തലശ്ശേരി: പാനൂര്‍ പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ബിജെപി നേതാവ് കെ. പത്മരാജന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചതിനെതിരെ ഉടന്‍ അപ്പീല്‍ നല്‍കും. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് ശിക്ഷ അനുവദിക്കണം. ഇതിനു പുറമെ, പോക്‌സോ കേസ് പ്രകാരം രണ്ടുവകുപ്പുകളിലായി 40 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും അടക്കണം. ആകെ രണ്ട് ലക്ഷം രൂപ പ്രതി അടക്കണമെന്ന് കോടതി വിധിച്ചു. ഇയാള്‍ കുറ്റക്കാരനാണെന്ന് തലശ്ശേരി അതിവേഗ പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഹൈക്കോടതിയില്‍ അതിവേഗം അപ്പീല്‍ നല്‍കും. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസില്‍ കെ. പദ്മരാജനെയാണ് (52) ജഡ്ജി എ.ടി. ജലജാറാണി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. മനസാവാച കര്‍മണാ ഞാന്‍ അറിയാത്ത കേസിലാണ് ശിക്ഷിക്കുന്നതെന്നും എന്റെ ഭാര്യ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദികള്‍ എസ് ഡി പി ഐയും മത തീവ്രവാദികളുമാണെന്ന് കോടതിയില്‍ പത്മരാജന്‍ പറഞ്ഞിരുന്നു. ഈ വാദത്തെ മുഖവിലയ്ക്ക് എടുത്താണ് പരിവാര്‍ സംഘടനകള്‍ അപ്പീല്‍ നീക്കം സജീവമാക്കുന്നത്. അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നാണ് അവരുടെ വിലയിരുത്തല്‍.

12 വയസ്സിന് താഴെയുള്ള കുട്ടിയെ ഒന്നില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതിന് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ബലാത്സംഗം ചെയ്തതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എം. ഭാസുരി ഹാജരായി. എന്നാല്‍ നിരവധി ദുരൂഹതകള്‍ ഈ കേസിലുണ്ട്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ സ്‌കൂളിലെ ശൗചാലയത്തില്‍ കൊണ്ടുപോയി മൂന്നുതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനവിവരം ചൈല്‍ഡ് ലൈനിലാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി 2020 മാര്‍ച്ച് 17-ന് പാനൂര്‍ പോലീസ് കേസെടുത്തു. ഏപ്രില്‍ 15-ന് പൊയിലൂര്‍ വിളക്കോട്ടൂരില്‍നിന്ന് പ്രതിയെ പിടികൂടി. കേസ് പിന്നീട് ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണസംഘവും അന്വേഷിച്ചു. പ്രത്യേക അന്വേഷണസംഘമാണ് പോക്സോ വകുപ്പ് ഉള്‍പ്പെടുത്തി അന്തിമ കുറ്റപത്രം നല്‍കിയത്. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന എസ്. ശ്രീജിത്ത് ഫോണ്‍സംഭാഷണത്തില്‍ പ്രതിയെ അനുകൂലിച്ച് സംസാരിച്ചതായുള്ള വെളിപ്പെടുത്തല്‍ വന്‍ വിവാദമായിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയത്. തീരമേഖലാ എഡിജിപി ഇ.ജെ. ജയരാജന്‍, അസി. കമ്മിഷണര്‍ ടി.കെ. രത്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം 2021 മേയില്‍ അന്തിമ കുറ്റപത്രം നല്‍കി. ഇതില്‍ രത്‌നകുമാര്‍ ശ്രീകണ്ഠാപുരത്തെ സിപിഎം സ്ഥാനാര്‍ത്ഥിയാണ്. നവീന്‍ ബാബു കേസ് അന്വേഷിച്ചതും ഇതേ രത്‌നകുമാറാണ്.

മാര്‍ച്ചില്‍ വിരമിച്ച രത്‌നകുമാര്‍ ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡിലാണു മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ പ്രതിയായ കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലായിരുന്നെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. പാലത്തായി കേസിന് 2020 മാര്‍ച്ച് 16ന് തലശ്ശേരി ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയിലായിരുന്നു തുടക്കം. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ടും സംഘപരിവാര്‍ അധ്യാപക സംഘടനയായ എന്‍ടിയുവിന്റെ ജില്ലാ നേതാവുമായിരുന്ന പ്രതി കെ.കെ.പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും മറ്റൊരു വീട്ടില്‍ വച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. തലശ്ശേരി ഡിവൈഎസ്പി പാനൂര്‍ പൊലീസിന് പരാതി കൈമാറി. അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. എന്നാല്‍ പ്രതിക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പോക്സോ ചുമത്തി കേസെടുത്തു.

ഏപ്രില്‍ 15ന് ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പത്മരാജനെ അറസ്റ്റു ചെയ്തു. അന്വേഷണ സംഘത്തിനെതിരെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. എന്നാല്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ അലംഭാവം കാട്ടി. 90 ദിവസം തികയുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് കുറ്റപത്രം നല്‍കിയത്. പോക്സോ വകുപ്പും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല. പോക്സോ ചുമത്താത്തതിനാല്‍ ഹൈക്കോടതിയില്‍ നിന്ന് പ്രതിക്ക് ജാമ്യവും ലഭിച്ചു. ഇതോടെ കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ അന്വേഷണം നര്‍ക്കോട്ടിക് സെല്‍ എ.എസ്.പി ആയിരുന്ന രേഷ്മ രമേഷിന് നല്‍കി. എന്നാല്‍ ഈ അന്വേഷണവും തെറ്റായ ദിശയിലാണെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചതോടെ വീണ്ടും അന്വേഷണ സംഘത്തെ മാറ്റി. ഡിഐജി എസ്.ശ്രീജിത്തിനായിരുന്നു അന്വേഷണ ചുമതല. അന്വേഷണത്തിനിടെ പ്രതി നിരപരാധിയാണെന്ന് എസ്.ശ്രീജിത്ത് പറയുന്ന ശബ്ദരേഖ പുറത്തുവന്നത് വന്‍ വിവാദമായി. ശബ്ദരേഖ ശ്രീജിത്ത് നിഷേധിക്കുകയും ചെയ്തിരുന്നില്ല. ഇതിന് പിന്നാലെ വീണ്ടും അന്വേഷണസംഘത്തെ മാറ്റി. എഡിജിപി ഇ.ജെ.ജയരാജന്‍, തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ടി.കെ.രത്നകുമാര്‍ എന്നിവരുടെ സംഘത്തിനായിരുന്നു അടുത്ത ചുമതല. ഇവരുടെ അന്വേഷണത്തിലാണ് പോക്സോ ചേര്‍ത്ത് അന്തിമ കുറ്റപത്രം നല്‍കിയത്. കൂടാതെ പീഡനം ഉണ്ടായ ശുചിമുറിയില്‍ നിന്ന് രക്തസാമ്പിളുകള്‍ അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തു. അഞ്ചുതവണ അന്വേഷണസംഘത്തെ മാറ്റിയ പാലത്തായി കേസില്‍ തുടക്കം മുതല്‍ രാഷ്ട്രീയ വിവാദവും ഉണ്ടായിരുന്നു. പീഡന പരാതിക്ക് പിന്നില്‍ എസ്.ഡി.പി.ഐയും, ജമാഅത്തെ ഇസ്ലാമിയും ആണെന്നായിരുന്നു ബിജെപി ആരോപിച്ചിരുന്നത്.