- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനെ നടുക്കി അതിര്‍ത്തിയില്‍ ഇന്ത്യയുടെ ത്രിതല സൈനികാഭ്യാസം; 'ത്രിശൂലി'നെ ഭയന്ന് വ്യോമാതിര്‍ത്തികള്‍ അടച്ച് പാക്കിസ്ഥാന്‍; ഇന്ത്യയുടെ നീക്കം സര്‍ ക്രീക്കിനടുത്തെ പാക്ക് സേന വിന്യാസത്തിന് പിന്നാലെ; ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്ന പാക്കിസ്ഥാന്‍ ഇന്ത്യന്‍ നീക്കത്തെ നോക്കിക്കാണുന്നത് ഭയാശങ്കയോടെ
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കര, നാവിക, വ്യോമ സേനകളുടെ സംയുക്ത സൈനികഭ്യാസത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍ ഥാര്‍ മരുഭൂമി വരെയാണ് മൂന്ന് സേനകളും ഭാഗമാകുന്ന സൈനിക അഭ്യാസമായ തൃശൂല്‍ നടക്കുക. ഇന്ത്യന്‍ നീക്കത്തിന് പിന്നാലെ അഭ്യാസം നടക്കുന്ന മേഖലകളിലൂടെയുള്ള വ്യോമപാതയില്‍ പാകിസ്ഥാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒക്ടോബര്‍ 28, 29 തീയതികളിലെ നോട്ടാമിനുള്ള (നോട്ടീസ് ടു എയര്‍മെന്‍) കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും സൈനികാഭ്യാസവുമായോ അല്ലെങ്കില്‍ ആയുധപരീക്ഷണവുമായോ ബന്ധപ്പെട്ടാകാം പാകിസ്ഥാന്റെ നടപടിയെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയുടെ സൈനികാഭ്യാസത്തിലുള്ള പാകിസ്ഥാന്റെ ആശങ്കയും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിനും കറാച്ചിക്കും ഇടയിലുള്ള തര്‍ക്ക പ്രദേശമായ സര്‍ ക്രീക്കിനടുത്ത്, പാകിസ്ഥാന്‍ സേന വിന്യാസം നടത്തിയും അടിസ്ഥാന സൗകര്യം വികസിപ്പിച്ചും പ്രകോപിപ്പിച്ചതോടെയാണ് സൈനിക അഭ്യാസത്തിന് ഇന്ത്യ തുടക്കം കുറിച്ചത്. രാജസ്ഥാന്‍ ഗുജറാത്ത് സംസ്ഥാനങ്ങളിലെ മരുഭൂമി പ്രദേശങ്ങളിലാണ് അഭ്യാസം. കര, വ്യോമ, നാവിക സേനകള്‍ ഒരുമിച്ചാകും പങ്കെടുക്കുക. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 10 വരെയാണ് പരിപാടി. ഈ ദിവസങ്ങളില്‍ വ്യോമപാത ഒഴിവാക്കാന്‍ പ്രതിരോധ മന്ത്രാലയം വ്യോമയാന അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ നീക്കത്തിന് പിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സേനാവിഭാഗങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ചില വ്യോമപാതകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സര്‍ ക്രീക്കിന് സമീപം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 10 വരെ നടത്താനിരിക്കുന്ന ഒരു വലിയ ത്രിതല സൈനികാഭ്യാസത്തിനായി ഇന്ത്യ നോട്ടാം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ ഈ നീക്കം. ഓപ്പറേഷന്‍ സിന്ദൂര്‍ മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഇത്തരം നിഴല്‍ യുദ്ധങ്ങള്‍ പതിവാണ്. ഇരുരാജ്യങ്ങളും സൈനികാഭ്യാസങ്ങള്‍ക്കായി അതിര്‍ത്തികളില്‍ നോട്ടാമുകള്‍ പുറപ്പെടുവിക്കാറുണ്ട്.
വിശകലന വിദഗ്ധന്‍ ഡാമിയന്‍ സൈമണ്‍ പങ്കുവെച്ച ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം, ത്രിശൂല്‍ അഭ്യാസത്തിനായി നീക്കിവച്ചിരിക്കുന്ന വ്യോമപരിധി 28,000 അടി വരെ വ്യാപിക്കുന്നു. സമീപ വര്‍ഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട സംയുക്ത സൈനികാഭ്യാസങ്ങളിലൊന്നായാണ് ത്രിശൂലിനെ വിശേഷിപ്പിക്കുന്നത്. തിരഞ്ഞെടുത്ത പ്രദേശവും പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയും അസാധാരണമാണ് എന്ന് സൈമണ്‍ എക്‌സ് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
കര, നാവിക, വ്യോമ സേനകള്‍ ഉള്‍പ്പെടുന്ന അഭ്യാസം സേനകളുടെ സംയുക്ത പ്രവര്‍ത്തന ശേഷി, ആത്മനിര്‍ഭരത (സ്വയം പര്യാപ്തത), നൂതനാശയങ്ങള്‍ എന്നിവ പ്രകടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. വൈവിധ്യമാര്‍ന്നതും വെല്ലുവിളി നിറഞ്ഞതുമായ ഭൂപ്രദേശങ്ങളിലെ സംയുക്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സതേണ്‍ കമാന്‍ഡില്‍ നിന്നുള്ള സൈനികര്‍ പങ്കെടുക്കുമെന്നും ക്രീക്ക്, മരുഭൂമി മേഖലകളിലെ ആക്രമണാത്മക നീക്കങ്ങള്‍, സൗരാഷ്ട്ര തീരത്തെ ഉഭയജീവി ഓപ്പറേഷനുകള്‍, സംയുക്ത മള്‍ട്ടി-ഡൊമെയ്ന്‍ ഓപ്പറേഷന്‍ അഭ്യാസങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായും പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
സര്‍ ക്രീക്ക് മേഖലയിലെ ഏതെങ്കിലും തരത്തിലുളള സാഹസങ്ങള്‍ക്കൊരുങ്ങുന്നതിനെതിരെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യ ഈ അഭ്യാസം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. 'സര്‍ ക്രീക്ക് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പാകിസ്ഥാന്‍ ധൈര്യപ്പെട്ടാല്‍, ചരിത്രവും ഭൂമിശാസ്ത്രവും മാറ്റുന്ന തരത്തില്‍ ശക്തമായ മറുപടി നല്‍കും,' ദസറ ദിനത്തില്‍ ഭുജിലെ ഐഎഎഫ് ബേസില്‍ സൈനികരെ അഭിസംബോധന ചെയ്യവെ രാജ്നാഥ് സിങ് പറഞ്ഞു.
ഗുജറാത്തിനും പാകിസ്ഥാനിലെ സിന്ധിനും ഇടയില്‍ ജനവാസമില്ലാത്തതും എത്തിച്ചേരാന്‍ പ്രയാസമുള്ളതുമായ ഒരു ചതുപ്പുനിലമാണ് സര്‍ ക്രീക്ക്. 96 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അഴിമുഖത്തിന്റെ നിയന്ത്രണം പ്രധാന സമുദ്രപാതകളിലേക്കുള്ള പ്രവേശനത്തെ സ്വാധീനിക്കുന്നു, ഇത് സര്‍ ക്രീക്കിനെ സുരക്ഷയ്ക്കും സൈനിക ആസൂത്രണത്തിനും തന്ത്രപരമായി പ്രാധാന്യമുള്ളതാക്കുന്നു. പാകിസ്ഥാന്‍ ഈ പ്രദേശത്ത് സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം ഊര്‍ജിതമാക്കിയിരിക്കുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ് വന്നത്.




