ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ മാരകമായ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മികച്ച പ്രൊഫഷണലിസത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. അന്വേഷണത്തില്‍ ഇന്ത്യയെ സഹായിക്കാമെന്ന് അമേരിക്ക നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം കാനഡയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാര്‍ക്കോ റൂബിയോ. ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും അതേസമയം സ്ഥിതിഗതികള്‍ ഫലപ്രദമായി കൈകാര്യം ചെയ്തതിന് ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരെ പ്രശംസിക്കുകയും ചെയ്തതായി റൂബിയോ പറഞ്ഞു. അന്വേഷണത്തില്‍ ഇന്ത്യയ്ക്ക് യുഎസ് സഹായം വാഗ്ദാനം ചെയ്തിരുന്നു.

'ഞങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ ഇത്തരം അന്വേഷണങ്ങളില്‍ അവര്‍ക്ക് ഏറെ മികവുണ്ടെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല, അവര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്'', റൂബിയോ പറഞ്ഞു. ആക്രമണത്തെ അപലപിച്ച് വിവിധ രാഷ്ട്രങ്ങള്‍ രംഗത്തെത്തുകയും ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സ്വീകരിച്ച ദ്രുതഗതിയിലുള്ള നടപടികള്‍ക്കുള്ള അംഗീകാരത്തിനും ഇടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രസ്താവനയിറക്കി. ''കഴിഞ്ഞ രാത്രി ന്യൂഡല്‍ഹിയിലുണ്ടായ ഭയാനകമായ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു'', ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ സാമൂഹിക മാധ്യമ പോസ്റ്റില്‍ പറഞ്ഞു.

നേരത്തെ, ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു നേതാക്കളും ഉഭയകക്ഷി, ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു, ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവും അവരുടെ ചര്‍ച്ചകളില്‍ വിഷയമായി.

ഡല്‍ഹി സ്‌ഫോടനത്തില്‍ ആളപായം ഉണ്ടായതില്‍ റൂബിയോ അനുശോചനം രേഖപ്പെടുത്തിയതില്‍ എക്‌സ് പോസ്റ്റില്‍ ജയശങ്കര്‍ നന്ദിയറിയിച്ചു. ''ഡല്‍ഹി സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതിലുള്ള അദ്ദേഹത്തിന്റെ അനുശോചനത്തില്‍ നന്ദിയറിയിക്കുന്നു. വ്യാപാരത്തിലും വിതരണ ശൃംഖലയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഞങ്ങള്‍ ഉഭയകക്ഷി ബന്ധങ്ങള്‍ ചര്‍ച്ച ചെയ്തു. യുക്രൈന്‍ സംഘര്‍ഷം, മിഡില്‍ ഈസ്റ്റ് /പശ്ചിമേഷ്യന്‍ സാഹചര്യം, ഇന്‍ഡോ-പസഫിക് എന്നിവയെക്കുറിച്ചും ചര്‍ച്ച നടത്തി'', ജയശങ്കര്‍ കുറിച്ചു.

നവംബര്‍ 10 ന് ഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് കാര്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ഡല്‍ഹിയില്‍ നടന്നത് ഭീകരവാദ നീക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി. ചെങ്കോട്ട സ്‌ഫോടനത്തില്‍ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. രണ്ടുമിനിറ്റ് നേരം മൗനം ആചരിച്ചു. ഭീകരവാദത്തോട് ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍, ഏജന്‍സികളോട് ആഴത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹിയിലേത് ദേശവിരുദ്ധ ശക്തികള്‍ നടത്തിയ ഹീനമായ പ്രവൃത്തിയാണ്. യുക്തിരഹിതമായ അക്രമമാണ് നടന്നതെന്നും കേന്ദ്ര മന്ത്രിസഭ വിലയിരുത്തി.

ഭീകരവാദ പ്രവര്‍ത്തനങ്ങളോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍, ലോകരാജ്യങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഗൂഢാലോചനയില്‍ ഭാഗമായവരെയും കണ്ടെത്താന്‍ ശക്തവും വേഗത്തിലുമുള്ള അന്വേഷണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഭീകരവാദികളെ സ്‌പോണ്‍സര്‍ ചെയ്തവരെ അടക്കം കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉന്നതതലത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സേനകളെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു.