കുമരകം: കുട്ടി കച്ചവടത്തിന് കാരണം കട ബാധ്യത. കുമരകത്തെ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയാണ്. കടബാധ്യത തീര്‍ക്കാന്‍ മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അരലക്ഷം രൂപയ്ക്കു വില്‍ക്കാന്‍ ഇതരസംസ്ഥാന തൊഴിലാളിയായ അച്ഛന്റെ ശ്രമിക്കുകയായിരുന്നു. അമ്മയുടെ കരുതലാണ് ഈ കച്ചവടം പൊളിച്ചത്.

അമ്മയുടെയും നാട്ടുകാരുടെയും ഇടപെടല്‍ നിര്‍ണ്ണായകമായെന്ന് പോലീസ് പറയുന്നു. അങ്ങനെയാണ് അച്ഛനെയും ഇടനിലക്കാരനെയും കുഞ്ഞിനെ വാങ്ങാനെത്തിയവരെയും കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അച്ഛന്‍ ആസാം സ്വദേശിയായ കുദ്ദൂസ് അലി (25), കുഞ്ഞിനെ 50,000 രൂപയ്ക്കു വാങ്ങാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശികളായ ദാനിഷ് ഖാന്‍, (32), അര്‍മാന്‍ (31) എന്നിവരെയാണു കുമരകം, ഇല്ലിക്കല്‍ ഭാഗങ്ങളില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്തത്. നിര്‍മാണത്തൊഴിലാളിയായ ആസാം സ്വദേശിയാണ് ഭാര്യയുടെ എതിര്‍പ്പു മറികടന്ന് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത്. ഇവര്‍ക്ക് അഞ്ചുവയസുള്ള പെണ്‍കുട്ടിയും മൂന്നു മാസം പ്രായമുള്ള ആണ്‍കുട്ടിയുമുണ്ട്. വര്‍ഷങ്ങളായി കുമ്മനത്ത് ജോലിചെയ്യുന്ന കുദ്ദൂസിന് അരലക്ഷം രൂപ കടമുണ്ടായിരുന്നു. ഭാര്യയും കുട്ടികളും ഒന്നര മാസം മുമ്പു വരെ പെരുമ്പാവൂരിലാണു താമസിച്ചിരുന്നത്. കുമ്മനത്ത് ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന യുപി സ്വദേശിയായ ഇടനിലക്കാരന്‍ മുഖേന കുഞ്ഞിനെ വില്‍ക്കാന്‍ നീക്കം നടത്തുകയായിരുന്നു.

കുട്ടിയുടെ അച്ഛന്‍ ജോലിക്കൊന്നും പോകാതെ വീട്ടിലിരിക്കുന്ന ആളാണ്. സമീപത്തു താമസിക്കുന്ന മറ്റ് അതിഥിത്തൊഴിലാളികളില്‍ നിന്നു കടംവാങ്ങി ചീട്ടുകളിയും ലോട്ടറിയെടുപ്പുമായിരുന്നു പ്രധാന പരിപാടികള്‍. കഴിഞ്ഞ മൂന്നു മാസമായി കുമ്മനം മടക്കണ്ടയിലുള്ള അഷറഫിന്റെ വാടകവീട്ടിലാണ് ഇയാളുടെ താമസം. ഈ വീട്ടില്‍ മറ്റു 12 പേര്‍ കൂടി താമസിക്കുന്നുണ്ട്. എല്ലാവരും നിര്‍മാണത്തൊഴിലാളികളാണ്. കൂടെ താമസിക്കുന്നവരുടെ ചെലവിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. പിന്നീട് ഭാര്യയെയും മക്കളെയും ഇയാള്‍ ഇവിടെ എത്തിച്ചെങ്കിലും അവരുടെ ചെലവുകള്‍ നോക്കിയിരുന്നതും മറ്റുള്ളവരായിരുന്നു. പലരില്‍നിന്നും പണം കടം വാങ്ങിയിരുന്നു. കടം കൊടുത്തവര്‍ പ്രശ്‌നമുണ്ടാക്കുമെന്നതിനാലാണു കുഞ്ഞിനെ വിറ്റ് കടം വീട്ടാന്‍ ഇയാള്‍ തീരുമാനമെടുത്തത്.

ഈരാറ്റുപേട്ടയില്‍ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന യുപി സ്വദേശിയായ ദാനിഷ് ഖാനാണ് കുഞ്ഞിനെ വാങ്ങാനെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ 12 പേരടങ്ങുന്ന സംഘമാണ് കുമ്മനത്തെ വീട്ടില്‍ താമസിക്കുന്നത്. കുട്ടിയുടെ അമ്മ ഒഴികെയുള്ളവര്‍ ജോലിക്കു പോയപ്പോള്‍ രണ്ടുപേര്‍ കുട്ടിയെ ആവശ്യപ്പെട്ട് എത്തിയെങ്കിലും നല്‍കിയില്ല. ഈ വിവരം ഇവര്‍ കുട്ടിയുടെ അച്ഛന്‍ ജോലി ചെയ്യുന്ന വാര്‍ഡ് മെംബര്‍ ബുഷ്റ തല്‍ഹത്തിനെ അറിയിച്ചു. ഇതോടെ കരാറുകാരന്‍ ഇക്കാര്യം പോലീസില്‍ അറിയിക്കുകയുമായിരുന്നു.

