ബാര്‍സലോണ: സ്‌പെയിനില്‍ അതിശക്തമായ മെലിസ കൊടുങ്കാറ്റ് നാശം വിതച്ചു. ബാഴ്‌സലോണയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കനത്ത മഴയും ശക്തമായ കാറ്റും നഗരത്തില്‍ ജനജീവിതം താറുമാറാക്കി. റോഡുകള്‍ വെള്ളത്തിലായി. ബാലെറിക് ദ്വീപുകളില്‍ വിനോദസഞ്ചാരികള്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. വിമാനങ്ങള്‍ റദ്ദാക്കിയതും യാത്രാതടസ്സങ്ങളും ജനജീവിതത്തെ സ്തംഭിപ്പിച്ചു.

മെലിസ കൊടുങ്കാറ്റിന്റെ സംഹാരതാണ്ഡവത്തില്‍ ആളുകള്‍ ജീവനും കൊണ്ടോടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബാഴ്സലോണയിലും കാറ്റലോണിയയിലുമാണ് കൊടുങ്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയത്.

കനത്ത മഴയും ആലിപ്പഴ വര്‍ഷവും ശക്തമായ കാറ്റും നഗരത്തെ ബാധിച്ചു. റോഡുകള്‍ പുഴകള്‍ പോലെയായി. ആളുകള്‍ വീടിനുള്ളില്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കി. വൈദ്യുതി തകരാര്‍ മൂലവും വെള്ളപ്പൊക്കം മൂലവും ലിഫ്റ്റുകളില്‍ കുടുങ്ങിയവരെ ഉള്‍പ്പെടെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം തകൃതിയാണ്.

കാറ്റലോണിയ മേഖലയിലെ നിരവധി ജലപാതകള്‍ കവിഞ്ഞൊഴുകി. ബാഴ്സലോണയ്ക്ക് സമീപമുള്ള സെര്‍ദാനിയോള ഡെല്‍ വല്ലെസ് (Cerdanyola del Vallès) മുനിസിപ്പാലിറ്റിയില്‍ റിയു സെക് (Riu Sec) നദി കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് തെരുവുകള്‍ പൂര്‍ണ്ണമായും മുങ്ങി. കാറ്റലോണിയയിലെ ബാദിയ ഡെല്‍ വല്ലെസ് (Badia del Valles) പട്ടണത്തില്‍ മേല്‍ക്കൂര തകരാന്‍ സാധ്യതയുള്ളതിനാല്‍ ഒരു കെട്ടിടം ഒഴിപ്പിച്ചു.

കാറ്റലൂണിയയിലെ മെറ്റിയോറോളജിക്കല്‍ സര്‍വീസ് (Meteocat) ബാഴ്‌സലോണയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ഈ സാഹചര്യത്തില്‍, അപകട മേഖലകളില്‍ യാത്ര ഒഴിവാക്കാനും അതീവ ജാഗ്രത പാലിക്കാനും അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. മെലിസ കൊടുങ്കാറ്റ് ഐബീരിയന്‍ ഉപദ്വീപിനെ ആകമാനം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

ബാഴ്‌സലോണയിലെ എല്‍ പ്രറ്റ് വിമാനത്താവളത്തില്‍ വലിയ തോതിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞത് 47 വിമാനങ്ങള്‍ റദ്ദാക്കിയതായി സ്പാനിഷ് വാര്‍ത്താ ഏജന്‍സിയായ ലാ വാന്‍ഗാര്‍ഡിയ റിപ്പോര്‍ട്ട് ചെയ്തു. മഴയെത്തുടര്‍ന്ന് വിമാനങ്ങള്‍ക്ക് 60 മുതല്‍ 90 മിനിറ്റ് വരെ കാലതാമസമുണ്ടായി. മല്ലോര്‍ക്ക ദ്വീപില്‍ കനത്ത കാറ്റും മഴയും റോഡുഗതാഗതം തടസ്സപ്പെടുത്തി. കൊടുങ്കാറ്റ് നാശം വിതച്ചതോടെ ആളുകള്‍ ജീവന്‍ രക്ഷിക്കാന്‍ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇനിയും കൊടുങ്കാറ്റ് ശക്തി പ്രാപിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.