- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മക്കളുടെ മുന്നില്‍വച്ച് രണ്ട് തവണ കത്തിയെടുത്ത് എന്നെ കുത്താന്‍ വന്നു; ഈ ഒരു പെണ്ണിന്റെ കാര്യം ചോദ്യം ചെയ്തതിനായിരുന്നു അത്; അയാള്‍ക്ക് പല പെണ്ണുങ്ങളുമായി ബന്ധമുണ്ട്; അതിന്റെ ഓഡിയോ ക്ലിപ്പ് എന്റെ കയ്യിലുണ്ട്; റാഷിദ് ശരിക്കും വൈദ്യനല്ല; മയക്ക് മരുന്ന് കച്ചവടമുണ്ട്'; സിപിഎം നേതാവ് മകളെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണം തെറ്റെന്ന് നാഡി വൈദ്യന്‍ റാഷിദിന്റെ ഭാര്യ
കാസര്‍കോട്: ഉദുമയിലെ സിപിഎം നേതാവ് മകളെ വീട്ടുതടങ്കലിലാക്കി ഉപദ്രവിക്കുകയാണെന്ന ആരോപണം തെറ്റെന്ന് നാഡി വൈദ്യന്‍ റാഷിദിന്റെ ഭാര്യ. ഈ യുവതിയെക്കുറിച്ച് ചോദ്യം ചെയ്തതിന് തന്നെ മക്കളുടെ മുന്നില്‍വച്ച് കത്തിയെടുത്ത് കുത്താന്‍ വന്നു. ബെല്‍റ്റ് കൊണ്ട് അടിച്ചു. വായും മൂക്കും ഒക്കെ പൊത്തിയിട്ട് തന്നെ ഉപദ്രവിച്ചുവെന്നും യുവതി വെളിപ്പെടുത്തി. റാഷിദ് ശരിക്കും വൈദ്യനല്ലെന്നും ചികിത്സിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് എവിടെ നിന്നും കിട്ടിയെന്ന് അറിയില്ലെന്നും യുവതി വെളിപ്പെടുത്തി. മയക്കുമരുന്ന് മാഫിയയുമായി റാഷിദിന് ബന്ധമുണ്ട്. ലഹരി കച്ചവടത്തിനായി വൈദ്യചികിത്സ മറയാക്കുന്നുവെന്നും യുവതി പറഞ്ഞു.
യുവതിയുടെ വെളിപ്പെടുത്തല്‍
''സംഗീതയെക്കുറിച്ച് ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു, അവളെ ചികിത്സിക്കുന്ന കാലത്ത്. ഇവളെയാണ് ചികിത്സിക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അവിടെ ഹോസ്പിറ്റലില്‍ വര്‍ക്ക് ചെയ്യുന്നത് എന്നായിരുന്നു പറഞ്ഞിരുന്നത്. ഇയാള്‍ക്ക് പല പെണ്ണുകളുമായുള്ള ബന്ധമുണ്ട്. അതിന്റെ ഓഡിയോ ക്ലിപ്പ് അടക്കമുള്ളത് എന്റെ കയ്യിലുണ്ട്. ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ തമ്മില്‍ അതിന്റെ പേരില്‍ പ്രശ്‌നം ഉണ്ടായിട്ടുണ്ട്. കാസര്‍ഗോട് ഉള്ള ഒരു പെണ്ണുമായിട്ട് ഒരു ബന്ധം ഉണ്ടായിരുന്നു. അങ്ങനെയുള്ള സംഭവം ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഈ സംഭവം നടക്കുന്നത്.
