കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ ലാലിനും സംസ്ഥാന സര്‍ക്കാരിനും തിരിച്ചടി. ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് കോടതി റദ്ദാക്കി. പുതിയ വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവിലെ നടപടി ക്രമത്തില്‍ വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ നടപടികളില്‍ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു. 2015ലെ സര്‍ക്കാര്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി.

മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍ 2011 ഡിസംബര്‍ 21ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ രണ്ട് ജോടി ആനക്കൊമ്പുകള്‍ കണ്ടെടുത്തതാണു കേസിന് ആധാരം. തുടര്‍ന്ന് ആനക്കൊമ്പുകള്‍ അനധികൃതമായി കൈവശം വച്ചതിന് വനം വകുപ്പ് കേസെടുത്തിരുന്നു.

കേസ് പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ പെരുമ്പാവൂര്‍ കോടതി ഉത്തരവിനെതിരെ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജിയും മോഹന്‍ലാലിനെ നടപടി ആവശ്യപ്പെട്ട് ജെയിംസ് മാത്യു എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു.

തേവരയിലെ വീട്ടില്‍ നിന്നും 2011ല്‍ ആനക്കൊമ്പ് കണ്ടെത്തിയ സംഭവത്തില്‍ മോഹന്‍ലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കിയായിരുന്നു വിചാരണ കോടതി ഉത്തരവ്. അതിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചിരുന്നു.