- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ന്യൂയോര്‍ക്കിലെ പുതുതലമുറയ്ക്ക് നന്ദി; നമ്മള്‍ ഒരു രാഷ്ട്രീയ രാജവംശത്തെയാണ് അട്ടിമറിച്ചത്; ഇനി ഇസ്ലാമോഫോബിയ പടര്‍ത്തി തെരഞ്ഞെടുപ്പ് ജയിക്കുന്ന നഗരമായിരിക്കില്ല; ഒരു മുസ്ലീമായതിന്റെ പേരില്‍ ക്ഷമ ചോദിക്കില്ല'; ന്യൂയോര്‍ക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരുമെന്നും മംദാനി; 'ധൂം മച്ചാലെ... വിജയപ്രസംഗത്തിന് പിന്നാലെ 'ബോളിവുഡ് ട്വിസ്റ്റും'
ന്യൂയോര്‍ക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരുമെന്നും മംദാനി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ ചരിത്രം കുറിച്ച് പുതിയ മേയറായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ തന്റെ ആദ്യ പ്രസംഗം ലോകത്തിന്റെ ശ്രദ്ധയില്‍. ന്യൂയോര്‍ക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറും, ആദ്യത്തെ ഇന്ത്യന്‍ - അമേരിക്കന്‍ മേയര്‍ എന്ന നിലയിലാണ് അദ്ദേഹം റെക്കോര്‍ഡ് സ്ഥാപിച്ചത്. ന്യൂയോര്‍ക്ക് വോട്ടര്‍മാര്‍ മാറ്റത്തിനായുള്ള ജനവിധിയും ഒരു പുതിയ രാഷ്ട്രീയത്തിനായുള്ള ജനവിധിയും നല്‍കിയിട്ടുണ്ടെന്നാണ് മംദാനി പറഞ്ഞത്. രാഷ്ട്രീയ അന്ധകാരത്തിന്റെ ഈ നിമിഷത്തില്‍ ന്യൂയോര്‍ക്ക് വെളിച്ചമായിരിക്കും. വെളിച്ചം വീണ്ടും പ്രകാശിപ്പിക്കാന്‍ ഞങ്ങള്‍ അക്ഷീണം പ്രവര്‍ത്തിക്കും. സുരക്ഷയും നീതിയും പരസ്പരം കൈകോര്‍ക്കുമെന്നും സൊഹ്‌റാന്‍ മംദാനി പ്രസംഗത്തിലൂടെ വ്യക്തമാക്കി. അതേ സമയം മംദാനിയുടെ വിജയവും രണ്ട് ഡെമോക്രാറ്റുകള്‍ സ്റ്റേറ്റ് ഗവര്‍ണര്‍മാരായതും, 2026ലെ മിഡ് ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് ഭരണകൂടത്തിനേറ്റ കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നുണ്ട്.
വിജയപ്രസംഗത്തില്‍ മംദാനി തന്റെ രാഷ്ട്രീയം വ്യക്തമാക്കുകയും, ഡൊണാള്‍ഡ് ട്രംപിനും നഗരത്തിലെ അധികാരാധിപത്യത്തിനും ശക്തമായ താക്കീത് നല്‍കുകയും ചെയ്തു. ''ഇന്ന് ന്യൂയോര്‍ക്ക് ഒരു പുതിയ കാലഘട്ടത്തിലേക്ക് കാല്‍വെക്കുകയാണ്. ഭയത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തിന് പകരം പ്രതീക്ഷയുടെയും നീതിയുടെയും രാഷ്ട്രീയമാണ് നമുക്ക് മുന്നില്‍. എന്റെ മുസ്ലിം വ്യക്തിത്വം ഒരിക്കലും മറച്ചുവെക്കേണ്ട കാര്യമല്ല. അത് എനിക്ക് കരുണയും നീതിയും പഠിപ്പിക്കുന്നു.''
തന്റെ കുടിയേറ്റ പശ്ചാത്തലത്തെക്കുറിച്ചും അദ്ദേഹം അഭിമാനത്തോടെ സംസാരിച്ചു. ''കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഞാന്‍ വെല്ലുവിളിക്കുന്നു. ന്യൂയോര്‍ക്ക് നഗരം കുടിയേറ്റക്കാരാല്‍ നിര്‍മിതമായതാണ്, അവരാല്‍ തന്നെയാണ് അത് മുന്നോട്ടു പോകുന്നതും. ഇനി, എന്റെ ഈ ചരിത്ര വിജയത്തോടെ, ഒരു കുടിയേറ്റക്കാരനാണ് അതിനെ നയിക്കുന്നത്.''