രണ്ട് തവണ കത്തിയെടുത്ത് എന്നെ കുത്താന്‍ വന്നു. ഈ ഒരു പെണ്ണിന്റെ കാര്യം ചോദ്യം ചെയ്തതിനായിരുന്നു അത്. എനിക്ക് ചോദ്യം ചെയ്ത് കൂട. എന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കും. മക്കളുടെ മുന്നില്‍വച്ച് കത്തി എടുത്ത് എന്നെ കുത്താന്‍ വന്നിട്ടുണ്ട്. ഒരിക്കല്‍ ബെല്‍റ്റ് കൊണ്ട് അടിച്ചിട്ടുണ്ട്. വായും മൂക്കും ഒക്കെ പൊത്തിയിട്ട് എന്നെ ഉപദ്രവിച്ചിരുന്നു. വൈദ്യചികിത്സയുടെ മറവില്‍ മയക്ക് മരുന്ന് ഉപയോഗിക്കുമായിരുന്നു. ഞാന്‍ കണ്ടിട്ടുണ്ട്''
നാഡി വൈദ്യനായ റാഷിദ് നീലേശ്വരം കോട്ടപ്പുറം സ്വദേശിയാണ്. റാഷിദാണ് സംഗീതയെ ചികിത്സിച്ചിരുന്നത്. ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നു. റാഷിദ് ശരിക്കുമുള്ള വൈദ്യനല്ല. ചികിത്സിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് എവിടെ നിന്ന് കിട്ടി എന്നത് പുറത്തുവരേണ്ടതുണ്ട്. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ട്. ലഹരി കച്ചവടത്തിനായി വൈദ്യചികിത്സ മറയാക്കുന്നുവെന്നും റാഷിദിന്റെ ഭാര്യ പറയുന്നു. ചന്തേര പൊലീസില്‍ റാഷിദിന്റെ ഭാര്യ നല്‍കിയ കേസില്‍ അന്വേഷണം തുടരുകയാണ്. സ്വര്‍ണാഭരണങ്ങള്‍ കബളിപ്പിച്ച് കൈക്കലാക്കിയെന്നും യുവതി പറയുന്നു.
ഉദുമയിലെ സിപിഎം പ്രാദേശിക നേതാവ് പി.വി. ഭാസ്‌കരന്റെ മകള്‍ സംഗീതയാണ് കഴിഞ്ഞ ദിവസം തന്നെ വീട്ടുതടങ്കലില്‍ പീഡിപ്പിക്കുകയാണെന്ന് പരാതി ഉന്നയിച്ചത്. ഭാസ്‌കരനെതിരെ സംഗീത വിഡിയോ പുറത്തുവിട്ടിരുന്നു. മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിക്കാന്‍ അനുവദിക്കുന്നില്ലെന്നും തന്റെ പണം തട്ടിയെടുക്കാന്‍ പിതാവും സഹോദരനും ശ്രമിക്കുകയാണെന്നുമാണ് സംഗീത ആരോപിച്ചത്. വാഹനാപകടത്തില്‍ പരുക്കേറ്റ് സംഗീതയുടെ അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട നിലയിലാണ്. അതേസമയം അപകട ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് മകളെ ചികിത്സിച്ച വൈദ്യര്‍ വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നതെന്ന് പി.വി. ഭാസ്‌കരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ഭാസ്‌കരന്റെ ആരോപണങ്ങള്‍ വീഡിയോയില്‍ സംഗീത നിഷേധിച്ചു. ''ലക്ഷങ്ങള്‍ ചെലവാക്കിയെന്ന് അച്ഛന്‍ പറയുന്നുണ്ട്. അതിന്റെ കണക്ക് എന്റെ കയ്യിലുണ്ട്. കാലിനെ ക്ഷതം പറ്റിയിട്ടുള്ളൂ. തലയ്ക്കും കണ്ണിനും ഒന്നും പറ്റിയിട്ടില്ല. എല്ലാത്തിന്റെ കണക്കും കയ്യിലുണ്ട്. ആ പണവും എന്റെ തന്നെയാണ്. അതും തെളിയിക്കാന്‍ പറ്റും. എന്നെ സാക്ഷി നിര്‍ത്തിയാണ് എല്ലാവരെയും ഫോണ്‍ വിളിക്കുന്നത്. സഹായിച്ചതിന്റെ പേരിലാണ് വൈദ്യരെ ഉപദ്രവിക്കുന്നത്.'' സംഗീത പുതിയ വിഡിയോയില്‍ പറയുന്നു.
അതേസമയം നല്ല രീതിയില്‍ മകള്‍ക്ക് ചികിത്സ നല്‍കിയെന്ന് ഭാസ്‌കരന്‍ പറഞ്ഞു. ചികിത്സയ്ക്ക് എവിടെ വേണമെങ്കിലും പോകാന്‍ തയാറാണ്. അരയ്ക്കു താഴെ സ്വാധീനമില്ലാത്ത മകളെ വിവാഹം കഴിക്കാമെന്ന് പറയുന്നതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. സ്വത്തും പണവും കൈക്കലാക്കുകയാണ് ലക്ഷ്യം. വ്യാജ വാര്‍ത്തകള്‍ പുറത്തു കൊണ്ടുവന്നതിനു പിന്നില്‍ യുട്യൂബറുടെ പങ്ക് അന്വേഷിക്കണം. വൈദ്യരും യൂട്യൂബറും തമ്മിലുള്ള ബന്ധവും അന്വേഷിക്കണമെന്നും ഭാസ്‌കരന്‍ ആവശ്യപ്പെട്ടു.
