- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വൈദ്യുതീകരണ ജോലിക്കിടെ തോക്കുമായി സായുധ തീവ്രവാദ ജിഹാദി സംഘം; മാലിയിലെ കോബ്രിയില്‍ നിന്നും അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയി; അല്‍ഖ്വയ്ദ സംഘമെന്ന് സംശയം; വിദേശികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്നത് പതിവ്; മറ്റ് ഇന്ത്യക്കാരെ ബാംകോയിലേക്ക് മാറ്റി
കോബ്രി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ കോബ്രിയില്‍ നിന്നും അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയി. മാലിയില്‍ വൈദ്യുതീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ച് ഇന്ത്യക്കാരെയാണ് തോക്കിന്‍ മുനയില്‍ തട്ടിക്കൊണ്ട് പോയത്. ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയും സുരക്ഷാ അധികൃതരും തട്ടിക്കൊണ്ട് പോകല്‍ സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് ആയുധധാരികളായ സംഘം ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയത്. സായുധ തീവ്രവാദ ജിഹാദി സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തിന് പിന്നാലെ സ്ഥാപനത്തിലെ മറ്റ് ഇന്ത്യക്കാരെ ഇവിടെ നിന്ന് ബാംകോയിലേക്ക് മാറ്റി. എന്നാല്‍ തട്ടിക്കൊണ്ട് പോകലിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നിലവില്‍ സൈന്യമാണ് മാലിയില്‍ ഭരണം നിയന്ത്രിക്കുന്നത്.
തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ക്രിമിനല്‍ സംഘങ്ങളും അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദി വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ പതിവായ സാഹചര്യമാണ് നിലവിലുള്ളത്. വിദേശികളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ട് പോകലും മേഖലയില്‍ പതിവാണ്. സെപ്തംബറില്‍ ജിഹാദി സംഘം രണ്ട് എമിറൈറ്റ് സ്വദേശികളേയും ഒരു ഇറാന്‍ സ്വദേശിയേയും തട്ടിക്കൊണ്ട് പോയിരുന്നു. 50 ദശലക്ഷം ഡോളര്‍ കൈമാറിയാണ് ഇവരെ വിട്ടയച്ചത്. സാമ്പത്തിക പ്രതിസന്ധി മാലിയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ വഷളാക്കിയ സാഹചര്യമാണുള്ളത്.
പ്രദേശത്തെ വൈദ്യുതീകരണ പ്രോജക്ടിനായി എത്തിയ തൊഴിലാളികളാണ് ബന്ദികളാക്കപ്പെട്ടവര്‍. സംഭവം കമ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്തുള്ള മറ്റ് ഇന്ത്യന്‍ പൗരന്‍മാരെ ബമാകോയിലേക്ക് സുരക്ഷിതമായി മാറ്റുകയായിരുന്നു. മാലിയില്‍ സൈനിക ഭരണകൂടമാണ് 2021 അധികാരത്തിലുള്ളത്. രൂക്ഷമായ ആഭ്യന്തര സംഘര്‍ഷത്തിന് കാരണം അല്‍ ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ തീവ്രവാദി സംഘടനകളാണെന്നും സൈന്യം ആരോപിക്കുന്നു. വിദേശികളെ തട്ടിക്കൊണ്ട് പോകുന്നതും അവരെ വച്ച് വിലപേശുന്നതും 2012 മുതല്‍ മാലിയില്‍ പതിവാണ്. സെപ്റ്റംബറില്‍ രണ്ട് എമിറാത്തി പൗരന്‍മാരെയും ഒരു ഇറാന്‍ പൗരനെയും തീവ്രവാദി സംഘടനകള്‍ തട്ടിക്കൊണ്ടുപോയി. 50 മില്യന്‍ ഡോളര്‍ മോചനദ്രവ്യമായി നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ കഴിഞ്ഞയാഴ്ച വിട്ടയച്ചത്. ജനുവരിയില്‍ തട്ടിക്കൊണ്ടു പോയ മൊറോക്കന്‍ ട്രക്ക് ഡ്രൈവര്‍മാരെ വന്‍തുക മോചനദ്രവ്യമായി ഈടാക്കിയ ശേഷം ഓഗസ്റ്റിലാണ് ഐഎസ് സംഘം വിട്ടയച്ചത്.
ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ പിടിമുറുക്കുന്നു
ആഗോള ഭീകരസംഘടനയായ അല്‍ ഖ്വയ്ദ തങ്ങളുടെ നാല് പതിറ്റാണ്ടു നീണ്ട ചരിത്രത്തില്‍ വീണ്ടും ഒരു രാജ്യത്തിന്റെ അധികാരം പിടിക്കുന്നതിന്റെ തൊട്ടടുത്ത്. മാലിയില്‍ ഇനി എന്തും സംഭവിക്കാം. മാലിയില്‍ ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ ഏര്‍പ്പെടുത്തിയ ഇന്ധന ഉപരോധം രൂക്ഷമായതോടെ, തങ്ങളുടെ പൗരന്മാരോട് രാജ്യം എത്രയും പെട്ടെന്ന് വിട്ടുപോകാന്‍ ഫ്രാന്‍സ് നിര്‍ദേശം നല്‍കിയത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. വാണിജ്യ വിമാനങ്ങള്‍ ലഭ്യമാകുന്നിടത്തോളം അവ ഉപയോഗിക്കാനും കരമാര്‍ഗ്ഗമുള്ള യാത്ര ഒഴിവാക്കാനും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ആഫ്രിക്കന്‍ രാജ്യമായ മാലിയിലാണ് അല്‍ ഖ്വയ്ദയുടെ അനുചരര്‍ എന്നു വിളിക്കാവുന്ന ജെഎന്‍ഐഎം എന്ന ഭീകരസംഘടന ശക്തിപ്രാപിക്കുന്നത്. മാലിയുടെ തലസ്ഥാനമായ ബമാകോ ഏതു നിമിഷവും ജെഎന്‍ഐഎം പിടിക്കാമെന്ന അവസ്ഥയിലാണ്.
അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള ജമാഅത്ത് നുസ്റത്ത് അല്‍-ഇസ്ലാം വാല്‍-മുസ്ലിമീന്‍ (ജെഎന്‍ഐഎം) എന്ന ജിഹാദി ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ദ്വിമാസ ഇന്ധന ഉപരോധം മാലിയുടെ തലസ്ഥാനമായ ബാമാക്കോയിലും മറ്റ് പ്രദേശങ്ങളിലും ദൈനംദിന ജീവിതം താറുമാറാക്കിയിരിക്കുകയാണ്. പ്രധാന ഹൈവേകളില്‍ ടാങ്കറുകള്‍ ആക്രമിച്ചാണ് ഇവര്‍ ഉപരോധം സൃഷ്ടിക്കുന്നത്. കടല്‍ത്തീരമില്ലാത്ത മാലിയുടെ എല്ലാ ഇന്ധന വിതരണങ്ങളും സെനഗല്‍, ഐവറി കോസ്റ്റ് തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്ന് റോഡ് മാര്‍ഗമാണ് എത്തുന്നത്. തീവ്രവാദ ഗ്രൂപ്പിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ, ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എംഎസ്സി (MSC) മാലിയുമായുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതായി അറിയിച്ചു. ഉപരോധവും മോശം സുരക്ഷാ സാഹചര്യവുമാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ മാസം, ഇന്ധനക്ഷാമം വൈദ്യുതി വിതരണത്തെ ബാധിക്കുകയും രാജ്യത്തെ മൊത്തം സുരക്ഷാ സാഹചര്യം പ്രവചനാതീതമായി തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി, അത്യാവശ്യമില്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും മാലിയില്‍ നിന്ന് പിന്‍വലിക്കുന്നതായി അമേരിക്കന്‍ എംബസി പ്രഖ്യാപിച്ചിരുന്നു.
2020-ല്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ച ജനറല്‍ അസിമി ഗോയിറ്റയുടെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടമാണ് നിലവില്‍ മാലി ഭരിക്കുന്നത്. വടക്കന്‍ മേഖലയിലെ തുവാറെഗ് വംശജരുടെ വേര്‍തിരിയല്‍ കലാപത്തെ തുടര്‍ന്നുണ്ടായ സുരക്ഷാ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന വാഗ്ദാനത്തോടെയാണ് സൈനിക ഭരണകൂടം അധികാരത്തില്‍ വന്നത്. ഈ കലാപം പിന്നീട് ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുകയായിരുന്നു. 2013-ല്‍ വര്‍ദ്ധിച്ചുവരുന്ന തീവ്രവാദത്തെ നേരിടാന്‍ വിന്യസിച്ച യുഎന്‍ സമാധാന സേനയും ഫ്രഞ്ച് സേനയും സൈനിക ഭരണകൂടം അധികാരമേറ്റ ശേഷം രാജ്യം വിട്ടു. തുടര്‍ന്ന്, സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ മാലിയിലെ സൈനിക സര്‍ക്കാര്‍ റഷ്യന്‍ കൂലിപ്പടയാളികളെ നിയമിച്ചിട്ടുണ്ട്. എന്നിരുന്നാലും, ജിഹാദി കലാപം തുടരുകയും രാജ്യത്തിന്റെ വടക്കും കിഴക്കും ഭാഗങ്ങളിലെ വലിയ പ്രദേശങ്ങള്‍ ഇപ്പോഴും സര്‍ക്കാരിന്റെ നിയന്ത്രണത്തിന് പുറത്തായിരിക്കുകയുമാണ്.
