- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് നമ്മുടെ വഞ്ചിയൂര്‍ ബാബുവല്ലേ'! സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ ശങ്കരന്‍ കുട്ടി നായര്‍; അച്ചടിപ്പിശകാണോയെന്ന് നാട്ടുകാര്‍; സിപിഎം ഏരിയ സെക്രട്ടറിയുടെ പേരുമാറ്റം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ; വോട്ടുകിട്ടാന്‍ ജാതി വേണമെന്ന് ട്രോളുകള്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം മുറുകുന്നതിനിടെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ ജാതി പോസ്റ്ററുകളില്‍ ഇടംപിടിക്കുന്നത് ചര്‍ച്ചയാക്കി സാമൂഹ്യ മാധ്യമങ്ങള്‍. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടുകിട്ടാന്‍ ജാതി കാര്‍ഡ് ഇറക്കി പ്രചാരണം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ട്രോളുകള്‍. നാട്ടുകാര്‍ക്ക് സുപരിചിതമായ ഒരു മുഖത്തിനൊപ്പം അത്ര പരിചയമില്ലാത്ത ഒരു പേര് കണ്ടതിന്റെ കൗതുകത്തിലായിരുന്നു കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ നിവാസികള്‍. പോസ്റ്ററില്‍ സിപിഎം ഏരിയ സെക്രട്ടറിയും ഇത്തവണത്തെ വഞ്ചിയൂര്‍ വാര്‍ഡിലെ സ്ഥാനാര്‍ഥിയുമായ പി. ബാബുവിന്റെ ചിത്രം. പക്ഷേ പേര് എഴുതിയിരിക്കുന്നത് ശങ്കരന്‍ കുട്ടി നായര്‍ എന്നും. ഇതോടെ അച്ചടിപ്പിശകാണോയെന്ന സംശയത്തിലായി നാട്ടുകാര്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞതോടെ പോസ്റ്ററിലെ ജാതിപ്പേരില്‍ പി. ബാബു തന്നെ പ്രതികരണം നടത്തി രംഗത്ത് വന്നു.
ഒറ്റനോട്ടത്തില്‍ അച്ചടിപ്പിശകാണോയെന്ന് സംശയം തോന്നിയര്‍ക്കുള്ള മറുപടി പോസ്റ്ററില്‍ തന്നെയുണ്ട്. ശങ്കരന്‍കുട്ടി നായര്‍ എന്ന പേരിനൊപ്പം ചെറിയൊരു ബ്രാക്കറ്റില്‍ ജനങ്ങള്‍ക്ക് പരിചിതമായ വഞ്ചിയൂര്‍ പി. ബാബുവെന്ന പേരും കാണാം. പഴയ കൗണ്‍സിലറുടെ 'ഒറിജിനല്‍ പേര്' പല വോട്ടര്‍മാര്‍ക്കും അറിയില്ലെന്നത് മറ്റൊരു വിശേഷം. നാട്ടുകാരില്‍ പലര്‍ക്കും ഈ ശങ്കരന്‍കുട്ടി നായരെ പരിചയമില്ല, ഫോട്ടോ കാണിച്ചാല്‍ ഉടന്‍ പറയും, 'ഇത് നമ്മുടെ വഞ്ചിയൂര്‍ ബാബുവല്ലേ'. പോസ്റ്ററുകള്‍ വളരെപ്പെട്ടെന്ന് സോഷ്യല്‍ മീഡിയയിലുമെത്തി. തിരഞ്ഞെടുപ്പ് കാലത്ത് പലരുടേയും പേരുമാറുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍. പി. ബാബുവെന്നും ശങ്കരന്‍കുട്ടി നായരെന്നും അച്ചടിച്ചിട്ടുള്ള പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടുകിട്ടാന്‍ ജാതി വേണമെന്നുള്ള ട്രോളുകള്‍ക്കും കുറവില്ല. വിപ്ലവം പോയി ജാതി വാല് വന്നു എന്നാണ് വഞ്ചിയൂര്‍ ബാബുവിനെതിരെ ഉയര്‍ന്ന ആക്ഷേപം.