'സുഹൃത്തുക്കളേ, നമ്മള്‍ ഒരു രാഷ്ട്രീയ രാജവംശത്തെയാണ് അട്ടിമറിച്ചത്. ആന്‍ഡ്രൂ ക്യൂമോയ്ക്ക് സ്വകാര്യ ജീവിതത്തില്‍ നന്മ മാത്രം ഉണ്ടാകട്ടയെന്ന് ഞാന്‍ ആശംസിക്കുന്നു. എന്നാല്‍ പലരെയും ഉപേക്ഷിക്കുകയും ചുരുക്കം ചിലര്‍ക്ക് മാത്രം ഉത്തരം നല്‍കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയത്തിലേക്ക് നമ്മള്‍ തിരിയുമ്പോള്‍, ഇന്ന് രാത്രി അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കുന്നത് അവസാനമായിരിക്കട്ടെ,' മംദാനി പറഞ്ഞു.
'ന്യൂയോര്‍ക്കിലെ പുതുതലമുറയ്ക്ക് നന്ദി. ഞങ്ങള്‍ നിങ്ങളായതിനാല്‍... ഇനി നിങ്ങള്‍ക്ക് വേണ്ടി പോരാടും. ന്യൂയോര്‍ക്ക് നഗരം ഈ നിമിഷം മുതല്‍ വീണ്ടും ശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു, ഞങ്ങള്‍ ഇത്രയും കാലം ശ്വാസം അടക്കിപ്പിടിച്ച് ഇരിപ്പായിരുന്നു. ന്യൂയോര്‍ക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരും. കുടിയേറ്റക്കാര്‍ നിര്‍മിച്ച, കുടിയേറ്റക്കാര്‍ കരുത്തേകിയ, ഇന്ന് രാത്രി മുതല്‍ ഒരു കുടിയേറ്റക്കാരന്‍ നയിക്കുന്ന ഒരു നഗരം. ഞങ്ങള്‍ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് ഉറച്ച വിശ്വാസമുണ്ട്. നിങ്ങള്‍ ഒരു കുടിയേറ്റക്കാരനായാലും, ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ അംഗമായാലും, ഡൊണാള്‍ഡ് ട്രംപ് ഫെഡറല്‍ ജോലിയില്‍ നിന്ന് പുറത്താക്കിയ നിരവധി കറുത്ത സ്ത്രീകളില്‍ ഒരാളായാലും, പലചരക്ക് സാധനങ്ങളുടെ വില കുറയാന്‍ കാത്തിരിക്കുന്ന ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയായാലും, അല്ലെങ്കില്‍ മതില്‍ക്കെട്ടിന് പുറംതിരിഞ്ഞു നില്‍ക്കുന്ന മറ്റാരായാലും, നിങ്ങളുടെ പോരാട്ടം ഞങ്ങളുടേത് കൂടിയാണ്,' മംദാനി പറഞ്ഞു.
'അമ്മേ... അച്ഛാ... നിങ്ങളുടെ മകനായിരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ ചെറുപ്പമാണ്. ഞാന്‍ ഒരു മുസ്ലീമാണ്. ഒരു മുസ്ലീമായതിന്റെ പേരില്‍ ക്ഷമ ചോദിക്കാന്‍ ഞാന്‍ തയ്യാറല്ല. ഇസ്ലാമോഫോബിയ പടര്‍ത്തി തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയുന്ന ഒരു നഗരമായി ന്യൂയോര്‍ക്ക് ഇനി ഒരിക്കലുമുണ്ടാകില്ല. ഡൊണാള്‍ഡ് ട്രംപ് വഞ്ചിച്ച ഒരു രാജ്യത്തെ എങ്ങനെ പരാജയപ്പെടുത്താമെന്ന് ആര്‍ക്കെങ്കിലും കാണിച്ചുതരാന്‍ കഴിയുമെങ്കില്‍, അത് അദ്ദേഹത്തെ വളര്‍ത്തിയത് ഈ ന്യൂയോര്‍ക്ക് നഗരമാണ്,' മംദാനി പറഞ്ഞു.
