- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 - News
 - /
 - SPECIAL REPORT
 
ലോകകപ്പ് ജയത്തോടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഫോളോവേഴ്‌സിന്റെ തള്ളിക്കയറ്റം; പിന്നാലെ കുതിച്ചുയര്‍ന്ന് ജെമീമയുടെയും സ്മൃതിയുടെയും ബ്രാന്‍ഡ് മൂല്യം; ലോകകപ്പിന് മുന്‍പ് 75 ലക്ഷം വാങ്ങിയ ജെമീമക്ക് ഇപ്പോള്‍ ഒന്നരക്കോടി
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പ് കീരീടം നേടി ചരിത്രനേട്ടം സ്വന്തമാക്കിയതോടെ ബിസിസിഐയും സംസ്ഥാന സര്‍ക്കാരുകളുമെല്ലാം താരങ്ങള്‍ക്ക് കോടികളാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാന, ദീപ്തി ശര്‍മ, ഷഫാലി വര്‍മ തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഫോളോവേഴ്‌സ് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ചിലരുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഇരട്ടിയോ മൂന്നിരട്ടിയോ വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളുടെ ബ്രാന്‍ഡ് മൂല്യത്തിലും വമ്പന്‍ കുതിപ്പ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ലോകകപ്പ് വിജയം ആരാധകര്‍ക്കിടയില്‍ താരങ്ങളുടെ സ്വീകാര്യത വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ വിവിധ ബ്രാന്‍ഡുകളുമായി സഹകരിക്കുന്നതിനുള്ള താരങ്ങളുടെ കരാര്‍ തുകയില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെയുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിരവധി ബ്രാന്‍ഡുകളാണ് സഹകരണത്തിനായി ഇവരെ സമീപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഏജന്‍സികളില്‍ അന്വേഷണം വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബ്രാന്‍ഡ് സഹകരണത്തിനായുള്ള താരങ്ങളുടെ ഫീസിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 25 മുതല്‍ 30 ശതമാനം വരെയാണ് ഫീസിലെ വര്‍ധനവ്.
ഓസ്ട്രേലിയയ്‌ക്കെതിരായ സെമിഫൈനലില്‍ 127 റണ്‍സ് നേടി ടീമിനെ ഫൈനലിലെത്തിച്ച പ്രകടനത്തിലൂടെ ലോക ശ്രദ്ധ നേടിയ ജെമീമ റോഡ്രിഗസിന്റെ ബ്രാന്‍ഡ് മൂല്യം 100 ശതമാനം വര്‍ധിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ജെമീമയുടെ കരാറുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സിയായ ജെഎസ്ഡബ്ല്യു സ്പോര്‍ട്‌സിലെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ കരണ്‍ യാദവാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഓസീസിനെതിരായ മത്സരം പൂര്‍ത്തിയായതിനു പിന്നാലെ വന്‍തോതിലുള്ള ബ്രാന്‍ഡ് സഹകരണ അന്വേഷണങ്ങളാണ് തങ്ങള്‍ക്ക് വന്നതെന്നും കരണ്‍ യാദവ് ചൂണ്ടിക്കാട്ടി. നിലവില്‍ 10-12 വിഭാഗങ്ങളിലുള്ള ബ്രാന്‍ഡുകളുമായി ചര്‍ച്ചയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
75 ലക്ഷം മുതല്‍ 1.5 കോടി രൂപ വരെയാണ് ജെമീമ ഇപ്പോള്‍ ബ്രാന്‍ഡ് സഹകരണത്തിനായി ഈടാക്കുന്ന തുകയെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയാണ്. എച്ച്യുഎല്ലിന്റെ റെക്‌സോണ ഡിയോഡറന്റ്, നൈക്കി, ഹ്യുണ്ടായ്, ഹെര്‍ബലൈഫ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഗള്‍ഫ് ഓയില്‍, പിഎന്‍ബി മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെ 16 ബ്രാന്‍ഡുകളുമായി ഇപ്പോള്‍ തന്നെ സ്മൃതി സഹകരിക്കുന്നുണ്ട്. ഒരു ബ്രാന്‍ഡില്‍ നിന്നുമാത്രം രണ്ടു കോടിയോളം രൂപയാണ് താരം ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.




