- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർദ്ദേശം പാലിക്കാതെ യാത്രക്കാരുമായി പറന്നുയർന്ന വിമാനം; ലോസ് ഏഞ്ചൽസ് വ്യോമപാതയിൽ അമേരിക്കൻ എയർലൈസിന്റെ വിമാനവുമായി നേർക്കുനേർ; വൻ അപകടം ഒഴിവായത് എയർ ട്രാഫിക് കൺട്രോളറുടെ സമയോചിതമായ ഇടപെടലിൽ; മാപ്പ് പറഞ്ഞ് ഇറ്റാലിയൻ പൈലറ്റ്
ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രാവിമാനങ്ങൾ കൂട്ടിയിടിയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. എയർ ട്രാഫിക് കൺട്രോളറുടെ സമയോചിതമായ ഇടപെടലിലാണ് വൻ ദുരന്തം ഒഴിവായത്. ഇറ്റാലിയൻ എയർലൈൻസായ ഇറ്റ (ഐടിഎ) എയർവേയ്‌സ് വിമാനം റൺവേയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോൾ എയർ ട്രാഫിക് കൺട്രോളറുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് അപകടസാധ്യത ഉണ്ടാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
ഇറ്റ എയർവേയ്‌സിന്റെ റോമിലേക്ക് പുറപ്പെടേണ്ടിയിരുന്ന AZ621 വിമാനം റൺവേ 24-ൽ നിന്ന് ടേക്ക് ഓഫ് ചെയ്യാൻ അനുമതി ലഭിച്ച ശേഷം, എയർ ട്രാഫിക് കൺട്രോളർ നിർദ്ദേശിച്ച ഇടത് ഭാഗത്തേക്ക് തിരിയുന്നതിന് പകരം നിയന്ത്രിത മേഖലയ്ക്ക് പുറത്തേക്ക് നീങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ, ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന അമേരിക്കൻ എയർലൈൻസിൻ്റെ AA4 വിമാനത്തിന് റൺവേ 25-ൽ നിന്ന് ടേക്ക് ഓഫ് ചെയ്യാൻ അനുമതി നൽകി, വലതുവശത്തേക്ക് തിരിയുവാനും നിർദ്ദേശിക്കപ്പെട്ടിരുന്നു.
രണ്ട് വിമാനങ്ങൾക്കിടയിൽ ആവശ്യമായ സുരക്ഷാ അകലം നിലനിർത്തുന്നതിനായി എയർ ട്രാഫിക് കൺട്രോളർ കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഇറ്റ എയർവേയ്‌സിന്റെ വിമാനത്തിൻ്റെ പൈലറ്റ്, ടേക്ക് ഓഫ് കഴിഞ്ഞ് ഏകദേശം രണ്ട് മിനിറ്റിനുള്ളിൽ, നിർദ്ദേശിക്കപ്പെട്ട പാതയിൽ നിന്ന് മാറി ഇടത് ഭാഗത്തേക്ക് തിരിഞ്ഞതോടെയാണ് അപകടകരമായ സാഹചര്യം ഉടലെടുത്തത്. ഇത് വിമാനത്തെ അമേരിക്കൻ എയർലൈൻസിൻ്റെ വിമാനത്തിനോട് വളരെ അപകടകരമായ അടുത്തെത്തിച്ചു.
വിമാനങ്ങൾ മണിക്കൂറിൽ ഏകദേശം 350 മുതൽ 400 കിലോമീറ്റർ വരെ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. അപകട സാധ്യത തിരിച്ചറിഞ്ഞയുടൻ, എയർ ട്രാഫിക് കൺട്രോളർ ഇറ്റ എയർവേയ്‌സ് വിമാനത്തോട് 'ഉടനടി വലത് ഭാഗത്തേക്ക് തിരിയുക' എന്ന് നിർദ്ദേശിച്ചു. അതേസമയം, അമേരിക്കൻ എയർലൈൻസ് വിമാനത്തോട് 1,500 അടി ഉയരത്തിന് മുകളിൽ പറക്കുന്നത് ഒഴിവാക്കാനും നിർദ്ദേശം നൽകിയിരുന്നു. രണ്ട് വിമാനങ്ങളും ഈ നിർദ്ദേശങ്ങൾ പാലിച്ചതോടെയാണ് അപകടം ഒഴിവായത്.
തുടർന്ന്, എയർ ട്രാഫിക് കൺട്രോൾ ഇറ്റ എയർവേയ്‌സ് വിമാനത്തെ ബന്ധപ്പെട്ട്, പൈലറ്റിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ ഇറ്റ എയർവേയ്‌സ് പൈലറ്റ് ഖേദം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. എയർ ട്രാഫിക് കൺട്രോളർമാരുടെ ജാഗ്രതയും കൃത്യസമയത്തുള്ള ഇടപെടലുമാണ് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചത്.




