അഹമ്മദാബാദ്: അഹമ്മദാബാദിലെ എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കയറിയ വിശ്വാസ്‌കുമാര്‍ രമേഷിനെ ഒര്‍മയില്ലേ... 241 പേര്‍ കൊല്ലപ്പെട്ട വിമാനത്തില്‍നിന്ന് രക്ഷപ്പെട്ട ഒരേയൊരു മനുഷ്യന്‍. കത്തിച്ചാമ്പലായ വിമാനത്തില്‍ നിന്നും മുടന്തി നടന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രിയിലേക്കു പോയ വിശ്വാസ് കുമാറിനെ മറക്കാന്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ട ഒരു മനുഷ്യര്‍ക്കും കഴിയില്ല. വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ്‌കുമാര്‍ യുകെയിലുള്ള ലസ്റ്ററിലെ വീട്ടില്‍ വിശ്രമത്തിലാണ്.

വിമാനാപകടം തന്നെ മാനസികമായും ശാരീരികമായും തകര്‍ത്തതായി ബിബിസിയോട് വെളിപ്പെടുത്തിയിരിക്കുകയാണ് വിശ്വാസ് കുമാര്‍. ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ഇപ്പോഴും തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ വിശ്വസിക്കാനാവുന്നില്ല. അപകടത്തിന്റെ മാനസികാഘാതം മാറിയിട്ടില്ലെന്നും ഇപ്പോഴും താന്‍ ട്രോമയിലാണെന്നും വിശ്വാസ് കുമാര്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അപകട ശേഷം മുറിയില്‍ തന്നെ കഴിച്ചു കൂട്ടുകയാണ്. കുടുംബാംഗങ്ങളോട് പോലും ശരിയായി സംസാരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ ബാധിച്ചു. നടക്കാനോ വാഹനമോടിക്കാനോ കഴിയുന്നില്ലെന്നും കാല്‍മുട്ടിനും തോളിനും കഠിനമായ വേദനയുണ്ടെന്നും വിശ്വാസ് കുമാര്‍ പറയുന്നു.

അപകടത്തില്‍ സഹോദരന്‍ അജയ് കുമാര്‍ മരിച്ചു. സഹോദരന്റെ മരണം തീര്‍ത്ത ആഘാതം ഇനിയും മാറിയിട്ടില്ല. തന്റെ നട്ടെല്ലായിരുന്ന സഹോദരന്റെ മരണത്തോടെ വിദേശത്തെ ബിസിനസ് തകര്‍ന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി എന്നെ എന്തിനും പിന്തുണച്ചിരുന്നത് അവനായിരുന്നെന്നു വിശ്വാസ് കുമാര്‍ പറയുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ ബാധിച്ചതോടെ ജീവിതം ദുരിതത്തിലായി. ഭാര്യയോടും നാല് വയസ്സുള്ള മകനോടും സംസാരിക്കാനാകുന്നില്ല. ഒറ്റയ്ക്ക് ഇരിക്കും, ആരോടും സംസാരിക്കാനാവുന്നില്ലെന്നും വിശ്വാസ് പറയുന്നു.

''ഞാന്‍ ആരോടും അധികം സംസാരിക്കുന്നില്ല. എനിക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. രാത്രി മുഴുവന്‍ ഓരോ ചിന്തകളാണ്. മാനസികമായി വളരെ കഷ്ടപ്പെടുന്നുണ്ട്. കുടുംബത്തിനും ഓരോ ദിവസവും വേദനാജനകമാണ്'' വിശ്വാസ് കുമാര്‍ പറയുന്നു. രാത്രിയില്‍ ഞെട്ടി ഉണരാറുണ്ട്. മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടിയതായും കുടുംബം പറയുന്നു.

കാലിലും തോളിലും കാല്‍മുട്ടിലും പുറംഭാഗത്തും വേദനയാണ്. ജോലി ചെയ്യാനോ വാഹനമോടിക്കാനോ കഴിയുന്നില്ല. ശരിയായി നടക്കാനും കഴിയുന്നില്ലെന്നും രമേഷ് പറഞ്ഞു. എയര്‍ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരം നല്‍കിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് രമേഷിന്റെ വീട്ടുകാര്‍ പറയുന്നത്.