തിരുവനന്തപുരം: ശബരിമലയില്‍ ഭയാനക സാഹചര്യമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ പ്രസ്താവനയില്‍ സര്‍ക്കാരിന് അതൃപ്തി. മുന്നൊരുക്കങ്ങളിലെ വീഴ്ചയും ജയകുമാര്‍ ആരോപിച്ചിരുന്നു. ഇതു രണ്ടും സര്‍ക്കാരിന് തിരിച്ചടിയായി. പ്രതിപക്ഷം പോലും ഈ വാക്കുകള്‍ ഏറ്റെടുത്തു. അത്തരത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനകള്‍ അരുതെന്ന് ജയകുമാറിന് സര്‍ക്കാര്‍ സന്ദേശം കൈമാറിയിട്ടുണ്ട്. ശബരിമലയില്‍ ഭക്തരെ ആശങ്കപ്പെടുത്തുന്ന തരത്തില്‍ ജയകുമാര്‍ സംസാരിച്ചത് ശരിയല്ലെന്ന തരത്തിലാണ് സര്‍ക്കാര്‍ നിരീക്ഷണം. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ഇത് തിരിച്ചടിയാകുമെന്ന ഭയം സിപിഎമ്മിനുമുണ്ട്. അതുകൊണ്ട് വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ജയകുമാറിനോട് സിപിഎമ്മും നിര്‍ദ്ദേശിക്കും. ഇന്നലെയുണ്ടായ തിക്കിനും തിരക്കിനും പിന്നാലെ സന്നിധാനത്ത് നിയന്ത്രണം കര്‍ശനമാക്കിയതോടെ തിരക്ക് നിയന്ത്രണ വിധേയമായിയ്യുണ്ട്. പാളിച്ചകള്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍ തീര്‍ഥാടകരെ നിലയ്ക്കല്‍ തടഞ്ഞു നിര്‍ത്തി നിയന്ത്രിച്ചാണ് പമ്പയിലേക്ക് പോകാന്‍ അനുവദിക്കുന്നത്. രാത്രിയില്‍ എത്തിയ തീര്‍ഥാടകരുടെ മുഴുവന്‍ വാഹനങ്ങളും നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കയറ്റിയിട്ടു. അതിലെ തീര്‍ഥാടകരോട് വിശ്രമിച്ച് പതുക്കെ മാത്രം പമ്പയിലേക്ക് പോകാനാണ് പൊലീസ് പറഞ്ഞത്. തിരക്ക് കുറയ്ക്കാന്‍ ജയകുമാര്‍ വച്ച നിര്‍ദ്ദേശമാണ് ഇത്. നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിംഗ് സെന്ററും കൂട്ടി.

അതിനിടെ എന്‍ഡിആര്‍എഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. തൃശൂരില്‍ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. രണ്ടാം സംഘം ഇന്ന് രാത്രിയോടെ എത്തുമെന്നാണ് വിവരം. പമ്പ - നിലയ്ക്കല്‍ റൂട്ടില്‍ ഭൂരിപക്ഷവും കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാക്കി. പമ്പയിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ മിനിറ്റില്‍ 3 മുതല്‍ 5 വരെ ബസുകള്‍ അയച്ച സ്ഥാനത്ത് ഇന്ന് നിയന്ത്രിച്ച് മാത്രമാണ് ബസുകള്‍ പോകാന്‍ അനുവദിക്കുന്നത്. അതേ സമയം, ദര്‍ശനം കഴിഞ്ഞ് പമ്പയില്‍ എത്തിയ തീര്‍ഥാടകരെ നിലയ്ക്കല്‍ എത്തിക്കാന്‍ നിര നിരയായി ബസുകള്‍ കാത്തു കിടക്കുകയാണ്. തീര്‍ഥാടകര്‍ കയറിയാല്‍ അപ്പോള്‍ തന്നെ ബസ് വിട്ടു പോകും. കഴിഞ്ഞ ദിവസം രാത്രി ഹരിവരാസനം ചൊല്ലി നട അടച്ചപ്പോള്‍ പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടം വരെ ഉണ്ടായിരുന്നു. അവരെ രാത്രി നട അടച്ച ശേഷവും പതിനെട്ടാംപടി കയറ്റി തിരക്ക് കുറച്ചു. ഇന്ന് പുലര്‍ച്ചെ 3ന് നട തുറന്ന ശേഷം വടക്കേ നടയിലൂടെ അവര്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കി. എരുമേലി പമ്പ പാതയില്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയാണ് ഇന്നലെ തിരക്ക് നിയന്ത്രിച്ചത്. ഇന്ന് വഴിയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടില്ല. രണ്ടു ദിവസം കൊണ്ട് പൂര്‍ണ്ണ തോതില്‍ എല്ലാം ശരിയാക്കാമെന്നാണ് നിഗമനം. എന്നാല്‍ ശനിയും ഞായറും കൂടുതല്‍ പേരെത്തിയല്‍ പ്രതിസന്ധി രൂക്ഷമാകാനും സാധ്യതയുണ്ട്.