കുട്ടിയെ ലഭിക്കുന്നതിനായി യുപി സ്വദേശി 1000 രൂപ കുദ്ദൂസ് അലിയെ ഏല്‍പ്പിച്ചിരുന്നു. യുപി സ്വദേശിക്ക് മൂന്നു പെണ്‍കുട്ടികളാണുള്ളത്.ആണ്‍കുട്ടികള്‍ ഇല്ലാത്തതിനാലാണ് ഇയാള്‍ കുട്ടിയെ വാങ്ങാനെത്തിയത്. ഇതിന്റെ ഭാഗമായി യുപിയില്‍നിന്ന് ഇയാളുടെ ഭാര്യയെയും മറ്റു മക്കളെയും കോട്ടയത്ത് എത്തിച്ചിരുന്നു. ഇന്നലെ രാവിലെ തന്നെ കുഞ്ഞിനെ വാങ്ങാന്‍ അര്‍മാന്‍ എത്തി. ഇയാള്‍ ഈരാറ്റുപേട്ടയിലാണ് ജോലി ചെയ്യുന്നത്. നേരത്തേ 2 തവണ ഇവര്‍ ആണ്‍കുഞ്ഞിനെ കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെങ്കിലും അവസാന നിമിഷം പാളിയിരുന്നു. അതിനാല്‍ ഇത്തവണ കൂടുതല്‍ ശ്രദ്ധയോടെയും രഹസ്യസ്വഭാവത്തോടെയുമായിരുന്നു നീക്കങ്ങള്‍. രാവിലെ വീട്ടിലെത്തി പിതാവിനെക്കണ്ട് ബാക്കി പണം കൈമാറി കുട്ടിയുമായി പോകാനായിരുന്നു ലക്ഷ്യം.

അസം സ്വദേശികളില്‍നിന്നു വിവരം ലഭിച്ച അന്‍സില്‍, പഞ്ചായത്തംഗം മുഷ്‌റ തല്‍ഹത്ത്, മുന്‍ പഞ്ചായത്തംഗം തല്‍ഹത്ത് അയ്യന്‍കോയിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരും പൊലീസും വീട്ടിലെത്തി കുഞ്ഞിന്റെ പിതാവിനെ രാവിലെ തന്നെ പിടികൂടി. വീട് വാടകയ്ക്കു നല്‍കിയ അഷറഫും ഇവര്‍ക്കൊപ്പം നിന്നു. കുഞ്ഞിന്റെ പിതാവില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാടകവീടിനു തൊട്ടടുത്തുള്ള ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് ദാനിഷിനെ പിടികൂടിയത്. അര്‍മാന്‍ പ്രദേശത്തുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കിയെങ്കിലും അപ്പോള്‍ കണ്ടുകിട്ടിയില്ല. ഇതിനിടെ സംഭവസ്ഥലത്തുനിന്നു 3 കിലോമീറ്റര്‍ മാറി വഴിയരികില്‍നിന്ന് അര്‍മാനെ പൊലീസ് കണ്ടെത്തുകയായിരുന്നു.

കുഞ്ഞിനെ കാണാനായി മോഹ്ദ് ദാനിഷും, അര്‍മാനും ശനിയാഴ്ച കുമ്മനത്തെ വീട്ടിലെത്തി. എന്നാല്‍ അമ്മയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇവര്‍ തിരികെ മടങ്ങി. സമീപം താമസിക്കുന്ന തൊഴിലാളികള്‍ ജോലിക്ക് പോയശേഷം ഇന്നലെ രാവിലെ കുട്ടിയെ കൊണ്ടുപോകാന്‍ എത്തണമെന്ന് പിതാവ് പറയുന്നത് അമ്മ ഇതിനിടയില്‍ കേട്ടു. ഉടന്‍ അന്യസംസ്ഥാന തൊഴിലാളികളായ അര്‍ഷാദ് ഹക്ക്, ഷെയ്ക്ക് ഹമീദ് എന്നിവരെ വിവരം അറിയിച്ചു. ഇവരില്‍ നിന്ന് ഇക്കാര്യമറിഞ്ഞ കോണ്‍ട്രാക്ടര്‍ കുമ്മനം സ്വദേശി അന്‍സില്‍ സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനെയും അറിയിച്ചു. തുടര്‍ന്ന് പൊലീസ് അന്‍സിലിനെ ബന്ധപ്പെടുകയും സ്ഥലത്ത് എത്തുകയുമായിരുന്നു.

കുമരകം എസ്എച്ച്ഒ കെ.ഷിജിയുടെ നേതൃത്വത്തില്‍ എസ്‌ഐ ഒ.ആര്‍.ബസന്ത്, എഎസ്‌ഐമാരായ റോയി, ബൈജു, ജോസ്, എസ്സിപിഒ സജയകുമാര്‍, സിപിഒമാരായ സുമോദ്, ജിജോഷ്, എ.എസ്.അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.