എന്നാല്‍ തന്റെ ശരിക്കുമുള്ള പേര് ശങ്കരന്‍ കുട്ടി നായര്‍ എന്നാണെന്നും പണ്ടുമുതലേ ബാബു എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 'എന്റെ യഥാര്‍ഥ പേര് ശങ്കരന്‍ കുട്ടി നായര്‍ എന്നാണ്. രക്ഷിതാക്കള്‍ ഇട്ട പേരാണ്. കഴിഞ്ഞ വര്‍ഷമേ ഈ പേരിന് അനുമതി ലഭിച്ചതാണ്. ബോധപൂര്‍വം അങ്ങനെ ആക്കിയത് അല്ല. ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശപ്രകരമാണിത്.
പണ്ടുമുതലേ ബാബു എന്നാണ് എല്ലാവരും വിളിക്കുന്നത്. എല്ലാവരും കൂടി ചാര്‍ത്തിതന്ന പേരാണ് വഞ്ചിയൂര്‍ ബാബു എന്നത്. കഴിഞ്ഞ തവണ വഞ്ചിയൂര്‍ ബാബു എന്നായിരുന്നു ചുവരെഴുത്ത്. നോമിനേഷന്‍ കൊടുക്കാന്‍ സമയത്ത് വോട്ടര്‍ പട്ടികയിലെ പേരെ നല്‍കാന്‍ പറ്റുകയുള്ളൂവെന്ന് അവര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കല്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് കഴിഞ്ഞ തവണ ബാലറ്റില്‍ വഞ്ചിയൂര്‍ ബാബു എന്ന പേര് മുകളിലും ശങ്കരന്‍ കുട്ടി നായര്‍ എന്ന പേര് താഴെയും നല്‍കിയത്. നായര്‍ കമ്യൂണിറ്റിയെക്കാളേറെയായി മറ്റ് വിഭാഗക്കാരുണ്ട് വഞ്ചിയൂര്‍ വാര്‍ഡില്‍. അവരും വോട്ട് നല്‍കിയാലല്ലേ ജയിക്കാന്‍ സാധിക്കൂ. ജാതി നോക്കിയൊന്നുമല്ല പേര് പോസ്റ്ററില്‍ വെച്ചത്', വഞ്ചിയൂര്‍ ബാബു പറയുന്നു.
ഇതാദ്യമല്ല 'പേരുമാറ്റം'. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്ന വഞ്ചിയൂരില്‍ മത്സരിച്ച വഞ്ചിയൂര്‍ ബാബുവിന്റെ മകള്‍ ഗായത്രി ബാബുവും തിരഞ്ഞെടുപ്പ് സമയത്ത് 'പേര് മാറ്റി' ഗായത്രി എസ്. നായരായി. അന്നും വലിയ ചര്‍ച്ചയായിരുന്നു പേരുമാറ്റം. തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയപ്പോള്‍ ഗായത്രി ബാബു എന്ന പേര് പെട്ടെന്ന് ഗായത്രി നായരായി.
തന്റെയും തിരിച്ചറിയല്‍ കാര്‍ഡിലെ പേര് ഗായത്രി നായര്‍ എന്നായിരുന്നുവെന്നാണ് ഗായത്രി അന്ന് പ്രതികരിച്ചത്. പോസ്റ്ററുകള്‍ ഒക്കെ ഗായത്രി ബാബു എന്ന പേരിലായിരുന്നു ആദ്യം അച്ചടിച്ച് വെച്ചത്. എന്നാല്‍, തിരിച്ചറിയല്‍ കാര്‍ഡിലെ പേര് തന്നെ ഉപയോഗിക്കാനായിരുന്നു നിര്‍ദേശമെന്നും അവര്‍ പറഞ്ഞു. വീടുകള്‍ തോറും കയറിയിറങ്ങി പേര് മാറ്റത്തെക്കുറിച്ച് പറയേണ്ടി വന്നുവെന്നും അതേറെ ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്നും ഗായത്രി പറഞ്ഞിരുന്നു.
പേരിലല്ല, പ്രവര്‍ത്തിയിലും കൂടിയാണ് കാര്യമെന്ന് പറഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണം ഉഷാറാക്കുകയാണ് സ്ഥാനാര്‍ഥികള്‍. എന്നാല്‍ പേരിലും കാര്യമുണ്ടെന്ന് ചിലയിടത്തൊക്കെ പറയാതെ പറയുന്നുമുണ്ട് ചിലര്‍. തിരഞ്ഞെടുപ്പ് കാലത്തെ 'കൗതുകങ്ങള്‍' തുടങ്ങിയിട്ടേയുള്ളൂ, ഇനിയും കാണാന്‍ ഏറെയുണ്ടാകും.