സൈനികഭരണമാണു നിലവില്‍ മാലിയില്‍. എന്നാല്‍ ജെഎന്‍ഐഎം തലസ്ഥാനമൊഴിച്ചുള്ള പലമേഖലകളിലും ശക്തമായി കഴിഞ്ഞു. തലസ്ഥാനത്തേക്കുള്ള ഭക്ഷണ, ഇന്ധന വിതരണമൊക്കെ ജെഎന്‍ഐഎം തടഞ്ഞുതുടങ്ങിയിട്ടുണ്ട്. സൈനിക സര്‍ക്കാര്‍ ഇവരെ ചെറുക്കാനാകാതെ വലയുകയാണ്. ആറായിരത്തോളം പേര്‍ ജെഎന്‍ഐഎം ഭീകരസംഘടനയില്‍ അംഗങ്ങളായുണ്ട്. മാലി കൂടാതെ നൈജര്‍, ബുര്‍ക്കിന ഫാസോ എന്നീ രാജ്യങ്ങളിലും ഇവര്‍ ശക്തിയാര്‍ജിക്കുകയാണ്. ആഫ്രിക്കയിലെ എട്ടാമത്തെ വലിയ രാജ്യമാണു മാലി.2.32 കോടി ജനങ്ങള്‍ ഇവിടെയുണ്ട്.
ലോകവ്യാപാരഭൂപടത്തിന്റെ തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങള്‍ വിമാനം ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണത്തില്‍ തകര്‍ന്നു വീണു.മൂവായിരത്തോളം ആളുകളാണ് അന്നു മൂന്നു സ്ഥലങ്ങളിലായി ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമണങ്ങളും ഭീകരരും അതിനു മുന്‍പ് പലരാജ്യങ്ങളിലും പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രത്തോളം ചര്‍ച്ചചെയ്യപ്പെട്ട മറ്റൊരു സംഭവമില്ലായിരുന്നു. ഇതിന് പിന്നില്‍ അല്‍ഖായിദയായിരുന്നു. 2011 സെപ്റ്റംബര്‍ 11നായിരുന്നു ഇത്. ഡിസംബര്‍ ആറോടെ താലിബാന്‍ ശക്തികേന്ദ്രവും പ്രഭവസ്ഥലവുമായ കാണ്ഡഹാര്‍ നഗരം താലിബാനു നഷ്ടമായി. താമസിയാതെ കാബൂളും. 2011ല്‍ പാക്കിസ്ഥാനിലെ അബോട്ടാബാദിലുള്ള ഒളിസങ്കേതത്തില്‍ താമസിച്ചിരുന്ന ബിന്‍ ലാദനെ യുഎസ് സ്പെഷല്‍ ഫോഴ്സ് വെടിവച്ചു കൊലപ്പെടുത്തി. ഇതിന് ശേഷം അല്‍ഖായിദ ആഫ്രിക്കയിലേക്ക് പ്രവര്‍ത്തനം മാറ്റി.
തൊണ്ണൂറുകള്‍ മുതല്‍ തന്നെ അല്‍ഖ്വയ്ദ യുഎസിനെതിരെ ഭീകരാക്രമണങ്ങള്‍ നടത്തിയിരുന്നു. 1992ല്‍ യെമനില്‍ യുഎസ് സൈനികര്‍ താമസിച്ചിരുന്ന ഹോട്ടലുകളില്‍ നടത്തിയ സ്ഫോടനവും 1995ല്‍ സൗദി അറേബ്യയിലെ റിയാദില്‍ യുഎസ് സൈനിക പരിശീലനകേന്ദ്രത്തിനു സമീപം നടത്തിയ കാര്‍ ബോംബ് സ്ഫോടനവും 1998ല്‍ കെനിയയിലെ നയ്റോബിയിലും ടാന്‍സാനിയയിലെ ദാറുസ്സലാമിലും യുഎസ് എംബസികള്‍ക്കു നേര്‍ക്കു നടത്തിയ സ്ഫോടനങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍ പെട്ടിരുന്നു.
