തിരുവനന്തപുരം: പ്രാദേശിക ആര്‍എസ്എസ് നേതൃത്വത്തിനെതിരേ ഗുരുതര ആരോപണവുമായി നെടുമങ്ങാട്ട് ആത്മഹത്യയ്ക്കു ശ്രമിച്ച ബിജെപി നേതാവ് ശാലിനി. സംഘത്തിന്റെ പ്രാദേശിക നേതാക്കള്‍ തന്നെ വ്യക്തിഹത്യനടത്തിയെന്ന് ശാലിനി ആരോപിച്ചു. നെടുമങ്ങാട് പനയ്ക്കോട്ടല വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ചാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ശാലിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ ശാലിനിയെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. മറ്റൊരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍നിന്ന് ശാലിനി വീട്ടില്‍ തിരിച്ചെത്തി.

അതിന് ശേഷമാണ് ശാലിന് പ്രതികരിച്ചത്. ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. തന്നെ മത്സരിപ്പിക്കരുതെന്ന് ബിജെപി നേതാക്കളില്‍ സമ്മര്‍ദം ചെലുത്തി. തനിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയതില്‍ മനംനൊന്താണ് ആത്മഹത്യക്കുശ്രമിച്ചതെന്നും ശാലിനി പറഞ്ഞു. 'സ്ഥാനാര്‍ഥിത്വം ഏകദേശം തീരുമാനമായതായിരുന്നു. സംഘത്തിന്റെ പ്രാദേശിക നേതാക്കള്‍ എന്നോടും കുടുംബത്തോടും വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി എന്നെപ്പറ്റി മോശമായി സംസാരിച്ചു. നിര്‍ത്താന്‍ പാടില്ലെന്ന് പാര്‍ട്ടിയെ സമ്മര്‍ദം ചെലുത്തി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ പല പ്രചാരണങ്ങളും നടത്തി. എനിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്', ശാലിനി പറഞ്ഞു.

'ബിജെപിയുടെ ഒരു വ്യക്തിയും ഇതിലില്ല. ആര്‍എസ്എസിന്റെ മുകളിലേക്കുള്ള ആരുമില്ല. കരിപ്പുര്‍ ശാഖയുമായി ബന്ധപ്പെട്ട വളരേ ചുരുക്കം ചില ആളുകളാണ് പിന്നില്‍. ആര്‍എസ്എസിന്റെ പ്രാദേശിക നേതാക്കളായ രണ്ടുമൂന്നുപേര്‍ സീറ്റു കിട്ടരുത്, കിട്ടിയാല്‍ ഞാന്‍ ജയിക്കരുത് എന്ന ഉദ്ദേശത്തോടെയാണ് എല്ലാംചെയ്തത്. എന്റെ ജന്മനാടാണ് ഇത്. സംഘടന പറഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ രണ്ടുതവണയും മറ്റ് രണ്ടിടങ്ങളില്‍ മത്സരിച്ചിരുന്നു. പാര്‍ട്ടി തന്നെ തീരുമാനിച്ച് എന്റെ സ്വന്തം സ്ഥലം തന്നതാണ്. ഞാന്‍ ഒരു രീതിയിലും ജയിച്ചുവരരുതെന്ന രീതിയില്‍ വ്യക്തിവൈരാഗ്യം തീര്‍ത്തതാണ്', ശാലിനി ആരോപിച്ചു.

'ഒരു തരത്തിലും പിടിച്ചുനില്‍ക്കാന്‍ പറ്റാതായതോടെയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഫോണില്‍ പലതവണ പരാതിയായി പറഞ്ഞിരുന്നു. അത് പരിഗണിക്കാമെന്നും പറഞ്ഞിരുന്നു', അവര്‍ കൂട്ടിച്ചേര്‍ത്തു.