ന്യൂഡല്‍ഹി: അമേരിക്കയില്‍നിന്ന് എല്‍പിജി ഇറക്കുമതി ചെയ്യുന്നതിനായി കരാറില്‍ ഒപ്പുവെച്ച് ഇന്ത്യ. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദിപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. എണ്ണക്കമ്പനികളുമായി ചര്‍ച്ചനടത്തിയെന്നും പെട്രോളിയം മന്ത്രി അറിയിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണ് ഇതെന്നും ചരിത്ര പ്രധാനമായ തീരുമാനമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മന്ത്രി കരാര്‍ വിവരം പുറത്തുവിട്ടത്. ലോകത്തെ ഏറ്റവും വേഗം വളരുന്നതും ഏറ്റവും വലുതുമായ എല്‍പിജി വിപണി അമേരിക്കയ്ക്ക് തുറന്നുകൊടുക്കുകയാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ജീപ് സിങ് പുരി എക്‌സില്‍ വ്യക്തമാക്കി.

'ചരിത്രത്തിലാദ്യം. സുരക്ഷിതമായും താങ്ങാനാകുന്ന വിലയിലും ഇന്ത്യക്കാര്‍ക്ക് എല്‍പിജി വിതരണം ചെയ്യാനുള്ള ശ്രമമാണ്. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ രാജ്യങ്ങളില്‍നിന്ന് എല്‍പിജി വാങ്ങുന്നത്. ഇതൊരു സുപ്രധാന ചുവടുവെപ്പാണ്', ഹര്‍ദിപ് സിങ് പുരി പറഞ്ഞു.

ഇന്ത്യ എല്‍പിജി സ്രോതസ്സുകളെ വൈവിധ്യവല്‍ക്കരിക്കുകയാണെന്നും ജനങ്ങള്‍ക്ക് കുറഞ്ഞചെലവില്‍, തടസ്സമില്ലാതെ എല്‍പിജി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക്, പ്രത്യേകിച്ച് പ്രധാനമന്ത്രി ഉജ്വല യോജനയുടെ ആനുകൂല്യം നേടുന്ന വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ എല്‍പിജി ലഭ്യമാക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി. വര്‍ഷം 2.2 മില്യന്‍ ടണ്‍ എല്‍പിജി വാങ്ങാനാണ് കരാര്‍. ഇന്ത്യയിലേക്കുള്ള മൊത്തം എല്‍പിജി ഇറക്കുമതിയുടെ 10 ശതമാനമാണ് ഇതുപ്രകാരം അമേരിക്കയില്‍ നിന്നെത്തുക.

കരാര്‍ ഒപ്പിടുന്നതിന് മുന്‍പായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസിഎല്‍), ഭാരത് പെട്രോളിയം (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്പിസിഎല്‍) കമ്പനികള്‍ യുഎസിലെത്തി എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാര്‍ ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമായേക്കുമെന്നാണ് സൂചനകള്‍. യുഎസിന്റെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള നടപടികള്‍ക്കും ഇന്ത്യന്‍ കമ്പനികള്‍ തുടക്കമിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ എല്‍പിജി ഇറക്കുമതിക്കുള്ള കരാറിലേക്കും ഇന്ത്യന്‍ കമ്പനികള്‍ കടന്നത്.

ലോകത്തിലെ ഏറ്റവും വലുതും വേഗത്തില്‍ വളരുന്നതുമായ എല്‍പിജി വിപണികളില്‍ ഒന്നായ ഇന്ത്യ അമേരിക്കയുമായി കൈകോര്‍ക്കുന്നത് സുപ്രധാന ചുവടുവെയ്പാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് സുരക്ഷിതവും താങ്ങാനാവുന്ന വിലയിലുള്ളതുമായ എല്‍പിജി വിതരണം നല്‍കാനുള്ള ശ്രമമാണെന്നും ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഏകദേശം 2.2 മെട്രിക് ടണ്‍ എല്‍പിജി ഇറക്കുമതി ചെയ്യുന്നതിനുള്ള ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

ഇന്ത്യന്‍ വിപണിയിലെ യുഎസ് എല്‍പിജി ഉള്‍പ്പെടുന്ന ആദ്യത്തെ ദീര്‍ഘകാല കരാറാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വാര്‍ഷിക എല്‍പിജി ഇറക്കുമതിയുടെ 10 ശതമാനത്തോളം വരുന്ന ഈ തുക യുഎസ് ഗള്‍ഫ് കോസ്റ്റില്‍ നിന്നാണ് ലഭ്യമാക്കുക. ആഗോള എല്‍പിജി വ്യാപാരത്തിലെ പ്രധാന വിലനിര്‍ണ്ണയ പോയിന്റായ മൗണ്ട് ബെല്‍വിയുവിനെ അടിസ്ഥാനമാക്കിയാണ് കരാറെന്ന് ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എല്‍പിജി ഉപഭോക്താവാണ് ഇന്ത്യ. ഇതില്‍ 50 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഭൂരിഭാഗവും പശ്ചിമേഷ്യന്‍ വിപണികളില്‍ നിന്നാണ്.

40,000 കോടിയുടെ ബാധ്യത

ഒരുവര്‍ഷത്തിനിടെ രാജ്യാന്തര എല്‍പിജി വില 60% കൂടിയെന്ന് പറഞ്ഞ ഹര്‍ദീപ് സിങ് പുരി, പക്ഷേ ഈ വിലക്കയറ്റം ഇന്ത്യയില്‍ പ്രതിഫലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഉജ്വല യോജനക്കാര്‍ക്ക് സിലിണ്ടറിന് 500-550 രൂപയാണ് ചെലവ്. മറ്റുള്ളവര്‍ക്ക് ഇത് ശരാശരി 1,100 രൂപയാണ്. രാജ്യാന്തര വിലവര്‍ധനയുടെ ആഘാതം ആഭ്യന്തര വിലയില്‍ പ്രതിഫലിക്കാതിരിക്കാനായി 40,000 കോടിയുടെ ബാധ്യതയാണ് കേന്ദ്രം ഏറ്റെടുത്തത്. നിലവില്‍ ഇന്ത്യ എല്‍പിജിയുടെ ഭൂരിഭാഗവും വാങ്ങുന്നത് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നാണ്.