ലണ്ടന്‍: മുംബൈയില്‍ നിന്നും ലണ്ടന്‍ ഹീത്രൂവിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തിനുള്ളില്‍ 12 കാരിയെ ലൈംഗിക ചുവയോടെ കയറിപ്പിടിച്ച 34 കാരനായ ജാവേദ് ഇനാംദാറിന് കോടതി 21 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. തന്റെ ഭാര്യയാണെന്ന് കരുതിയായിരുന്നു പിടിച്ചതെന്നാണ് ഒരു ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍ കൂടിയായ ജാവേദ് വാദിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14 ന് ആയിരുന്നു സംഭവം നടന്നത്. ഒന്നു രണ്ട് തവണ കുട്ടിയുടെ കൈകളില്‍ തുടര്‍ച്ചയായി സ്പര്‍ശിച്ചുകൊണ്ട് പരിശോധന നടത്തിയതിന് ശേഷമായിരുന്നു ഇയാള്‍ കയറി പിടിച്ചത്.

ഉറങ്ങുകയായിരുന്ന കുട്ടി ഞെട്ടി ഉണര്‍ന്ന് പാതിരാത്രി നിലവിളിക്കുകയും, ഇയാളോട് അകന്ന് മാറിയിരിക്കാന്‍ ഉച്ചത്തില്‍ വിളിച്ചു പറയുകയും ചെയ്തു. ഇത് കേട്ടെത്തിയ വിമാന ജീവനക്കാര്‍ ക്യാബിന്‍ ക്രൂവിനെ വിവരമറിയിച്ചതായും ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതിയില്‍ ബോധിപ്പിച്ചു. തന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചു എന്നാണ് രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ ജാവേദ് വിമാനജീവനക്കാരോട് പറഞ്ഞത്. മുംബൈ സ്വദേശിയായ ജാവേദിന് യു കെയില്‍ സ്ഥിരതാമസത്തിനുള്ള അനുമതിയില്ല. കേസ് വിചാരണ വേളയില്‍ നിബന്ധനകളോടെ ജാമ്യത്തിലിറങ്ങിയ ഇയാള്‍ക്ക് അയാാളുടെ തൊഴിലുടമകളായിരുന്നു താമസ സൗകര്യമൊരുക്കിയത്.

ഇയാള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചെങ്കിലും, 13 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ അനുവാദം കൂടാതെ സ്പര്‍ശിച്ചു എന്ന കുറ്റത്തില്‍ ജൂറി ഇയാള്‍ക്ക് ശിക്ഷ വിധിക്കുകയായിരുന്നു. ചാര നിറത്തിലുള്ള ജയില്‍ യൂണിഫോം ധരിച്ച് കോടതിയില്‍ എത്തിയ ഇയാള്‍ ഒരു ഹിന്ദി പരിഭാഷകന്റെ സഹായത്തോടെയായിരുന്നു കോടതിയില്‍ സംസാരിച്ചത്. ജാവേദ് മറ്റൊരു രാജ്യത്തു നിന്നും വരുന്ന വ്യക്തിയാണെന്നും തൊഴിലുടമകള്‍ ഈയാളെ സഹായിച്ചതിനാലാണ് ഇയാള്‍ക്ക് ജാമ്യം കിട്ടിയതെന്നും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി.

ബ്രിട്ടനില്‍ ജാമ്യത്തില്‍ ഉള്ള സമയത്ത് ജയിലിനകത്ത് ഉള്ളതിനേക്കാള്‍ നിയന്ത്രണങ്ങള്‍ ഉണ്ടെന്നും, ഇയാള്‍ക്ക് തന്റെ ഭാര്യയേയും മക്കളെയും കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. ഇയാള്‍ക്ക് ബ്രിട്ടനില്‍ താമസിക്കാന്‍ ഒരു അവകാശവുമില്ലെന്നും, ശിക്ഷ മരവിപ്പിക്കുകയാണെങ്കില്‍, തൊട്ടടുത്ത നിമിഷം ഇയാള്‍ നാട് വിടുമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇയാള്‍ക്കായി സര്‍ക്കാര്‍ ചെലവിലായിരുന്നു അഭിഭാഷകനെ ഏര്‍പ്പാടാക്കിയത്. എന്നാല്‍, അക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചുകൊണ്ടാണ് പതിവിലും കുറഞ്ഞ ശിക്ഷ വിധിച്ചത് എന്നായിരുന്നു കോടതിയുടെ പ്രതികരണം.