‍ നായാട്ടിനും കഞ്ചാവ് കടത്തുന്നവരും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നത് 25,000 രൂപ വിലയുള്ള തോട്ടക്കുഴല്‍ തോക്ക്. ലഹരി സംഘങ്ങള്‍ വാളും വെട്ടുകത്തിയും ഒഴിവാക്കി തോക്കുകള്‍ വാങ്ങിക്കൂട്ടുന്നതായി സൂചന. ആയിരത്തിലധികം പേര്‍ക്ക് തോക്ക് ലൈസന്‍സുള്ള ഇടുക്കി ജില്ലയില്‍ അത്രത്തോളം തന്നെ കള്ളത്തോക്കുകളും ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പുതിയ ലൈസന്‍സ്് നല്‍കരുതെന്ന് ശുപാര്‍ശ ചെയ്ത് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് വിഭാഗം.
കഴിഞ്ഞയാഴ്ച പാലക്കാട് കല്ലടിക്കോട് രണ്ടുപേര്‍ വെടിയേറ്റു മരിച്ചത് തോട്ടക്കുഴല്‍ തോക്ക് കൊണ്ടാണ്. മരിച്ചയാളുടെ ശരീരത്തില്‍ നിന്നും തോട്ട കൊണ്ടുള്ള ഉപയോഗിക്കാത്ത നിരവധി വെടിയുണ്ടകളും കണ്ടെടുത്തിരുന്നു. വളരെ പ്രൊഫഷണലായ രീതിയില്‍ തയ്യാറാക്കിയ വെടിയുണ്ടകളാണ് പോലീസ് കണ്ടെടുത്തത്. സമാനമായ തോക്കും വെടിയുണ്ടകളും ബീഹാറില്‍ കൊള്ളസംഘങ്ങള്‍ ഉപയോഗിക്കുന്നതാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനോട് യോജിക്കുന്ന കേന്ദ്ര ഇന്‍്റലിജന്‍സ് റിപ്പോര്‍ട്ട് മാസങ്ങള്‍ക്കു മുന്‍പ് തന്നെ സംസ്ഥാനത്തിനു ലഭിച്ചിരുന്നു. ബീഹാറില്‍ നിന്നും വ്യാപകമായി കള്ളത്തോക്കുകള്‍ കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന ഈ റിപ്പോര്‍ട്ടിന്‍െ്റ അടിസ്ഥാനത്തില്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയെങ്കിലും ആയുധക്കടത്ത് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. കേരളത്തിലേക്കുള്ള ആയുധക്കടത്തിനായി ഉത്തരേന്ത്യന്‍ മാഫിയ പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച സൂചന.
ഇത്തരത്തില്‍ കടത്തിക്കൊണ്ടുവന്ന കള്ളത്തോക്കുകള്‍ കേരളത്തിലെ വിവിധ ജില്ലകളിലേക്കു മാറ്റിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. വടക്കന്‍ വനമേഖലകളിലെ നായാട്ട് സംഘങ്ങളും വിവിധ ജില്ലകളിലെ കഞ്ചാവ് കടത്ത് സംഘങ്ങളുമാണ് കള്ളത്തോക്കുകള്‍ വ്യാപകമായി വാങ്ങിക്കൂട്ടുന്നത്. ഹൈറേഞ്ചിലെ തോക്കുനിര്‍മാണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കുടിയേറ്റകാലത്തോളം പഴക്കമുള്ള നാടന്‍തോക്കുകള്‍ പലരുടെയും കൈവശം ഇപ്പോഴുമുണ്ട്. അനധികൃതമായി തോക്കു നിര്‍മ്മിക്കുന്നവരും നിരവധിയുണ്ടായിരുന്നു. പരിശോധനകള്‍ കര്‍ശനമായതോടെ ഇവരെല്ലാം പിന്‍വാങ്ങിയതോടെയാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തോക്കുകള്‍ കേരളത്തിലേക്ക് വ്യാപകമായി എത്തിത്തുടങ്ങിയത്. തമിഴ്നാട്ടില്‍ നിന്നും കള്ളത്തോക്കുകള്‍ എത്താറുണ്ടയിരുന്നെങ്കിലും ഇപ്പോള്‍ ബീഹാറില്‍ നിന്നാണ് കള്ളത്തോക്കുകള്‍ കൊണ്ടുവരുന്നതെന്ന് പോലീസ് പറയുന്നു.
