തിരുവനന്തപുരം: ചീഫ് സെക്രട്ടറി ജയതിലകിന് എതിരായ പോരാട്ടം എന്‍ പ്രശാന്ത് തുടരും. ആ പാട്ടക്കരാര്‍ ജയതിലകിന് എതിരാകും. ഇതിന്റെ സൂചനകളാണ് പ്രശാന്ത് പുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ നല്‍കുന്നത്. നേരത്തെ ഇതു സംബന്ധിച്ച പരാതി മറ്റൊരാള്‍ വിജിലന്‍സിന് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജിലന്‍സിന് കൂടി മനസ്സിലാകാന്‍ വേണ്ടി അതിലെ ചട്ടലംഘനങ്ങള്‍ പ്രശാന്ത് ചൂണ്ടിക്കാട്ടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച സഹോദരന്റെ ഷെയര്‍ എങ്ങനെയാണ് 2025 ലും രേഖയില്‍ ഉണ്ടാവുക? 1997 ല്‍ അന്തരിച്ച പിതാവിന്റെ സ്വത്ത് എന്ത് കൊണ്ട് 2021 വരെയുള്ള വാര്‍ഷിക സ്വത്ത് വിവര സമര്‍പ്പണത്തില്‍ വന്നില്ല എന്നൊന്നും നമ്മള്‍ സംശയിക്കരുത്. പക്ഷേ, ഞാന്‍ സംശയിച്ചു. സസ്‌പെന്‍ഷനല്ലേ-ഇതാണ് പ്രശാന്തിന്റെ പരിഹാസം.

അനധികൃത സ്വത്ത് സമ്പാദിച്ചതിന് ഡോ. ജയതിലകിനെ ഒരു കാരണവശാലും സസ്‌പെന്റ് ചെയ്യരുത്. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചതിന് അച്ചടക്ക നടപടി ഒരു കാരണവശാലും ഉണ്ടാവരുത്. അനധികൃത സ്വത്ത് സമ്പാദിച്ചെന്നും, സര്‍ക്കാരിനെ പറ്റിച്ചെന്നുമല്ലേ ഉള്ളു, ഫേസ് ബുക്കില്‍ സിനിമാ ഡയലോഗൊന്നും എഴുതിയില്ലല്ലോ-ഇങ്ങനെ സര്‍ക്കാരിനും പ്രശാന്തിന്റെ ഒളിയമ്പുണ്ട്.

പ്രശാന്തിന്റെ പുതിയ പോസ്റ്റ് ചുവടെ

വികസനക്കുതിപ്പ്

മരിച്ച് പോയ പിതാവില്‍ നിന്ന് ഡോ. ജയതിലകിന് ലഭിച്ചെന്ന് പറയുന്ന ചെറുവയ്ക്കല്‍ വില്ലേജിലെ ഭൂമി തരിശാണെന്നും, അതിന്റെ മൂന്നിലൊന്ന് ഭാഗത്തിന്റെ അവകാശം മാത്രമേ തനിക്കുള്ളൂ എന്നും, ആ ഭൂമിയില്‍ നിന്ന് ഒരു വരുമാനവും ഇല്ലെന്നുമാണ് അദ്ദേഹം സര്‍ക്കാരില്‍ അറിയിച്ചിരിക്കുന്നത്. 2021 മുതല്‍ 2025 വരെയുള്ള അദ്ദേഹത്തിന്റെ വാര്‍ഷിക സ്വത്ത് വിവര സമര്‍പ്പണ രേഖകള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച സഹോദരന്റെ ഷെയര്‍ എങ്ങനെയാണ് 2025 ലും രേഖയില്‍ ഉണ്ടാവുക? 1997 ല്‍ അന്തരിച്ച പിതാവിന്റെ സ്വത്ത് എന്ത് കൊണ്ട് 2021 വരെയുള്ള വാര്‍ഷിക സ്വത്ത് വിവര സമര്‍പ്പണത്തില്‍ വന്നില്ല എന്നൊന്നും നമ്മള്‍ സംശയിക്കരുത്. പക്ഷേ, ഞാന്‍ സംശയിച്ചു. സസ്‌പെന്‍ഷനല്ലേ.