പതിനെട്ടാംപടി കയറാനുള്ള ക്യൂ നിലവില്‍ ശരംകുത്തി വരെ മാത്രമാണ്. സന്നിധാനവും പമ്പയും പൂര്‍ണമായും പൊലീസിന്റെ നിയന്ത്രണത്തിലാണ്. വരി തെറ്റിച്ച് പതിനെട്ടാം പടിക്കലേക്ക് പോകാന്‍ ആരെയും അനുവദിക്കുന്നില്ല. ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് സുരക്ഷിതവും സുഗമവുമായ ദര്‍ശനം ഒരുക്കുന്നതിനായി എന്‍ഡിആര്‍എഫിന്റെ ആദ്യ സംഘം സന്നിധാനത്തെത്ത് സജീവമായിട്ടുണ്ട്. ചെന്നൈയില്‍ നിന്നുള്ള രണ്ടാം സംഘം രാത്രിയോടെ പമ്പയിലെത്തും. 40 പേരാണ് ഈ സംഘത്തിലുള്ളത്. ഒന്നേകാല്‍ ലക്ഷത്തിലേറെപ്പേരാണ് ഇന്നലെ സന്നിധാനത്തെത്തിയത്. എന്നാല്‍ ഇവരില്‍ 87000 പേരുടെ എണ്ണം മാത്രമേ രേഖപ്പെടുത്താന്‍ കഴിഞ്ഞുള്ളൂ. ഇന്നലെ വൈകിട്ട് സന്നിധാനത്ത് എത്തിയവരാണ് രാവിലെ ദര്‍ശനം നടത്തുന്നത്. തീര്‍ത്തും ശാന്തവും സമാധാനപൂര്‍ണവുമാണ് നിലവിലെ സ്ഥിതിഗതികള്‍. ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് പമ്പയിലെ സ്‌പോട്ട് ബുക്കിങ് പൂര്‍ണമായും നിലയ്ക്കലിലേക്ക് മാറ്റി. ഏഴ് കൗണ്ടറുകളാണ് ഇതിനായി തുറന്നിട്ടുള്ളത്. ഇരുപതിനായിരമാണ് നിലയ്ക്കലിലെ പരമാവധി സ്‌പോട്ട് ബുക്കിങ്. ഈ പരിധിയെത്തിയാല്‍ സ്‌പോട്ട് ബുക്കിങ് നിയന്ത്രിക്കും. ഡിസംബര്‍ 10 വരെ ഓണ്‍ലൈന്‍ ബുക്കിങ് ഒഴിവില്ലാത്തതിനാല്‍ സ്‌പോട്ട് ബുക്കിങ് കൂടുതലായി ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

അതിനിടെ സ്‌പോട്ട് ബുക്കിങിനെ ചൊല്ലി നിലയ്ക്കലില്‍ തര്‍ക്കമുണ്ടായി. ഏഴ് കൗണ്ടറുകള്‍ തുറക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അഞ്ച് കൗണ്ടറുകള്‍ മാത്രമാണ് തുറന്നതെന്നും മണിക്കൂറുകളായി കാത്ത് നില്‍ക്കുകയാണെന്നും ഭക്തര്‍ പറയുന്നു. പമ്പയില്‍ തീര്‍ഥാടകര്‍ കൂടുതല്‍ സമയം കാത്തുനില്‍ക്കുന്നത് ഒഴിവാക്കാനാണ് സ്‌പോട് ബുക്കിങ് നിലയ്ക്കലിലേക്ക് മാറ്റിയത്. ഇന്നലെ ഉണ്ടായ അതിഗുരുതര സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ കുറുക്കുവഴികളില്‍ തീര്‍ഥാടകര്‍ ഇറങ്ങാതെ ഇരിക്കാന്‍ നിരീക്ഷണം കര്‍ശനമാക്കും.