- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നെഞ്ചില്‍ ക്യൂ.ആര്‍. കോഡ് പിന് ചെയ്ത് 'വധുവിന്റെ പിതാവ്'; വിവാഹത്തിന് അതിഥികളില്‍ നിന്ന് പണം വാങ്ങുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; പേടിഎമ്മിന്റെ ഔദ്യോഗിക പേജില്‍ പോലും വീഡിയോ; ആലുവ സ്വദേശി വല്ലാതെ വിഷമത്തില്‍; യഥാര്‍ഥത്തില്‍ സംഭവിച്ചത് ഇങ്ങനെ
'നെഞ്ചില്‍ ക്യൂ.ആര്‍. കോഡ് പിന് ചെയ്ത് 'വധുവിന്റെ പിതാവ്'
ആലുവ: എന്തിനും ഏതിനും ഇപ്പോള്‍ യുപിഐ പെയ്‌മെന്റാണ്. സംഗതി വളരെ എളുപ്പമാണ്. സമയലാഭം. എടിഎമ്മില്‍ പോകേണ്ട പൊല്ലാപ്പോ, കാര്‍ഡ് സൈ്വപ്പ് ചെയ്യേണ്ട മിനക്കേടോ ഇല്ല. അയയ്‌ക്കേണ്ട ആളുകളുടെ പേരോ, കൃത്യമായ യുപിഐ ഐഡിയോ, ഫോണ്‍ നമ്പരോ, ബാങ്ക് അക്കൗണ്ട് നമ്പരോ, അറിയാമെങ്കില്‍ നിമിഷം കൊണ്ട് പണി കഴിയും. ഈ സംഗതി ഉള്ളത് കൊണ്ട് കയ്യില്‍ നിന്ന് കാശ് കൂടുതലായി ചെലവായി പോകുന്നു എന്ന സങ്കടം ഒഴിച്ചാല്‍ സൗകര്യമാണ്. വിവാഹ ചടങ്ങുകളില്‍ സമ്മാനത്തിന് പകരം ക്യൂ ആര്‍ കോഡ് വച്ച് പണം സ്വീകരിക്കുന്ന പരിപാടിയൊക്കെ തെറ്റെന്ന് പറയാനാവില്ല. വിവാഹത്തിനും മറ്റു ചടങ്ങുകള്‍ക്കും പേരെഴുതി പണം സമ്മാനമായി നല്‍കുന്ന പതിവ് കേരളത്തില്‍ പലയിടത്തും ഉണ്ടുതാനും. പക്ഷേ വിവാഹത്തിന് എത്തുന്നവരില്‍ നിന്ന് ക്യു ആര്‍ കോഡ് വച്ച് പണം വാങ്ങുന്നുവെന്ന വീഡിയോ വന്നതോടെ ആകെ വിഷമത്തിലായിരിക്കുകയാണ് ആലുവ സ്വദേശി അബ്ദുള്‍ ലത്തീഫ്.
നവവധുവിന്റെ പിതാവ് നെഞ്ചില്‍ ക്യൂ.ആര്‍. കോഡും വെച്ച് അതിഥികളില്‍ നിന്ന് വിവാഹ സമ്മാനമായി പണം സ്വീകരിക്കുന്നു എന്ന തരത്തിലാണ് വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. കേരളത്തിലെ ഒരു വിവാഹ വീടിനെക്കുറിച്ചുള്ള വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ പോലും ഏറ്റെടുത്തതോടെ സംഭവം വലിയ ചര്‍ച്ചയായി. പേടിഎമ്മിന്റെ ഔദ്യോഗിക പേജില്‍ പോലും ഈ വിഡിയോ എത്തി. എന്നാല്‍, പ്രചരിച്ച വാര്‍ത്തകളും വീഡിയോയും അബ്ദുള്‍ ലത്തീഫിനെ വേദനിപ്പിച്ചു.
ലത്തീഫിന്റെ സഹോദരന്റെ മകന്റെ വിവാഹ ദിവസമാണ് സംഭവം. തമാശ രൂപേണ റീല്‍സ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് താന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ക്യൂ.ആര്‍. കോഡ് വെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ചില അതിഥികള്‍ ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് അയ്യായിരം രൂപ വരെ സമ്മാനമായി അയച്ചെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവാഹത്തിനെത്തുന്നവരില്‍ നിന്ന് പണം വാങ്ങുന്നു എന്ന തരത്തില്‍ വിഡിയോ പ്രചരിച്ചതോടെ വലിയ മാനസിക സംഘര്‍ഷമാണ് ലത്തീഫിനും കുടുംബത്തിനും നേരിടേണ്ടി വന്നത്. വിഡിയോ പകര്‍ത്തിയ കൂട്ടത്തിലൊരാളാണ് ഇത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.




