- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജമൈക്കയെ വിഴുങ്ങി മെലീസ കൊടുങ്കാറ്റ്; മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഭയാനക കൊടുങ്കാറ്റും കണ്ട് ഞെട്ടി കരീബിയന്‍ ദ്വീപ് രാജ്യം; ലോകം എമ്പാടും നിന്നുമെത്തിയ ടൂറിസ്റ്റുകള്‍ മുറിയടച്ച് ഹോട്ടലിലില്‍; 24 മണിക്കൂറില്‍ പെയ്തത് തീവ്ര മഴ: ജമൈക്ക നേരിടുന്നത് ലോകം ഇന്നേവരെ കണ്ട ഏറ്റവും ശക്തമായ കൊടുങ്കാറ്റ്
ജമൈക്കയിലെ കനത്ത മഴയിലും ശക്തമായ കാറ്റിലും പെട്ടുപോയ നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ക്ക് മുറികള്‍ക്കുള്ളില്‍ അടച്ചുപൂട്ടി കഴിയേണ്ടിവന്നു. ലോകം ഇന്ന് വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നാശകാരിയായ കൊടുങ്കാറ്റാണ് ജമൈക്കയില്‍ ആഞ്ഞടിച്ചത്. ഈ ചെറിയ കരീബിയന്‍ ദ്വീപ് രാഷ്ട്രത്തില്‍ 24 മണിക്കൂറിനുള്ളില്‍ 40 ഇഞ്ച് മഴ പെയ്തിറങ്ങിയപ്പോള്‍ പലയിടങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി. ഇതിനോടകം തന്നെ വടക്കന്‍ കരീബിയയില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ മെലീസ് കൊടുങ്കാറ്റ് ഇന്നലെ രാവിലെയാണ് ജമൈക്കയെ സ്പര്‍ശിച്ചത്.
കാറ്റഗറി 4 ല്‍ പെടുന്ന നാശകാരിയായ കൊടുങ്കാറ്റ് ജമൈക്കയില്‍ എത്തിയപ്പോഴേക്കും കൂടുതല്‍ ശക്തിപ്രാപിച്ച് കാറ്റഗറി 5 ല്‍ എത്തിയിരുന്നു. രാജ്യത്തിനായി താന്‍ പ്രാര്‍ത്ഥിക്കുകയാണെന്നാണ് പ്രകൃതിയുടെ താണ്ഡവം നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്ന ജമൈക്കന്‍ പ്രധാനമാന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ്സ് പറഞ്ഞത്. ദ്വീപില്‍ അങ്ങോളമിങ്ങോളമായി 900 അഭയാര്‍ത്ഥി ക്യാമ്പുകളാണ് രൂപീകരിച്ചിരിക്കുന്നത്. ആളുകളോട് വീടുകള്‍ ഉപേക്ഷിച്ച് ക്യാമ്പുകളില്‍ അഭയം തേടാന്‍ ആവശ്യപ്പെട്ടിരുന്നു. കിംഗ്സ്റ്റണ്‍ ഉള്‍പ്പടെ ഏഴോളം തെക്കന്‍ മേഖലകളില്‍ ആളുകളെ ഒഴിപ്പിച്ചിരുന്നു.
ബ്രിട്ടീഷുകാരും അമേരിക്കക്കാരും ഉള്‍പ്പടെ ഒഴിവുകാലം ആസ്വദിക്കാന്‍ ജമൈക്കയിലെത്തിയ നിരവധിപേര്‍ക്കാണ് കൊടുങ്കാറ്റിന്റെ തിക്തഫലം അനുഭവിക്കേണ്ടതായി വന്നത്. പലര്‍ക്കും നാളെ, ബുധനാഴ്ച വരെയെങ്കിലും ഹോട്ടല്‍മുറികളില്‍ തന്നെ കഴിയേണ്ടതായി വരും എന്നാണ് അറിയാന്‍ കഴിയുന്നത്. കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായതോടെ കൂടുതല്‍ ഇടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായേക്കും എന്ന മുന്നറിയിപ്പും വരുന്നുണ്ട്. പല വിമാന സര്‍വ്വീസുകളും റദ്ദാക്കപ്പെട്ടതിനാല്‍, വിനോദസഞ്ചാരികളില്‍ പലരും തിരികെ മടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലുമാണ്.