ന്യൂയോര്‍ക്ക് മേയറായ ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും മംദാനി ഉദ്ധരിച്ചു. 'പഴയതില്‍ നിന്ന് പുതിയതിലേക്ക് നാം കാലെടുത്തു വയ്ക്കുന്ന, ഒരു യുഗം അവസാനിക്കുന്ന, വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുന്ന ഒരു നിമിഷം, ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രമേ വരൂ,' മംദാനി പറഞ്ഞു.
ട്രംപിന്റെ വെല്ലുവിളികളെ തകര്‍ത്തുകൊണ്ട് മംദാനി നേടിയ ഈ ഉജ്ജ്വല വിജയത്തെ അദ്ദേഹത്തിന്റെ അമ്മയും വിഖ്യാത സംവിധായികയുമായ മീരാ നായരും ബോളിവുഡും ആവേശത്തോടെയാണ് ഏറ്റെടുത്തത്. മകന്‍ ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ മേയറായതിന്റെ സന്തോഷം മീരാ നായര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിറയെ മകനുള്ള ആശംസകളും അഭിനന്ദനങ്ങളും കൊണ്ട് അവര്‍ നിറച്ചു.
വിജയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും അനുമോദനങ്ങളും അടങ്ങിയ നിരവധി പോസ്റ്റുകള്‍ അവര്‍ തന്റെ ഇന്‍സ്റ്റാഗ്രാം 'റീഷെയര്‍' വഴി പങ്കുവെച്ചു. മീരാ നായരെ കൂടാതെ, സംവിധായിക സോയ അക്തര്‍ അടക്കമുള്ള ബോളിവുഡിലെ പ്രമുഖരും മംദാനിയെ അഭിനന്ദിച്ചെത്തി. ന്യൂയോര്‍ക്കിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് യുവാവ് 'ധൂം മച്ചാലെ'യുടെ ഈണത്തില്‍ അധികാരത്തിലേക്ക് നടന്നു കയറുമ്പോള്‍, അത് അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഒരു പുതിയ തുടക്കമായി മാറുകയാണ്.
'ബോളിവുഡ് ട്വിസ്റ്റ്'
ഫലപ്രഖ്യാപനത്തിന് ശേഷമുള്ള മംദാനിയുടെ ആദ്യ പ്രസംഗത്തിന് നല്‍കിയ 'ബോളിവുഡ് ട്വിസ്റ്റ്' ആയിരുന്നു. വിജയപ്രസംഗം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ, അന്തരീക്ഷത്തെ ഇളക്കിമറിച്ച് ബോളിവുഡ് ചിത്രം 'ധൂം' സിനിമയിലെ സൂപ്പര്‍ഹിറ്റ് ടൈറ്റില്‍ ഗാനം 'ധൂം മച്ചാലെ' മുഴങ്ങി! ആവേശം നിറഞ്ഞ ആ നിമിഷങ്ങളില്‍, മംദാനി ആരാധകരെ നോക്കി കൈവീശി അഭിവാദ്യം ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഭാര്യ രാമ ദുവാജിയെ ആലിംഗനം ചെയ്തു. പിന്നാലെ അദ്ദേഹത്തിന്റെ മാതാപിതാക്കളായ, ഉഗാണ്ടന്‍ പണ്ഡിതന്‍ മഹ്‌മൂദ് മംദാനിയും ലോകപ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീരാ നായരും അദ്ദേഹത്തോടൊപ്പം വേദിയില്‍ ചേര്‍ന്നു.
വിജയവേദിയില്‍ 'ധൂം മച്ചാലെ' പ്ലേ ചെയ്യുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വന്‍ തരംഗമായി മാറിയിരിക്കുകയാണ്. മംദാനിയുടെ 'അവിശ്വസനീയമായ പ്രഭാവം' എന്നാണ് ഒരു എക്‌സ് (X) ഉപയോക്താവ് ഈ രംഗത്തെ വിശേഷിപ്പിച്ചത്, . അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ച യുവനേതാവ്, തന്റെ സാംസ്‌കാരിക വേരുകളോടുള്ള സ്‌നേഹം പ്രകടിപ്പിച്ച രീതി ശ്രദ്ധേയമായി.




