- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാര്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തി; സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കണ്ടെത്തല്‍; തെളിവുകളുമായി എസ്ഐടിയുടെ ചോദ്യം ചെയ്യല്‍; പിന്നാലെ അറസ്റ്റ്; മറ്റ് പ്രതികളുടെ മൊഴികളും നിര്‍ണായകം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് എസ്‌ഐടി രേഖപ്പെടുത്തിയത് നിര്‍ണായക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലെന്ന് വിവരം. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നതാണ് ഗുരുതരമായ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തിയത് പത്മകുമാറാണെന്നും കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റി പത്മകുമാറിന്റെ വീട്ടിലെത്തി ഗൂഢാലോചന നടത്തി. ഇതിന്റെ തെളിവും എസ്ഐടി ശേഖരിച്ചിട്ടുണ്ട്. എ.പത്മകുമാര്‍ സംസ്ഥാനത്തിനു പുറത്തേക്ക് നടത്തിയ യാത്രകളിലും എസ്ഐടി തെളിവ് ശേഖരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ രാവിലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എസ്ഐടി തലവന്‍ എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. പിന്നാലെയായിരുന്നു അറസ്റ്റ്. നിലവില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് പത്മകുമാര്‍. 32 വര്‍ഷം സിപിെഎമ്മിന് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി പ്രവര്‍ത്തിച്ചു. 42 വര്‍ഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ വീണ ജോര്‍ജിനെ ക്ഷണിതാവാക്കിയതിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഈ വിവാദത്തിന് ശേഷം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയില്ല. ശബരിമല യുവതി പ്രവേശന കാലത്തും വിവാദനായകനായിരുന്നു. തന്റെ വീട്ടില്‍ നിന്ന് സ്ത്രീകള്‍ ശബരിമലയിലേക്ക് പോകില്ല എന്നായിരുന്നു പത്മകുമാറിന്റെ വാദം.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശചെയ്തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) വിലയിരുത്തല്‍. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളടക്കം എസ്ഐടി വിശദമായി അന്വേഷിച്ചുവരികയാണ്.
സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി എ. പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്ഐടി നോട്ടീസ് നല്‍കിയിരുന്നു. എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നല്‍കിയത്. എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡന്റ്. ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്.




