കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം. അഫ്ഗാന്റെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മസാര്‍-ഇ ഷെരീഫിന് സമീപം ഇഇന്ന് പുലര്‍ച്ചെയോടെയാണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തില്‍ ഏഴു പേര്‍ മരിക്കുകയും 150 അധികം പേര്‍ക്ക് പരിക്കേറ്റതായും യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റവരെ എല്ലാം വിവിധ ആശുപത്രികളിലേക്ക് മാറ്റി. മസാര്‍-ഇ ഷെരീഫ് നഗരത്തിന് സമീപം 28 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

ഏകദേശം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് മസാര്‍-ഇ ഷെരീഫില്‍ താമസിക്കുന്നത്. ഇവിടെ കനത്ത നാശനഷ്ടങ്ങള്‍ക്കും വ്യാപക ദുരന്തത്തിനും സാധ്യതയുള്ളതായി യുഎസ്ജിഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മസാര്‍-ഇ ഷെരീഫ് പ്രവിശ്യയിലെ എല്ലാ ജില്ലകളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ താഴേക്ക് വീണതായും എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. എങ്കിലും ഈ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഭൂചലനത്തില്‍ വീടുകള്‍ തകരുമെന്ന് ഭയന്ന് നിരവധിപേര്‍ തെരുവുകളിലേക്ക് ഓടിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. മസാര്‍-ഇ-ഷെരീഫിന്റെ പ്രധാന ലാന്‍ഡ്മാര്‍ക്കായ ബ്ലൂ മോസ്‌കിന് സമീപം നിലത്ത് അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതായി എക്‌സില്‍ പ്രചരിക്കുന്ന വിഡിയോയില്‍ കാണാം. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കാബൂളിലെ താലിബാന്‍ പൊലീസ് വക്താവ് ഖാലിദ് സദ്രാന്‍ എക്സില്‍ കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പര്‍വതപ്രദേശങ്ങളിലുണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി അഫ്ഗാനിസ്ഥാനിലും സമീപത്തുള്ള ഹിമാലയന്‍ മേഖലയിലും ഭൂചലന പ്രവര്‍ത്തനങ്ങളില്‍ ആശങ്കാജനകമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.