മാലിയെ ഇസ്ലാമിസ്റ്റുകള്‍ വെട്ടിലാക്കിയത് ഇങ്ങനെ
മാലി തലസ്ഥാനമായ ബമാക്കോയില്‍ അല്‍-ഖ്വയ്ദ ബന്ധമുള്ള സായുധ സംഘമായ ജമാഅത്ത് നുസ്രത്ത് അല്‍-ഇസ്ലാം വാല്‍-മുസ്ലിമീന്‍ (ജെഎന്‍ഐഎം) ഏര്‍പ്പെടുത്തിയ മാസങ്ങള്‍ നീണ്ട സാമ്പത്തിക ഉപരോധം നഗരത്തെ സ്തംഭനാവസ്ഥയിലാക്കിയെന്നതാണ് വസ്തുത. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഇന്ധനത്തിനുള്ള തടസ്സങ്ങള്‍ കാരണം ജനജീവിതം ദുരിതത്തിലായതോടെ, മാലിയിലെ സൈനിക ഭരണകൂടത്തിന് മേല്‍ ചര്‍ച്ചകള്‍ക്കായി സമ്മര്‍ദ്ദം വര്‍ധിച്ചിരിക്കുകയാണ്.
സെനഗല്‍, ഐവറി കോസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് മാലിയിലേക്ക് ഇന്ധനം എത്തിക്കുന്ന പ്രധാന ഹൈവേകള്‍ ജെഎന്‍ഐഎം അംഗങ്ങള്‍ അടച്ചതോടെയാണ് നഗരത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ജെഎന്‍ഐഎം ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, തലസ്ഥാനത്ത് ഈ തന്ത്രം പ്രയോഗിക്കുന്നത് ഇതാദ്യമായാണ്. ഇത് മാലിയില്‍ ജെഎന്‍ഐഎമ്മിന്റെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെയും, സര്‍ക്കാര്‍ മാറ്റം എന്ന അവരുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവയ്പ്പിന്റെയും സൂചനയാണെന്ന് ഇന്റലിജന്‍സ് സ്ഥാപനമായ കണ്‍ട്രോള്‍ റിസ്‌ക്സിലെ സഹേല്‍ അനലിസ്റ്റ് ബെവര്‍ലി ഒച്ചിയെങ് അഭിപ്രായപ്പെട്ടു.
ആഴ്ചകളായി ബമാക്കോയിലെ മിക്ക നിവാസികള്‍ക്കും വാഹനങ്ങള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും ഇന്ധനം ലഭ്യമല്ലാത്ത അവസ്ഥയാണ്. സാധാരണയായി തിരക്കേറിയ തലസ്ഥാനം നിശ്ചലമായി. ഇന്ധനത്തിനായി നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കേണ്ടി വരുന്നു. ജീവനക്കാര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ മാലിയിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും നവംബര്‍ 9 വരെ അടച്ചിടുകയും ചെയ്യുമെന്ന് അറിയിച്ചു. വൈദ്യുതി മുടക്കവും രൂക്ഷമായി.
ജനങ്ങളില്‍ അസംതൃപ്തി വളര്‍ത്തി സൈനിക സര്‍ക്കാരിനെ ചര്‍ച്ചയ്ക്ക് പ്രേരിപ്പിക്കുക എന്നതാണ് ജെഎന്‍ഐഎം ലക്ഷ്യമിടുന്നത്. കഴിഞ്ഞയാഴ്ച അമേരിക്കയും ബ്രിട്ടനും തങ്ങളുടെ പൗരന്മാരോട് മാലി വിടാന്‍ നിര്‍ദ്ദേശിക്കുകയും അവശ്യമില്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുകയും ചെയ്തു. മറ്റ് പാശ്ചാത്യ രാജ്യങ്ങളും സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. സഹേല്‍ മേഖലയിലെ അല്‍-ഖ്വയ്ദയുടെ സായുധ വിഭാഗവും ഈ മേഖലയിലെ ഏറ്റവും സജീവമായ ഗ്രൂപ്പുമാണ് ജെഎന്‍ഐഎം. 2017-ല്‍ വിവിധ ഗ്രൂപ്പുകള്‍ ലയിച്ചാണ് ഇത് രൂപീകരിച്ചത്. ഈ ഉപരോധം മാലിയിലെ സൈനിക ഭരണകൂടത്തിന്മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും രാജ്യത്തിന്റെ സുരക്ഷാ സ്ഥിതിയുടെ ഗൗരവം വ്യക്തമാക്കുകയും ചെയ്യുന്നു.




