- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാളികപ്പുറം ക്ഷേത്രത്തിന് മുന്നില്‍ രാഷ്ട്രപതി തൊഴുതു നില്‍ക്കുന്ന ചിത്രം; ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ദൃശ്യമായി; വിമര്‍ശനത്തിനൊടുവില്‍ എക്സില്‍നിന്ന് പിന്‍വലിച്ച് രാഷ്ട്രപതി ഭവന്‍
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദര്‍ശന സമയത്തെ ഒരു ചിത്രം പിന്‍വലിച്ച് രാഷ്ട്രപതി ഭവന്‍. രാഷ്ട്രപതിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്നാണ് ചിത്രം നീക്കം ചെയ്തത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു മാളികപ്പുറം ക്ഷേത്രത്തില്‍ തൊഴുതു നില്‍ക്കുന്ന ചിത്രമാണ് രാഷ്ട്രപതിഭവന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍വലിച്ചത്. ചിത്രത്തില്‍ ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ദൃശ്യമായിരുന്നു. വിഗ്രഹത്തിന്റെ ചിത്രം എടുത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ചിത്രത്തിനു താഴെ ഒട്ടേറെ വിമര്‍ശന കമന്റുകള്‍ വന്നതോടെ ചിത്രം ഔദ്യോഗിക പേജില്‍ നിന്ന് പിന്‍വലിച്ചു.
തൊഴുതു നില്‍ക്കുന്ന ചിത്രത്തില്‍ ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും വ്യക്തമായ ചിത്രമാണ് ഒഴിവാക്കിയത്. മറ്റു ചിത്രങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ശബരിമല ദര്‍ശനത്തിനു ശേഷം വൈകിട്ട് രാഷ്ട്രപതി തിരുവനന്തപുരത്ത് മടങ്ങിയെത്തി. രാഷ്ട്രപതിയുടെ ബഹുമാനാര്‍ഥം ഗവര്‍ണര്‍ അത്താഴ വിരുന്നൊരുക്കി. 4 ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്.
നാളെ 10.30ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ പ്രതിമ അനാഛാദനം ചെയ്തശേഷം ഉച്ചയ്ക്ക് 12.50ന് ഹെലികോപ്റ്ററില്‍ ശിവഗിരിയിലെത്തി ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ടു 4.15നു പാലാ സെന്റ് തോമസ് കോളജില്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം കുമരകത്തെ റിസോര്‍ട്ടില്‍ താമസിക്കും. 24നു 12നു കൊച്ചി സെന്റ് തെരേസാസ് കോളജിലെ ശതാബ്ദി ആഘോഷ പരിപാടിയില്‍ സംബന്ധിച്ച്, വൈകിട്ടു 4.15നു കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍നിന്നു ഡല്‍ഹിക്കു തിരിക്കും.
ശബരിമല ദര്‍ശനം നടത്തി രാഷ്ട്രപതി
ഇരുമുടിയെടുത്തു പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ തൊഴുത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സന്നിധാനത്ത് തന്ത്രി പൂര്‍ണകുംഭം നല്‍കി രാഷ്ട്രപതിയെ സ്വീകരിച്ചു. ദര്‍ശനത്തിന് ശേഷം വൈകിട്ട് നാലുമണിക്ക് പത്തനംതിട്ടയില്‍ നിന്നും ഹെലിക്കോപ്ടറില്‍ തിരുവനന്തപുരത്തേക്ക് പോയി. ശബരിമലയിലെത്തുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു. രാവിലെ 8 40 ഓടെ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററില്‍ എത്തിയ രാഷ്ട്രപതി റോഡ് മാര്‍ഗ്ഗം പമ്പയിലേക്ക് പോയി. പമ്പ സ്‌നാനത്തിന് ശേഷം കറുത്ത വസ്ത്രം അണിഞ്ഞ് ഗണപതി കോവിലില്‍ നിന്ന് ഇരുമുടി നിറച്ചാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് പുറപ്പെട്ടത്. പ്രത്യേക വാഹനത്തില്‍ 11.45 ഓടെ ശബരിമലയില്‍ എത്തി.
അംഗരക്ഷകന്‍ സൗരഭ് എസ് നായര്‍, പി എസ് ഒ വിനയ് മാത്തൂര്‍, രാഷ്ട്രപതിയുടെ മരുമകന്‍ ഗണേഷ് ചന്ദ്ര എന്നിവരും ഇരുമുടി കെട്ടുമായി രാഷ്ട്രപതിക്ക് ഒപ്പം ഉണ്ടായിരുന്നു. കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. അയ്യപ്പനെ തൊഴുത് ഇരുമുടി സമര്‍പ്പിച്ച് തീര്‍ത്ഥവും പ്രസാദവും സ്വീകരിച്ചു. ആരതി ഒഴിഞ്ഞതല്ലാതെ മറ്റ് വഴിപാടുകള്‍ ഒന്നും നടത്തിയില്ല.
തുടര്‍ന്ന് മാളികപ്പുറത്തും നാഗ ക്ഷേത്രത്തിലും മണിമണ്ഡപത്തിലും നവഗ്രഹ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. താഴെയിറങ്ങി വാവരെയും കണ്ടു തൊഴുതു. ദേവസ്വം ബോര്‍ഡ് കുമ്പിള്‍ തടിയില്‍ കൊത്തിയ അയ്യപ്പശില്പം ഉപഹാരമായി സമര്‍പ്പിച്ചു. ദര്‍ശനം പൂര്‍ത്തിയാക്കി 12.45 ന് മലയിറങ്ങി. രണ്ടരയോടെ പമ്പയില്‍ നിന്ന് തിരിച്ച് പത്തനംതിട്ടയിലെത്തി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് പോയി. വി വി ഗിരിക്ക് ശേഷം അര നൂറ്റാണ്ടിനു ഇപ്പുറം ആണ് ഒരു രാഷ്ട്രപതി ശബരിമലയില്‍ എത്തുന്നത്