- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു സിനിമ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് രോഹിത് ആര്യ വിളിച്ചിരുന്നു; ആളുകള്‍ ബന്ദിയാക്കപ്പെടുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ വിവരിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്'; മുംബൈയില്‍ കുട്ടികളെ ബന്ദിയാക്കിയ പുനെ സ്വദേശിയായ സംവിധായകനെക്കുറിച്ച് മറാഠി നടിയുടെ വെളിപ്പെടുത്തല്‍
മുംബൈ: പതിനേഴോളം കുട്ടികളേയും രണ്ട് മുതിര്‍ന്നവരേയും ബന്ദികളാക്കി മണിക്കൂറോളം മുംബൈ നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പൂനെ സ്വദേശിയായ സംവിധായകനെ കഴിഞ്ഞ ദിവസം വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട രണ്ടു കോടി രൂപയ്ക്കുവേണ്ടിയാണ് ഇയാള്‍ കുട്ടികളെ ബന്ദികളാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം പുറത്തുവിട്ട വീഡിയോയില്‍ ചിലരോട് തനിക്ക് സംസാരിക്കാനുണ്ടെന്നും അവരുടെ മറുപടിക്കും ചോദ്യങ്ങള്‍ക്കും മറു ചോദ്യങ്ങളുണ്ടെന്നും പ്രതി കുട്ടികളെ ബന്ദികളാക്കിക്കൊണ്ട് പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു. ഇത് ആരോടാണ് എന്താണ് കാര്യം എന്നതൊന്നും വീഡിയോയില്‍ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇത് സര്‍ക്കാരുമായി ബന്ധപ്പെട്ട പദ്ധതിയെച്ചൊല്ലിയായിരുന്നു കുട്ടികളെ ബന്ദികളാക്കിക്കൊണ്ടുള്ള വിലപേശലിലേക്ക് നീങ്ങിയതെന്നാണ് വിവരം.
അതേ സമയം കൊല്ലപ്പെട്ട രോഹിത് ആര്യയെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മറാഠി നടി രുചിത ജാദവ്. ഒരു സിനിമ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് രോഹിത് ആര്യ വിളിച്ചിരുന്നെന്നും തലനാരിഴയ്ക്കാണു താന്‍ രക്ഷപ്പെട്ടതെന്നും രുചിത ജാദവ് പറയുന്നു. ആളുകള്‍ ബന്ദിയാക്കപ്പെടുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങളുള്ള സിനിമയെക്കുറിച്ചാണ് രോഹിത് ആര്യ വിളിച്ച് സംസാരിച്ചതെന്ന് രുചിത ജാദവ് വിശദീകരിച്ചു.
''ഒക്ടോബര്‍ 27, 28, 29 തീയതികളില്‍ ഏതെങ്കിലും ഒരുദിവസം പവായിലെ ആര്‍എ സ്റ്റുഡിയോയില്‍ കാണാന്‍ പറ്റുമോയെന്നു ചോദിച്ച് ഈ മാസം 23നു രോഹിത് വിളിച്ചിരുന്നു. 28നു കാണാമെന്ന് ഞാന്‍ ഉറപ്പും നല്‍കി. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാല്‍ അന്നു കാണാന്‍ സാധിച്ചില്ല. 30ലെ ബന്ദി നാടകത്തെക്കുറിച്ചു കേട്ടപ്പോള്‍ ഞെട്ടിപ്പോയി'' സമൂഹമാധ്യമത്തിലൂടെയാണു രുചിത ജാദവ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രോഹിത് ആര്യ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്ത സംരംഭകനും കണ്‍സല്‍റ്റന്റുമായിരുന്നെന്നു സ്ഥിരീകരിച്ചിരുന്നു. കുട്ടികളെ ബന്ദികളാക്കിയ രോഹിത് ആര്യ, 'മാജി ശാല, സുന്ദര്‍ ശാല' എന്ന സ്‌കൂള്‍ വികസനപദ്ധതിയുടെ ക്രെഡിറ്റ് സര്‍ക്കാര്‍ നിഷേധിച്ചുവെന്നാരോപിച്ച് നേരത്തെ പ്രതിഷേധിച്ചിരുന്നു. ആര്യ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ തനിക്ക് പണംവേണ്ടെന്നും ചില ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നും പറഞ്ഞിരുന്നു. എന്നാല്‍, തന്റെ ആവശ്യങ്ങളുടെ കൃത്യമായ സ്വഭാവമോ പ്രവൃത്തികള്‍ക്ക് പിന്നിലെ ഉദ്ദേശ്യമോ ഇയാള്‍ വ്യക്തമാക്കിയില്ല.
പദ്ധതികള്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ തനിക്കു രണ്ട് കോടി രൂപയുടെ കുടിശിക നല്‍കാനുണ്ടെന്നു ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച അദ്ദേഹം മുന്‍ വിദ്യാഭ്യാസ മന്ത്രി ദീപക് കേസര്‍ക്കറിന്റെ വസതിക്കു മുന്‍പില്‍ നിരാഹാര സമരം അടക്കമുള്ള പ്രതിഷേധങ്ങളും നടത്തിയിരുന്നു.
മഹാരാഷ്ട്ര സര്‍ക്കാര്‍ തന്റെ യഥാര്‍ഥ ആശയമായ 'മാജി ശാല, സുന്ദര്‍ ശാല' നടപ്പിലാക്കിയതിന് തനിക്ക് അര്‍ഹമായ അംഗീകാരമോ പ്രതിഫലമോ നല്‍കാതെയാണെന്ന് ആര്യ ആരോപിച്ചിരുന്നു. 'ലെറ്റ്സ് ചേഞ്ച്' എന്ന സിനിമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തന്റെ ഈ ആശയമെന്നും രോഹിത് പറഞ്ഞിരുന്നു. തന്റെ ആശയം മാത്രമല്ല, ഈ സിനിമയുടെ അവകാശവും സര്‍ക്കാര്‍ തട്ടിയെടുത്തെന്ന് ഇയാള്‍ അവകാശപ്പെട്ടു. ജോലിപൂര്‍ത്തിയാക്കാന്‍ അവര്‍ തന്നെ ഉപയോഗിച്ചു, പക്ഷേ അതിനുശേഷം അവര്‍ എന്നെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്ന് ഇയാള്‍ കുറ്റപ്പെടുത്തിയിരുന്നു.
രോഹിത്തിനു സര്‍ക്കാര്‍ പണം നല്‍കാനുണ്ടെന്നതു അദ്ദേഹത്തിന്റെ ഭാര്യ അഞ്ജലി ആര്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ഒട്ടേറെ തവണ സര്‍ക്കാര്‍ വാതിലുകള്‍ മുട്ടിയിട്ടും പരിഹാരമില്ലാതെ വന്നതോടെ നിരാശനായ രോഹിത്, സിനിമാ സ്‌റ്റൈലില്‍ ബന്ദി നാടകം നടത്തി പണം നേടിയെടുക്കാനാണു ശ്രമിച്ചതെന്നാണു പൊലീസില്‍നിന്നു ലഭിക്കുന്ന സൂചന. അന്വേഷണം മുംബൈ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പവായിലെ സ്റ്റുഡിയോയില്‍ വിദ്യാര്‍ഥികളെ ബന്ദികളാക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത രോഹിത് വ്യാഴാഴ്ചയാണു പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.




