- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മെസ്സി വരും കെട്ടോ..', കായിക മന്ത്രിയുടെ വാക്കുകേട്ട് ചര്‍ച്ചയ്ക്ക് ഇറങ്ങിയ കായിക വകുപ്പിന് ചെലവായത് 13 ലക്ഷം രൂപ; സ്വകാര്യ കമ്പനിയെ സ്പോണ്‍സര്‍ഷിപ്പ് ഏല്‍പ്പിച്ചു; പക്ഷെ കരാര്‍ ഇല്ല; നവംബര്‍ വിന്‍ഡോയില്‍ അംഗോളയില്‍ പോയ അര്‍ജന്റീനയെ ഇനി കാത്തിരിക്കണോ? മാര്‍ച്ചിലെ കേരള സന്ദര്‍ശനവും തള്ള് മാത്രം; സ്വന്തം വകുപ്പിനെ ഇരുട്ടില്‍നിര്‍ത്തിയ മന്ത്രിയുടെ ഇടപെടല്‍ വീണ്ടും ചര്‍ച്ചയില്‍
തിരുവനന്തപുരം: നവംബര്‍ വിന്‍ഡോയില്‍ അംഗോളയില്‍ പോയ അര്‍ജന്റീനയെ ഇനി കേരളം കാത്തിരിക്കണോ? ലയണല്‍ മെസ്സി മാര്‍ച്ചിലെങ്കിലും കേരളത്തില്‍ വരുമോ? ഈ ചോദ്യങ്ങള്‍ കേരളത്തിലെ കായിക വകുപ്പ് അധികൃതരോട് ചോദിച്ചാല്‍ ഞങ്ങള്‍ക്ക് ഒന്നും അറിയില്ല, എല്ലാം അറിയുന്നത് മന്ത്രിയുടെ ഓഫിസിനു മാത്രമാണെന്നാണ് അധികൃതര്‍ പറയുന്ന മറുപടി. മെസ്സിയുടെ വരവിനെക്കുറിച്ച് കായിക വകുപ്പിനെ തന്നെ ഇരുട്ടില്‍നിര്‍ത്തിയാണ് കായികമന്ത്രിയുടെ ഓഫിസ് നടപടി സ്വീകരിച്ചതെന്നാണ് കായിക വകുപ്പില്‍നിന്നു ലഭിക്കുന്ന മറുപടി വ്യക്തമാകുന്നത്.
അര്‍ജന്റീന ഫുട്ബോള്‍ ടീമും ലയണല്‍ മെസ്സിയും കേരളത്തില്‍ കളിക്കാനെത്തുന്നതായി സര്‍ക്കാരിന് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടുണ്ടോ എന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനാണ് അതു സംബന്ധിച്ച വിവരം തങ്ങളുടെ പക്കല്‍ ലഭ്യമല്ലെന്ന് കായിക വകുപ്പ് മറുപടി നല്‍കിയിരിക്കുന്നത്. ഏതൊക്കെ തീയതികളിലാണ് മെസ്സിയും അര്‍ജന്റീനയും വരിക, ഏതു സ്റ്റേഡിയത്തിലാണ് കളിക്കുക, ആരാണ് എതിര്‍ടീം, എത്രയാണ് ടിക്കറ്റ് നിരക്ക് തുടങ്ങിയ ചോദ്യങ്ങള്‍ കായിക മന്ത്രിയുടെ ഓഫിസിനു കൈമാറിയിട്ടുണ്ടെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്.
അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കായിക വകുപ്പില്‍നിന്ന് 13 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നു മാത്രമാണ് വകുപ്പിന് ആകെ അറിയുന്നത്. ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് തുക ചെലവഴിച്ചിരിക്കുന്നത്. 2025 ജനുവരി ഏഴിനു പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്വകാര്യ കമ്പനിയെ സ്പോണ്‍സര്‍ഷിപ്പ് ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരും സ്വകാര്യ കമ്പനിയും തമ്മില്‍ ഒരു തരത്തിലുള്ള കരാറും ഇല്ലെന്നും കായിക വകുപ്പ് വ്യക്തമാക്കുന്നു. അതേസമയം, കരാര്‍ ലംഘിച്ചതിന്റെ പേരില്‍ ഏപ്രില്‍ 15നും 30നും സ്വകാര്യ കമ്പനിക്കു സര്‍ക്കാര്‍ നോട്ടിന് നല്‍കിയതായി മുന്‍പ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
മെസ്സിയെ എത്തിക്കാന്‍ സ്വകാര്യ കമ്പനിയെ സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പ് ഏല്‍പ്പിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള കരാറും ഉണ്ടാക്കിയിട്ടില്ല. മെസ്സിയുടെ വരവ് ഏറെ നാളുകളായി നാട്ടിലാകെ ചര്‍ച്ചയാണെങ്കിലും കായികവകുപ്പിന് ഇതേക്കുറിച്ച് ഒന്നും അറിയില്ല, ഒന്നും പറയാനുമില്ല. പക്ഷേ വകുപ്പ് മന്ത്രി നല്‍കിയ വാക്ക് വിശ്വസിച്ച് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകരും കായിക വകുപ്പും.
നവംബര്‍ കടന്നുപോയി, ഇനി മാര്‍ച്ച്
മന്ത്രി പറഞ്ഞ അതേ നവംബര്‍ വിന്‍ഡോയില്‍ അംഗോളയില്‍ പോയി സൗഹൃദ മത്സരം കളിച്ചു അര്‍ജന്റീന. അംഗോളയുടെ സ്വാതന്ത്ര്യ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിഥി രാജ്യമായി കളിക്കാനെത്തിയ അര്‍ജന്റീന മറുപടിയില്ലാത്ത രണ്ട് ഗോളിന് അംഗോളയെ കീഴടക്കുകയും ചെയ്തു. കളിയുടെ 43-ാം മിനിറ്റില്‍ ലൗതാരോ മാര്‍ട്ടിനസും, 82-ാം മിനിറ്റില്‍ മെസ്സിയും നേടിയ ഗോളുകളായിരുന്നു ടീമിന് വിജയം സമ്മാനിച്ചത്. ഇതിന് പിറകെയും വന്നു ട്രോള്‍. കലൂരിലെ ഗോള്‍ പോസ്റ്റില്‍ അടിക്കാനുള്ള ഗോളുകളാണ് അംഗോളക്കാര്‍ കോണ്ടുപോയതെന്നായിരുന്നു ഇതിലൊന്ന്.
ട്രോളൊക്കെ അതിന്റെ വഴിക്ക് നടക്കുന്നുണ്ടെങ്കിലും കായിക മന്ത്രി മെസ്സിയെ കൈവിട്ട മട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള പ്രസ്താവന. അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തിലെത്തുമെന്നാണ് മന്ത്രി അവകാശപ്പെട്ടത്. 15 ദിവസത്തിനകം സ്റ്റേഡിയത്തിന് ഫിഫ അംഗീകാരം നല്‍കുമെന്നും മന്ത്രി അവകാശപ്പെട്ടു. എന്നാല്‍ ആ ദിവസങ്ങളും ആരവങ്ങളില്ലാതെ കടന്നു പോകാനാണ് സാധ്യത.
സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോള്‍മഴ, കുലുക്കമില്ലാതെ മന്ത്രി
'മെസ്സി വരും കെട്ടോ.. എന്ന സംസ്ഥാന കായിക മന്ത്രിയുടെ അവകാശ വാദത്തില്‍ കഴമ്പുണ്ടായിരുന്നെങ്കില്‍ കേരളം നവംബര്‍ 17ന് കലൂരില്‍ തമ്പടിച്ചേനേ. ലയണല്‍ മെസ്സിയും കൂട്ടുകാരും മലയാളക്കരയില്‍ പന്തുതട്ടാനിറങ്ങുമെന്ന് മന്ത്രി പ്രഖ്യാപിച്ച ദിവസം അന്നായിരുന്നു മന്ത്രി വി.അബ്ദുറഹിമാന്റെയും വിവാദ സ്‌പോണ്‍സറുടെയും അവകാശവാദങ്ങളില്‍ വിശ്വസിച്ച് കേരളം കാത്തിരുന്ന ചരിത്ര മൂഹൂര്‍ത്തം പക്ഷേ, ഫുട്‌ബോള്‍ ആരവങ്ങളില്ലാതെ കടന്നുപോയി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പുല്‍ത്തകിടിയില്‍ അര്‍ജന്റീനയുടെ വിശ്വവിജയികള്‍ പന്ത് തട്ടുന്നത് സ്വപ്‌നം കണ്ടിരുന്നവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോള്‍ മഴ പെയ്യിച്ചെങ്കിലും യാതൊരു കുലുക്കവുമില്ലാതെ അടുത്ത അവകാശവാദവുമായി മന്ത്രി എത്തുകയും ചെയ്തു.
