മെക്‌സിക്കോ സിറ്റി: മെക്‌സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിന് നേരെ പൊതുവേദിയിൽ വെച്ച് ലൈംഗികാതിക്രമം. ചൊവ്വാഴ്ച മെക്‌സിക്കോ സിറ്റിയിൽ നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് സംഭവം. പ്രസിഡന്റിന്റെ വസതിക്കു സമീപം ജനങ്ങളുമായി സംവദിച്ചുകൊണ്ടിരിക്കുകയായിരുന്ന ഷെയിൻബോമിനെ അടുത്തേക്ക് വന്ന ഒരു യുവാവ് കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു. പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ട് യുവാവിനെ നീക്കം ചെയ്തു.

സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ പ്രസിഡന്റ്, ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. "പ്രസിഡന്റായ എന്റെ അവസ്ഥ ഇതാണെങ്കിൽ, രാജ്യത്തെ മറ്റു സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും? ഞാൻ പരാതി നൽകാതിരുന്നാൽ മെക്‌സിക്കോയിലെ മറ്റു സ്ത്രീകൾക്ക് എന്തു സംഭവിക്കും?" ഷെയിൻബോം ചോദിച്ചു. മെക്‌സിക്കോയിലെ എല്ലാ സംസ്ഥാനങ്ങളിലും ലൈംഗികാതിക്രമം ഒരു കുറ്റകൃത്യമായി കണക്കാക്കുമോ എന്ന കാര്യം പരിശോധിക്കുമെന്നും അവർ വ്യക്തമാക്കി.

പ്രസിഡന്റുമായി സംവദിക്കുമ്പോൾ ക്ലോഡിയ ഷെയിൻബോം കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നില്ല. എന്നാൽ, പിറ്റേന്ന് നടന്ന പത്രസമ്മേളനത്തിൽ വീഡിയോ ദൃശ്യങ്ങൾ കണ്ടപ്പോഴാണ് സംഭവിച്ചതിൻ്റെ ഗൗരവം തനിക്ക് മനസ്സിലായതെന്ന് അവർ വിശദീകരിച്ചു. തന്നോട് അപമര്യാദയായി പെരുമാറിയ യുവാവ് മദ്യപിച്ചിരുന്നതായും, മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിരുന്നോ എന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായ ക്ലോഡിയ ഷെയിൻബോം, ഇത്തരം അതിക്രമങ്ങൾക്കെതിരെ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. മെക്‌സിക്കോ സിറ്റി പ്രോസിക്യൂട്ടറുടെ ഓഫീസിൽ യുവാവിനെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. "ഞാൻ ഇന്നലെ മെക്‌സിക്കോ സിറ്റിയിൽ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് പരാതി നൽകിയിട്ടുണ്ട്. പ്രസിഡന്റ് എന്നതിലുപരി, ഇത് രാജ്യത്തും ലോകമെമ്പാടുമുള്ള ധാരാളം സ്ത്രീകൾ അനുഭവിക്കുന്ന ഒരു കാര്യമാണെന്ന് ഇത് വ്യക്തമാക്കുന്നു. ആർക്കും നമ്മുടെ ശരീരത്തെയും വ്യക്തിപരമായ ഇടത്തെയും ലംംഘിക്കാൻ കഴിയില്ല. ഇത് ഞങ്ങൾ നിരീക്ഷിക്കും," അവർ ട്വിറ്ററിലൂടെ അറിയിച്ചു.

ഈ സംഭവം മെക്‌സിക്കോയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. പൊതുഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് പ്രസിഡന്റ് തന്നെ തുറന്നുപറഞ്ഞത് കൂടുതൽ നടപടികൾക്ക് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.