'ലോര്‍ഡ് ഓഫ് ദ റിംഗ്സ്' എന്ന വിഖ്യാത സിനിമയിലെ ഭീമാകാരനായ ഷെലോബ് എന്ന ചിലന്തിയുടെ വാസസ്ഥലം ഓര്‍മയില്ലേ? അതിനെ അനുസ്മരിപ്പിക്കുന്ന രൂപകല്‍പ്പനയുള്ള ലോകത്തിലെ ഏറ്റവും വലിയ ചിലന്തി വല കണ്ടെത്തി. 111,000 -ത്തിലധികം ചിലന്തികളുടെ 'ഭീകര നഗരം' എന്ന് വിശേഷിപ്പിക്കാം. ചിലന്തികളെ പേടിയുള്ളവര്‍ അങ്ങോട്ട് നോക്കാതിരിക്കുന്നതാണ് നല്ലത്.




പ്രകൃതിയുടെ വിസ്മയകരമായ കണ്ടെത്തലുകളില്‍ ഒന്നായി, ലോകത്തിലെ ഏറ്റവും വലിയ ചിലന്തി വലയാണ് ജീവ ശാ-സ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. അല്‍ബേനിയന്‍-ഗ്രീക്ക് അതിര്‍ത്തിയിലെ 'സള്‍ഫര്‍ കേവ്' എന്നറിയപ്പെടുന്ന ഗുഹയുടെ ആഴങ്ങളില്‍ കണ്ടെത്തിയ ഈ ഭീമാകാരമായ വല ഏകദേശം 1,140 ചതുരശ്ര അടി (106 ചതുരശ്ര മീറ്റര്‍) വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുകയാണ്.


ആയിരക്കണക്കിന് ഫണല്‍ (funnel) രൂപത്തിലുള്ള വലകള്‍ കൂട്ടിച്ചേര്‍ന്നാണ് ഈ കൂറ്റന്‍ സംവിധാനം രൂപപ്പെട്ടിരിക്കുന്നത്. സള്‍ഫര്‍ കേവിനുള്ളില്‍, ഗുഹയുടെ പ്രവേശന കവാടത്തില്‍ നിന്ന് ഏകദേശം 50 മീറ്റര്‍ (164 അടി) ഉള്‍വശത്താണ് ഈ അത്ഭുതകരമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.




ഈ ഭീമന്‍ വലയില്‍ രണ്ട് വ്യത്യസ്ത ഇനം ചിലന്തികളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഒന്ന്, 'ടെഗനേറിയ ഡോമെസ്റ്റിക്ക' (Tegenaria domestica) അഥവാ സാധാരണയായി വീടുകളില്‍ കാണുന്ന ഹൗസ് സ്‌പൈഡര്‍. മറ്റൊന്ന്, 'പ്രൈനെറിഗോണ്‍ വാഗന്‍സ്' (Prinerigone vagans) എന്ന ചെറിയ, ഈര്‍പ്പം ഇഷ്ടപ്പെടുന്ന ഒരിനം ചിലന്തിയാണ്. ഈ ചെറിയ ചിലന്തിക്ക് വെറും 3 മില്ലിമീറ്റര്‍ മാത്രം നീളമാണുള്ളത്.

വിവിധയിനം ചിലന്തികള്‍ ഒരുമിച്ച് ഒരു വലയില്‍ കൂട്ടമായി ജീവിക്കുന്നത് ഇതാദ്യമായാണ് ശാസ്ത്രലോകം രേഖപ്പെടുത്തുന്നത്. കണക്കുകള്‍ പ്രകാരം, ഏകദേശം 69,000 ഹൗസ് സ്‌പൈഡറുകളും 42,000-ല്‍ അധികം പ്രൈനെറിഗോണ്‍ വാഗന്‍സ് ഇനത്തില്‍പ്പെട്ട ചിലന്തികളുമാണ് ഈ വല പങ്കിടുന്നത്. ചില ഭാഗങ്ങളില്‍ ഈ വലയുടെ ഭാരം കാരണം തൂങ്ങി താഴെ വീഴാവുന്ന അവസ്ഥയിലാണെന്ന് ഗവേഷകര്‍ അറിയിച്ചു.

'പ്രകൃതി ഇന്നും നമുക്ക് എണ്ണമറ്റ അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നു,' ഈ കണ്ടെത്തലിന് നേതൃത്വം നല്‍കിയ റൊമാനിയയിലെ സപിയന്റയ ഹംഗേറിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് ട്രാന്‍സില്‍വാനിയയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഇസ്ത്വാന്‍ ഉറാക് (István Urák) പറഞ്ഞു.




ഗുഹയിലെ സവിശേഷമായ സള്‍ഫര്‍ (ഗന്ധകം) സമ്പന്നമായ അന്തരീക്ഷമാണ് ഈ രണ്ട് ഇനങ്ങളെയും ഇത്രയധികം എണ്ണത്തില്‍ ഒരുമിച്ച് കൂട്ടംകൂടാന്‍ പ്രേരിപ്പിച്ചത് എന്ന് ഗവേഷകര്‍ കരുതുന്നു.

സാധാരണയായി വലിയ ചിലന്തികള്‍ ചെറിയ ചിലന്തികളെ ഇരയാക്കാന്‍ സാധ്യതയുണ്ടെങ്കിലും, ഗുഹയിലെ വെളിച്ചക്കുറവ് വീട്ടുവല ചിലന്തികളുടെ കാഴ്ചയെ ബാധിക്കുകയും അതുവഴി ചെറിയ ചിലന്തികളെ ഇരയാക്കുന്നത് ഒഴിവാകുകയും ചെയ്തിരിക്കാം എന്നും ഗവേഷകര്‍ കരുതുന്നു.

ഈ ചിലന്തികള്‍ ഗുഹയില്‍ വസിക്കുന്ന, കടിക്കാത്തയിനം ഈച്ചകളെയാണ് (non-biting midges) പ്രധാനമായും ഇരയാക്കുന്നത്. ഗുഹയില്‍ താമസിക്കുന്ന ചിലന്തികള്‍ പുറത്ത് താമസിക്കുന്ന ഇതേ ഇനങ്ങളേക്കാള്‍ ജനിതകപരമായി വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തി.