കൊച്ചി: ബോഡി ഷെയ്മിങ് വിവാദത്തില്‍ നടി ഗൗരി ജി. കിഷന് പിന്തുണയുമായി അമ്മ സംഘടന. ഗൗരി നേരിട്ട വേദന മനസ്സിലാക്കുന്നുവെന്ന് താരസംഘടന പ്രതികരിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ നടി ഗൗരി കിഷനോടുണ്ടായ ബോഡി ഷെയ്മിങ് ചോദ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് താരസംഘടനയുടെ പ്രതികരണം. തമിഴ് ചിത്രം 'അദേഴ്സി'ന്റെ പ്രമോഷന്‍ പ്രസ് മീറ്റിനിടെയാണ് സംഭവം. അതേ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് നടി മറുപടിയും നല്‍കിയിരുന്നു. പ്രമുഖ താരങ്ങളുള്‍പ്പെടെ നിരവധിയാളുകളാണ് ഗൗരിക്ക് പിന്തുണയുമായി എത്തുന്നത്.

വെള്ളിയാഴ്ച വൈകീട്ട് ഔദ്യോഗിക സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവെച്ച പോസ്റ്റിലാണ് അമ്മ സംഘടന ഗൗരി ജി. കിഷന് പിന്തുണയറിയിച്ചത്. 'ഞങ്ങള്‍ക്ക് മനസിലാകുന്നു, ഗൗരി. ആരായാലും എപ്പോളായാലും എവിടെ ആയാലും ബോഡി ഷെയ്മിങ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചുവിശ്വസിക്കുന്നു' എന്നാണ് സംഘടന വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ഒരു സിനിമയുടെ ലോഞ്ചുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ നടിയുടെ ഭാരവുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബര്‍ പരാമര്‍ശം നടത്തുകയും ഗൗരി അതിന് കൃത്യമായ മറുപടി നല്‍കുകയും ചെയ്തത്.

ഗൗരി പ്രധാന കഥാപാത്രമായെത്തുന്ന 'അദേഴ്‌സ്' എന്ന തമിഴ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഗൗരിക്കുനേരെ യൂട്യൂബര്‍ മോശം പരാമര്‍ശം നടത്തിയത്. സഹനടന്‍ ആദിത്യ മാധവന്‍ ഗൗരിയെ എടുത്തുയര്‍ത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാന്‍ കഴിയാതിരുന്ന ഗൗരി, പിന്നീട് ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. വ്യാഴാഴ്ച ചിത്രത്തിന്റെ പ്രസ് സ്‌ക്രീനിങ്ങിന് ശേഷം ആ ചോദ്യത്തെ മാധ്യമപ്രവര്‍ത്തകന്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയും ശബ്ദമുയര്‍ത്തുകയും ചെയ്തതോടെ ഗൗരി നേരിട്ട് പ്രതികരിക്കുകയായിരുന്നു.

തന്റെ കഥാപാത്രത്തെക്കുറിച്ചോ തയ്യാറെടുപ്പുകളെക്കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും എന്നാല്‍ എല്ലാവര്‍ക്കും തന്റെ ഭാരത്തെക്കുറിച്ചാണ് അറിയേണ്ടതും ഗൗരി പറഞ്ഞു. ഒരു നടനോട് ഇതേ ചോദ്യം ചോദിക്കുമോ എന്നും ഗൗരി തിരിച്ചുചോദിച്ചു. സംഭവത്തിന്റെ വീഡിയോ ശ്രദ്ധനേടിയതോടെ ഗൗരിയുടെ നിലപാടിന് പിന്തുണ നല്‍കി നിരവധി താരങ്ങള്‍ രംഗത്തെത്തി. ഗായിക ചിന്മയി ശ്രീപദ ഉള്‍പ്പെടെ ഗൗരി കിഷന് പിന്തുണയായി സാമൂഹിക മാധ്യമങ്ങിളില്‍ പ്രതികരിച്ചു. സംഭവസമയത്ത് മൗനം പാലിച്ചതിന് നടനും സംവിധായകനുമുള്‍പ്പെടെയുള്ളവര്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം നേരിട്ടിരുന്നു.

ചില മാധ്യമപ്രവര്‍ത്തകര്‍ ഈ രംഗത്തെ മോശമാക്കുന്നു എന്നും മാധ്യമപ്രവര്‍ത്തനം അതിന്റെ നിലവാരം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നും നടി ഖുശ്ബു സുന്ദര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. 'ഒരു സ്ത്രീക്ക് എത്ര ഭാരമുണ്ട് എന്നുള്ളത് അവരുടെ വിഷയമേയല്ല. നായികയുടെ ഭാരത്തെക്കുറിച്ച് നായകനോട് ചോദിച്ചിരിക്കുന്നു. ലജ്ജാകരം. തന്റെ നിലപാടില്‍ ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച യുവനടി ഗൗരി കിഷന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഗൗരി കിഷന്‍ ധീരമായ നിലപാടാണ് സ്വീകരിച്ചത്'- ഖുശ്ബു കുറിച്ചു.

ഗൗരിയ്ക്ക് പിന്തുണയുമായി എത്തിയ സുപ്രിയ മേനോന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു സ്ത്രീയോട് എന്തും ചോദിക്കാമെന്നാണോ.. അവര്‍ക്ക് ചുട്ട മറുപടി നല്‍കിയതില്‍ അഭിനന്ദനം', എന്നാണ് സുപ്രിയ കുറിച്ചത്.