നാഡീചികിത്സ നടത്തുന്ന തൃക്കരിപ്പൂര്‍ സ്വദേശിയായ വൈദ്യനെക്കുറിച്ചു സുഹൃത്ത് വഴി അറിഞ്ഞത്. അയാളെ ബന്ധപ്പെട്ടപ്പോള്‍ ചികിത്സിച്ചു ഭേദമാക്കാം എന്ന ഉറപ്പു ലഭിച്ചു. രണ്ടു മാസത്തോളം ഇയാള്‍ വീട്ടില്‍ താമസിച്ച് സംഗീതയെ ചികിത്സിച്ചിരുന്നു. തുടര്‍ന്ന് തൃക്കരിപ്പൂരിലെ കേന്ദ്രത്തിലേക്കു കൊണ്ടുപോയി ചികിത്സിക്കുകയും ചെയ്തു. ചികിത്സയ്‌ക്കെന്ന പേരില്‍ 4 ലക്ഷത്തോളം രൂപയും ഉപകരണങ്ങള്‍ വാങ്ങാനെന്ന പേരില്‍ ഒരു ലക്ഷം രൂപയും ഇയാള്‍ കൈപ്പറ്റി. എന്നാല്‍ സംഗീതയുടെ ആരോഗ്യ നിലയില്‍ മാറ്റമുണ്ടായില്ല. ഇതോടെ സംഗീതയെ വീട്ടിലേക്കു തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് ഇയാളെ വിവാഹം കഴിക്കണമെന്ന ആവശ്യം സംഗീത ഉന്നയിച്ചത്.
ഇതിനു പിന്നാലെ ഇയാളുടെ സുഹൃത്ത് അര്‍ജുന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. ശരിയായ ചികിത്സ നല്‍കുന്നില്ലെന്നും മറ്റും ആരോപിച്ചാണ് കേസ് ഫയല്‍ ചെയ്തത്. ഹൈക്കോടതി കാസര്‍കോട് ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പഴ്‌സനെ എന്റെ വീട്ടിലേക്ക് അയച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. സംഗീതയുടെയും കുട്ടിയുടെയും മൊഴി രേഖപ്പെടുത്തി ചെയര്‍പഴ്‌സന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെ കേസില്‍ കഴമ്പില്ലെന്നു കോടതിക്കു മനസ്സിലായി. തിരിച്ചടിയാകുമെന്നു കണ്ടതോടെ അര്‍ജുന്‍ കേസ് പിന്‍വലിക്കുകയായിരുന്നു. വൈദ്യന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ചെലവിനു നല്‍കാത്തതിനാല്‍ ഭാര്യ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ഭാസ്‌കരന്‍ പറഞ്ഞു. സംഗീതയുടെ അമ്മ ടി.വി. രോഹിണി, സഹോദരന്‍ ടി.വി. സുബിത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
സംഗീതയെ ബ്രെയിന്‍ വാഷ് നടത്തി സ്വന്തമാക്കിയതിനുശേഷം അപകട ഇന്‍ഷുറന്‍സ് തട്ടിയെടുക്കുകയോ ജീവകാരുണ്യത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുകയോ ആണ് വൈദ്യരുടെ ലക്ഷ്യമെന്ന് ബിജെപി കോഴിക്കോട് മേഖലാ പ്രസിഡന്റ് കെ. ശ്രീകാന്ത് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. സംഗീതയുടെ ദൗര്‍ബല്യം മുതലെടുത്ത് ചില രഹസ്യ അജന്‍ഡ നടപ്പിലാക്കാനാണ് വൈദ്യര്‍ പദ്ധതി തയാറാക്കുന്നത്. ഇതിന്റെ പിന്നിലുള്ള മുഴുവന്‍ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
വീട്ടുതടങ്കലിലാക്കി ഉപദ്രവിക്കുകയാണെന്ന പരാതി ഉന്നയിച്ച സംഗീതയെ കൗണ്‍സലിങ് നല്‍കുന്നതിന് പൊലീസ് സംഘം വീട്ടിലെത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയെന്ന് സംഗീത ഇന്നലെ വിഡിയോയില്‍ പറഞ്ഞിരുന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് മേധാവി അറിയിച്ചത്. എന്നാല്‍ വിഡിയോ പുറത്തു വന്നതിനു പിന്നാലെ സംഗീതയ്ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്നാണ് വൈകിട്ടോടെ കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ള സംഘം എത്തിയത്.