അതായത് ഈ ഭൂമി അദ്ദേഹത്തിന്റെ അന്തരിച്ച പിതാവില്‍ നിന്ന് ലഭിച്ചതല്ല. സത്യത്തില്‍ 1987 ല്‍ ഡോ. ജയതിലകിന്റെ അമ്മയുടെ പേരില്‍ വാങ്ങിയ വസ്തു 2020 ല്‍ പട്ടം സബ് രജിസ്ട്രാര്‍ ഓഫീസിലെ 1848 നമ്പര്‍ ഡോക്യുമെന്റ് പ്രകാരം ഡോ. ജയതിലക് കൈവശപ്പെടുത്തിക്കഴിഞ്ഞിരുന്നു. എന്ന് മാത്രമല്ല, 30.01.21 ല്‍ പട്ടം സബ് രജിസ്ട്രാര്‍ ഓഫീസിലെ 4212 നമ്പര്‍ ഡോക്യുമെന്റ് പ്രകാരം ഇത് പാട്ടക്കരാറാക്കി സംയുക്തമായി ബിസിനസ് സ്ഥാപനം തുടങ്ങാന്‍ ശ്രീമതി ദീപ കണ്ണന് കൈമാറിയതായി കാണാം. മാസം മാസം ഡോ. ജയതിലകിന് പണം കൊടുക്കണം. രേഖയില്‍ മൊത്തം വാടക ?1,17,373/- ആണ് കാണിച്ചിരിക്കുന്നത്. GST എക്‌സ്ട്രാ. ശരിക്കും എത്രയാണെന്ന് ഡോ. ജയതിലകിനും ശ്രീമതി ദീപ കണ്ണനും മാത്രമേ അറിയൂ. ഇത്തരം കരാറുകള്‍ ഉണ്ടാക്കുന്നതെന്തിനാണെന്ന് നല്ല CA ക്കാര് പറഞ്ഞ് തരും!

ചുരുക്കിപ്പറഞ്ഞാല്‍, ഡോ. ജയതിലക് സര്‍ക്കാരില്‍ സമര്‍പ്പിച്ചത് തികച്ചും വ്യാജമായ വിവരമാണ്. വസ്തു വാങ്ങുമ്പോഴും, വില്ക്കുമ്പോഴും, പാട്ടത്തിന് കൊടുക്കുമ്പോഴും നമ്മള്‍ സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും സര്‍ക്കാരില്‍ അറിയിക്കണം. IAS ഉദ്യോഗസ്ഥരാകട്ടെ അഖിലേന്ത്യാ സര്‍വീസ് ചട്ടം 16(3) ല്‍ നിഷ്‌കര്‍ഷിക്കുന്ന ഫോം -III ല്‍ മുന്‍കൂര്‍ അനുമതിയാണ് വാങ്ങേണ്ടത്. ഇപ്പറഞ്ഞതൊന്നും ഡോ. ജയതിലക് ചെയ്തിട്ടില്ലെന്ന് മാത്രമല്ല, സര്‍ക്കാരിനെ കബളിപ്പിച്ച് അനധികൃതമായി വരുമാനം ഉണ്ടാക്കിയതായി രേഖകള്‍ കാണിക്കുന്നു.

2025 ല്‍ വ്യാജമായ ഈ സത്യവാങ്ങ്മൂലം യാതൊരു പരിശോധനയും കൂടാതെ വാങ്ങി പൂഴ്ത്തി വെച്ച അന്നത്തെ ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരന്‍ ഫേസ് ബുക്കില്‍ ഡോ. ജയതിലകിന് ഇഷ്ടപ്പെടാത്ത എന്തെങ്കിലും ആരെങ്കിലും പറയുന്നുണ്ടോ എന്ന് സാകുതം നിരീക്ഷിക്കുകയായിരുന്നു. ഫേസ് ബുക്ക് നിരീക്ഷണം പോലൊരു വലിയ ജോലി ചെയ്യുമ്പോള്‍ ഇതൊക്കെ വിട്ടു പോകുന്നത് സ്വാഭാവികം. പോരെങ്കില്‍ GST എക്‌സ്ട്രാ എന്ന് ഡോ. ജയതിലക് രേഖയില്‍ പറയുന്നുമുണ്ട്. അപ്പോ കേസില്ല.