ജമൈക്കയില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാര്‍ ഹറികെയ്ന്‍ ഷെല്‍റ്ററുകളില്‍ അഭയം തേടണമെന്ന നിര്‍ദ്ദേശം ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് നല്‍കിയിരുന്നു. തദ്ദേശ അഥോറിറ്റികളുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കണമെന്ന നിര്‍ദ്ദേശവും അതില്‍ ഉണ്ട്. പാക്കേജ് ട്രിപ്പുകളില്‍ ഉള്ളവര്‍ തങ്ങളുടെ ഏജന്റുമാരുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മെലീസ കൊടുങ്കാറ്റിന്റെ ഗതിവിഗതികള്‍ ബ്രിട്ടന്‍ സസൂക്ഷ്മം നിരീകഷിക്കുകയാണെന്ന് പറഞ്ഞ വിദേശകാര്യ സെക്രട്ടറി യുവറ്റ് കൂപ്പര്‍, ജമൈക്കന്‍ വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെട്ടെന്നും, എല്ലാ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. അധികം വൈകാതെ തന്നെ ഇത് മനുഷ്യ ചരിത്രത്തിലെ ഒരു വലിയ പ്രതിസന്ധിയായി മാറുമെന്നാണ് അക്യു വെതറിലെ മുഖ്യ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജോനാഥന്‍ പോര്‍ട്ടര്‍ പറയുന്നത്. ലോക രാജ്യങ്ങളില്‍നിന്നും വലിയ രീതിയിലുള്ള സഹായങ്ങള്‍ ജമൈക്കയ്ക്ക് ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് മെലീസ എന്നും ജോനാഥന്‍ പോര്‍ട്ടര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ 40 ഇഞ്ച് കനത്തില്‍ വരെ മഴ ലഭിച്ചപ്പോള്‍, പടിഞ്ഞാറന്‍ മേഖലയില്‍ 16 ഇഞ്ച് വരെ മഴ ലഭിച്ചു. പലയിടങ്ങളിലും നാശകാരികളായ മണ്ണിടിച്ചിലുകളും ഉണ്ടായിട്ടുണ്ട്. രാജ്യത്തിന് ഒരു കാറ്റഗറി 5 കൊടുങ്കാറ്റിനെ അതിജീവിക്കാന്‍ കഴിയുമോ എന്ന സംശയത്തിലാണ് താനെന്ന് പ്രധാനമന്ത്രി പറയുന്നു. ഇന്ന് രാത്രി ക്യൂബയ്ക്ക് മുകളിലൂടെ നീങ്ങുന്ന മെലീസ് നാളെ ബഹാമസില്‍ ആഞ്ഞടിക്കും.
വളരെ സാവധാനം നീങ്ങുന്ന ചുഴലിക്കൊടുങ്കാറ്റ് ഹൈത്തിയില്‍ ഇതിനോടകം തന്നെ ചുരുങ്ങിയത് മൂന്ന് പേരുടെയെങ്കിലും മരണത്തിന് കാരണമായിട്ടുണ്ട്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഒരാളും മരണമടഞ്ഞു. ഇവിടെ ഒരു 13 കാരനെ കാണാതായിട്ടുമുണ്ട്. കൊടുങ്കാറ്റിന്റെ നീക്കം സാവധാനത്തില്‍ ആയതിനാല്‍ ഇത് ബാധിക്കുന്ന പ്രദേശങ്ങളില്‍ നാശത്തിന്റെ തീവ്രത കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജമൈക്കയിലെ കിംഗ്സ്റ്റണില്‍ നിന്നും 125 മൈല്‍ തെക്ക് പടിഞ്ഞാറും, ക്യൂബയിലെ ഗ്വണ്ടാനാമോയില്‍ നിന്നും 310 മൈല്‍ തെക്ക് പടിഞ്ഞാറും ആയാണ് ഞായറാഴ്ച രാത്രി മെലീസ രൂപംകൊണ്ടത്.
മണിക്കൂറില്‍ 150 മൈല്‍ വരെയായിരുന്നു കാറ്റിന്റെ പരമാവധി വേഗത. ഇതിന്റെ കേന്ദ്രഭാഗം മണിക്കൂറില്‍ 5 മൈല്‍ വേഗതയില്‍ പടിഞ്ഞാറോട്ട് നീങ്ങുകയാണ്. മണിക്കൂറില്‍ 175 മൈല്‍ വരെ ഇതിന് വേഗത കൈവരിക്കാനാകുമെന്നും വിദഗ്ധര്‍ പറയുന്നു.




