പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി കേസ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ എന്‍ വാസുവിലേക്ക്. എന്നാല്‍ അന്വേഷണം അട്ടിമറിക്കാനും അണിയറ നീക്കമുണ്ട്. ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ സ്വാധീനം അസാധ്യമാണ്. അപ്പോഴും ചില കേന്ദ്രങ്ങള്‍ കളികള്‍ തുടരുന്നു. ഹൈക്കോടതിയുടെ അടുത്ത സിറ്റിംഗ് കേസില്‍ നിര്‍ണ്ണായകമാണ്. ഇതിന് മുമ്പ് അറസ്റ്റിലായ മുരാരി ബാബുവില്‍ നിന്നും കൂടുതല്‍ വിവരം തേടും. ഉന്നതരെ കുടുക്കുന്ന മൊഴി ഉണ്ണികൃഷ്ണന്‍ പോറ്റിയും നല്‍കി. മൂന്നാമതായി അറസ്റ്റിലായ മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ 14 വരെ റിമാന്‍ഡിലാണ്. പാളികളില്‍ സ്വര്‍ണം പൊതിഞ്ഞെന്ന് സുധീഷ് കുമാറിന് അറിവുണ്ടായിട്ടും ചെമ്പുപാളിയെന്ന് രേഖയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡുറിപ്പോര്‍ട്ടിലുണ്ട്.

സുധീഷ് കുമാറിന്റെ മൊഴികളിലെ തെളിവുകള്‍ അടിസ്ഥാനമാക്കിയ തുടരന്വേഷണം, ദേവസ്വം ബോര്‍ഡിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരം പ്രവര്‍ത്തിച്ചുവെന്നാണ് സുധീഷ്‌കുമാര്‍ ക്രൈംബ്രാഞ്ചിനു മൊഴിനല്‍കിയത്. താന്‍ മാത്രമല്ല, അന്നത്തെ ദേവസ്വം ബോര്‍ഡ് ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും ഇതില്‍ ഇടപെട്ടിരുന്നുവെന്നും മേല്‍ത്തട്ടില്‍ നിന്നുണ്ടായ നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നും സുധീഷ്‌കുമാര്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലില്‍ അന്വേഷണസംഘത്തോടു വെളിപ്പെടുത്തി. ദേവസ്വം ബോര്‍ഡ് കമ്മീഷണറും മുന്‍ പ്രസിഡന്റുമായിരുന്നു വാസു. വാസുവിന്റെ വിശ്വസ്തനായിരുന്നു സുധീഷ് കുമാര്‍. ഈ സാഹചര്യത്തില്‍ സിപിഎം നേതാവായ സുധീഷ് കുമാറിന്റെ വെളിപ്പെടുത്തലിന് മാനങ്ങള്‍ പലതാണ്.

പാളികള്‍ അഴിച്ചുമാറ്റുമ്പോള്‍ തിരുവാഭരണം കമ്മിഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല. ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളികളെ ചെമ്പുപാളികളെന്ന് എഴുതുകയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തുവിടാം എന്ന് ബോര്‍ഡിന് തെറ്റായ ശുപാര്‍ശക്കത്ത് നല്‍കുകയും ചെയ്തു. മഹസ്സറുകളിലും വെറും ചെമ്പുതകിടുകള്‍ എന്ന് രേഖപ്പെടുത്തി. മഹസ്സര്‍ തയ്യാറാക്കിയ സമയത്ത് സ്ഥലത്തില്ലാതിരുന്നവരുടെ പേരുകള്‍കൂടി ഉള്‍പ്പെടുത്തിയെന്നും ഉണ്ണിക്കൃഷ്ണന്‍പോറ്റിക്ക് സ്വര്‍ണം കൈവശപ്പെടുത്താന്‍ അവസരമൊരുക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരത്ത് അറസ്റ്റിലായ സുധീഷ് കുമാറിനെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയിലാണ് ഹാജരാക്കിയത്. കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച അപേക്ഷ നല്‍കും. ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരുടെ മൊഴിയില്‍ സുധീഷിനെതിരേ പരാമര്‍ശങ്ങളുണ്ടായിരുന്നു.

രേഖകളില്‍ സ്വര്‍ണം പൂശിയ പാളികള്‍ എന്ന പരാമര്‍ശം ഒഴിവാക്കിയതും മേലുദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശപ്രകാരമാണെന്നാണ് മൊഴി. എക്‌സിക്യുട്ടീവ് ഓഫീസര്‍ മാത്രം വിചാരിച്ചാല്‍ ഇത്തരമൊരു മാറ്റം രേഖകളില്‍ വരുത്താന്‍ കഴിയില്ലെന്നും അന്ന് ഏല്‍പ്പിച്ച ജോലി മാത്രമാണ് നിര്‍വഹിച്ചതെന്നുമാണ് സുധീഷ്‌കുമാറിന്റെ മറുപടി. ഈ സമയം എ പത്മകുമാറായിരുന്നു ദേവസ്വം പ്രസിഡന്റ്. എന്നാല്‍ അതിനു മുകളിലായിരുന്നു ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസു. സ്ത്രീ പ്രവേശന വിവാദത്തില്‍ അടക്കം വാസു നിര്‍ണ്ണായക റോളെടുത്തു. കമ്മീഷണര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വാസു ദേവസ്വം പ്രസിഡന്റായി. ഈ സമയം മറ്റു ചില കേസുകള്‍ സുധീഷ് കുമാറിനെതിരെ എത്തി. അതിന് ശേഷവും തന്റെ പിഎയായി സുധീഷ് കുമാറിനെ ഇരുത്തുകയായിരുന്നു വാസു.

സ്വര്‍ണം പൂശിയ പാളികള്‍ ഉണ്ണികൃഷ്ണന്‍പോറ്റിക്കു കൈമാറിയത് ദേവസ്വം ബോര്‍ഡില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ്. ഓരോഘട്ടത്തിലും ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്കു കൈമാറിയിരുന്നു. രേഖകള്‍ അപ്പോള്‍ത്തന്നെ മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. അവരാരും ചെമ്പുപാളികള്‍ എന്ന് എഴുതിയത് തിരുത്തിയില്ല, എതിര്‍ത്തതുമില്ല. നടപടികള്‍ എല്ലാവരും അറിഞ്ഞിരുന്നു. സ്വര്‍ണം പൂശിയ പാളികള്‍ കൈമാറിയ സമയത്തു നടന്ന ചര്‍ച്ചകളുടെയും നടപടികളുടെയും വിശദാംശങ്ങളും സുധീഷ്‌കുമാര്‍ അന്വേഷണസംഘത്തിനു മുന്നില്‍ വിവരിച്ചു.

അന്നത്തെ ദേവസ്വം ഭരണാധികാരികളിലേക്കും കമ്മിഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരിലേക്കും ഇതുപ്രകാരം അന്വേഷണം നീളും. സുധീഷ്‌കുമാറിന്റെ മൊഴി വിശകലനം ചെയ്യാനും ലഭിച്ച തെളിവുകളുമായി ഒത്തുനോക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.