ഡോ. ജയതിലകിന്റെ കൊച്ചു ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ച്ചയെ തടയുന്ന നിയമങ്ങള്‍ അനവധിയാണ്. AIS (Conduct) Rules, 1968 റൂള്‍ 16(2), 16(3) & 16(4) ഒക്കെ ഇവിടെ പച്ചയ്ക്ക് ലംഘിക്കപ്പെട്ടു. Rule 3(1), Rule 3(1A), 3(2), 3(2A), 3(2B)(iv)-(xiii) എന്നിവയുമായി ചേര്‍ത്ത് വായിക്കുമ്പോള്‍, AIS (Conduct) Rules, 1968 പ്രകാരം - absolute integrity (സമ്പൂര്‍ണ്ണമായ സത്യസന്ധത) യും devotion to duty (ജോലിയോടുള്ള അര്‍പ്പണബോധവും) നിലനിര്‍ത്തുന്നതിലുള്ള പരാജയം എന്നിവയും വ്യക്തമാണ്. Rule 13(1)(a) & 13(1)(b) (prior sanction (മുന്‍കൂര്‍ അനുമതി) ഇല്ലാതെ trade/business (കച്ചവടം/വ്യാപാരം) ഏര്‍പ്പെടുകയോ മറ്റ് employment (ജോലി) negotiate (ചര്‍ച്ച ചെയ്യുകയോ)/സ്വീകരിക്കുകയോ ചെയ്യുക), Rule 13(2) (കുടുംബാംഗങ്ങളുടെ trade/business/agency എന്നിവ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക), ഒപ്പം Rule 13(4) (സര്‍ക്കാര്‍ അനുമതിയില്ലാതെ fees സ്വീകരിക്കുക), എന്നീ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി, വാണിജ്യപരമായ ക്രമീകരണങ്ങള്‍ (commercial arrangements) ബന്ധപ്പെട്ട വ്യക്തികള്‍/കുടുംബം വഴി നടത്തി sanctioned framework ന് പുറത്ത് pecuniary advantage (സാമ്പത്തിക നേട്ടം) നേടിയതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ട്.

ഈ നിയമങ്ങള്‍ മാറണം. Ease of doing business പട്ടികയില്‍ നമ്മള്‍ ഇനിയും മെച്ചപ്പെടണമെങ്കില്‍, നല്ല നല്ല ബിസിനസ് ഉദ്യമങ്ങള്‍ പടര്‍ന്ന് പന്തലിക്കണമെങ്കില്‍, ഈ കാലഹരണപ്പെട്ട നിയമങ്ങള്‍ കണ്ടില്ലെന്ന് നടിക്കണം. അനധികൃത സ്വത്ത് സമ്പാദിച്ചതിന് ഡോ. ജയതിലകിനെ ഒരു കാരണവശാലും സസ്‌പെന്റ് ചെയ്യരുത്. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചതിന് അച്ചടക്ക നടപടി ഒരു കാരണവശാലും ഉണ്ടാവരുത്. അനധികൃത സ്വത്ത് സമ്പാദിച്ചെന്നും, സര്‍ക്കാരിനെ പറ്റിച്ചെന്നുമല്ലേ ഉള്ളു, ഫേസ് ബുക്കില്‍ സിനിമാ ഡയലോഗൊന്നും എഴുതിയില്ലല്ലോ.

..... തുടരും. ഇനീം ട്വിസ്റ്റ് ഉണ്ട്.