പതിനായിരം രൂപ വിലയുള്ള റിവോള്‍വര്‍ മുതല്‍ 25,000 രൂപ വില വരുന്ന തോട്ടക്കുഴല്‍ തോക്ക് വരെ അനധികൃത വിപണിയില്‍ ലഭ്യമാണ്. നായാട്ട് സംഘങ്ങള്‍ തോട്ടക്കുഴല്‍ തോക്കും ലഹരി സംഘങ്ങള്‍ റിവോള്‍വറുമാണ് വാങ്ങുന്നത്. ഈയ്യം ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വെടിയുണ്ടകളാണ് റിവോള്‍വറില്‍ നിറക്കുന്നത്. ഇടുക്കിയില്‍ ഉടുമ്പന്‍ചോല, ഇടുക്കി, ദേവികുളം, പീരുമേട് താലൂക്കുകളിലായി മാത്രം ആയിരത്തിലേറെ പേര്‍ക്ക് തോക്ക് ലൈസന്‍സുണ്ട്. ഒരു തോക്ക് ലൈസന്‍സിന്റെ പേരില്‍ തന്നെ രണ്ടിലധികം തോക്കുകള്‍ കൈവശം വയ്ക്കുന്നവരും ജില്ലയിലുണ്ട്. വന്‍കിട തോട്ടം ഉടമകള്‍ക്കാണ് തോക്ക് ലൈസന്‍സ് അധികവുമുള്ളത്. എന്നാല്‍, അംഗീകൃത ലൈസന്‍സ് ഉള്ളതിന്‍െ്റ ഇരട്ടിയിലധികം കള്ളത്തോക്കുകള്‍ ജില്ലയിലുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. അതിനാല്‍, പുതിയ ലൈസന്‍സുകള്‍ നല്‍കുന്നത് തല്‍ക്കാലത്തേക്ക്് നിര്‍ത്തിവയ്ക്കണമെന്നും സ്പെഷ്യല്‍ ബ്രാഞ്ച് ഈയ്യിടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് സ്വന്തമായി തോക്ക് ലൈസന്‍സുള്ളത് 7531 പേര്‍ക്കാണ്. ആയിരത്തിലധികം പുതിയ അപേക്ഷകളും കിടപ്പുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ലൈസന്‍സുള്ളത് കോട്ടയം ജില്ലയിലാണ്, 1562 പേര്‍ക്ക്. 1278 പേര്‍ക്ക് ലൈസന്‍സുള്ള എറണാകുളമാണ് രണ്ടാമതുള്ളത്. പുതിയ ലൈസന്‍സ് ലഭിക്കുന്നതിന് ഇപ്പോള്‍ സര്‍ക്കാര്‍ പരിശീലന കോഴ്സ് പാസായിരിക്കണം. തോക്ക് ലൈസന്‍സ് ലഭിക്കാന്‍ ഒട്ടേറെ കടമ്പകള്‍ പിന്നിടണം. വനംവകുപ്പ്, ജില്ലാ പൊലീസ് മേധാവി, റവന്യുവകുപ്പ് എന്നിവരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ തോക്കിനു ലൈസന്‍സ് ലഭിക്കുകയുള്ളൂ. അപേക്ഷകന്‍ വനാതിര്‍ത്തിയിലല്ല താമസിക്കുന്നതെന്നു വനംവകുപ്പ് ഉറപ്പു വരുത്തണം. കേസുകളില്‍ പ്രതിയല്ലെന്നും കുഴപ്പക്കാരനല്ലെന്നും തെളിയിക്കുന്ന റിപ്പോര്‍ട്ട് നല്‍കേണ്ടതു പൊലീസാണ്. എസ്ഐമാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് തള്ളാന്‍ ജില്ലാ പൊലീസ് മേധാവിക്ക് അധികാരമുണ്ട്. അപേക്ഷകന്റെ സാമൂഹിക പശ്ചാത്തലം അന്വേഷിക്കേണ്ടതു തഹസില്‍ദാരാണ്. അപേക്ഷകന്‍ താമസിക്കുന്ന ജില്ലയിലെ ജില്ലാ മജിസ്ട്രേട്ട്, എഡിഎം എന്നിവര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.