ഓസ്‌ട്രേലിയ എതിരാളികളായെത്തുമെന്നായിരുന്നു മന്ത്രിയുടെയും സ്?പോണ്‍സറുടെയും പ്രഖ്യാപനം. കൊച്ചിയിലെത്തിയ അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്റെ ഇന്റര്‍നാഷനല്‍ മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ ഖബ്രേറ നല്‍കിയ ഉറപ്പിന്മേലായിരുന്നു മന്ത്രി തീയതിയടക്കം പ്രഖ്യാപിച്ച് അന്ന് അരങ്ങു കൊഴുപ്പിച്ചത്. ഒടുക്കം, ഇതിഹാസ താരത്തിന്റെ കാല്‍പെരുക്കം കാതോര്‍ത്ത കേരളത്തിലെ കളിക്കമ്പക്കാരെ പരിഹസിക്കുന്ന രീതിയിലായി കാര്യങ്ങള്‍. ടീം വരില്ലെന്നുറപ്പായി. ഇന്ത്യയില്‍ പര്യടനം തങ്ങളുടെ കലണ്ടറില്‍ ഇല്ലെന്ന് വ്യക്തമാക്കി അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ സത്യം തുറന്നുപറഞ്ഞു. ഇതിന് പിന്നാലെ, നവംബറിലെ 'വിന്‍ഡോ'യില്‍ നടന്നില്ലെങ്കിലും മാര്‍ച്ചിലെ വിന്‍ഡോയില്‍ മത്സരം നടക്കുമെന്ന വീരവാദവുമായി സ്‌പോണ്‍സര്‍ രംഗത്തുവന്നത് കൂടുതല്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കി.
മെസ്സി വരില്ലെന്ന് അറിയുമെങ്കിലും വരാന്‍ ഏറെ ആഗ്രഹിച്ച നാട്ടിലെ ഫുട്ബാള്‍ കമ്പക്കാര്‍ ആ ദിവസം ട്രോള്‍ മഴയുമായി നിറഞ്ഞു. ഫീഡായ ഫീഡുകള്‍ നിറയെ ഗ്രൂപ്പുകളായ ഗ്രൂപ്പുകള്‍ നിറയെ ട്രോളോട് ട്രോളായിരുന്നു, എ.ഐ സാങ്കേതിക വിദ്യയില്‍ മെസ്സിയെ കലൂര്‍ സ്റ്റേഡിയത്തില്‍ ഓട്ടോറിക്ഷയില്‍ കൊണ്ടു വന്ന് കളിപ്പിച്ചു ചില വിദ്വാന്മാര്‍. 'കളി തുടങ്ങല്ലേ ...... ഞാനിതാ എത്താറായി. മെട്രോയില്‍ കയറിയപ്പോള്‍ ട്രെയിന്‍ വിട്ടു പോയി. ഉടന്‍തന്നെ ഒരു ഓട്ടോ പിടിച്ച് സ്റ്റേഡിയത്തിലേക്ക് വരുന്നുണ്ട്. ഭയങ്കര ട്രാഫിക് ബ്ലോക്കാണ്. അരമണിക്കൂര്‍ കൂടി ഉദ്ഘാടന പ്രസംഗം നീട്ടിക്കോ.. അപ്പോഴേക്കും ഞാന്‍ ഗ്രൗണ്ടിലെത്തും. മാര്‍ട്ടിനസിനോട് എന്റെ ബൂട്ടും സോക്‌സും ജേഴ്‌സിയും ഗ്രൗണ്ടിന്റെ സൈഡില്‍ വെച്ചോളാന്‍ പറ, ഞാന്‍ അവിടുന്ന് മാറ്റിക്കോളാം'- ഇങ്ങനെ ട്രോളുകള്‍.




