- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെകുത്താനും കടലിനും ഇടയില്‍! പുടിന്‍ വഴങ്ങാനും വയ്യ, ട്രംപിനെ പിണക്കാനും വയ്യ; യുഎസ് മുന്നോട്ടുവച്ച 28 ഇന സമാധാന പദ്ധതി യുക്രെയിന് വലിയ കുരുക്ക്; ഭൂമി കൈമാറ്റവും, സൈനിക പരിധി കുറയ്ക്കലും നാറ്റോയോട് ടാറ്റ പറയലും അടക്കം എല്ലാം റഷ്യക്ക് അനുകൂല കരട് നിര്‍ദ്ദേശങ്ങള്‍; സെലന്‍സ്‌കി വലിയ വിഷമ സന്ധിയില്‍; ആകെ ആശ്വാസം യൂറോപ്യന്‍ യൂണിയന്റെ പിന്തുണയും
യുഎസ് മുന്നോട്ടുവച്ച 28 ഇന സമാധാന പദ്ധതി യുക്രെയിന് വലിയ കുരുക്ക്
കീവ് / വാഷിംഗ്ടണ്‍: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച 28-ഇന സമാധാന പദ്ധതി യുക്രെയ്നില്‍ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. നാല് വര്‍ഷത്തെ പോരാട്ടത്തിനും സഹനത്തിനും ശേഷം റഷ്യക്ക് മുന്നില്‍ ആയുധം വച്ച കീഴടങ്ങുന്നത് പോലെയൊരു അമ്പരപ്പ്. വ്ളാഡിമിര്‍ പുടിന്റെ കടുത്ത ആവശ്യങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണ്ണമായി കീഴടങ്ങാന്‍ യുക്രെയ്നെ നിര്‍ബന്ധിക്കുന്നതാണ് ട്രംപിന്റെ സമാധാന പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗസ്സ യുദ്ധത്തിലെ വെടിനിര്‍ത്തല്‍ മാതൃകയില്‍ തയ്യാറാക്കിയ ഈ യുഎസ് പദ്ധതി പ്രകാരം യുക്രെയ്ന്‍ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കുകയും സൈന്യത്തിന്റെ എണ്ണം പകുതിയായി കുറയ്ക്കുകയും 100 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യേണ്ടിവരും. അതുകൂടാതെ യുക്രെയ്ന്‍ ഒരിക്കലും നാറ്റോയില്‍ ചേരില്ലെന്ന ശപഥവും എടുക്കേണ്ടി വരും.
യുക്രെയ്ന്‍ ശക്തമായ സമ്മര്‍ദ്ദത്തില്‍:
മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ വലിയ സമ്മര്‍ദ്ദമാണ് ഇപ്പോള്‍ യുക്രെയ്ന്‍ യുഎസില്‍ നിന്ന് നേരിടുന്നത്. ഇന്റലിജന്‍സ് വിവരങ്ങളും ആയുധങ്ങളും നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന ഭീഷണികളും ഇതില്‍ ഉള്‍പ്പെടുന്നു. അടുത്ത വ്യാഴാഴ്ചയോടെ യുഎസ് മധ്യസ്ഥതയിലുള്ള ഈ കരാറിന്റെ ചട്ടക്കൂടില്‍ യുക്രെയ്ന്‍ ഒപ്പിടണമെന്ന് യുഎസ് ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ട്രംപിന്റെ സമാധാന പദ്ധതിയിലെ പ്രധാന ആവശ്യങ്ങള്‍:
ട്രംപ് പിന്തുണയ്ക്കുന്ന ഈ കരട് നിര്‍ദ്ദേശങ്ങള്‍ പ്രധാനമായും റഷ്യയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നവയാണ്:
ഭൂമി കൈമാറ്റം: നിലവില്‍ കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ റഷ്യക്ക് നിലനിര്‍ത്താം. യുക്രെയ്ന്റെ നിയന്ത്രണത്തിലുള്ള കൂടുതല്‍ പ്രദേശങ്ങള്‍ റഷ്യക്ക് ലഭിക്കും. കിഴക്കന്‍ ഡൊണെറ്റ്സ്‌ക്, ലുഗാന്‍സ്‌ക്, ക്രിമിയ എന്നിവയെ 'വാസ്തവത്തില്‍ റഷ്യന്‍ പ്രദേശം' എന്ന് യുഎസ് അംഗീകരിക്കും.
സൈനിക പരിധി: യുക്രെയ്ന്‍ സൈന്യത്തിന്റെ അംഗബലം 9 ലക്ഷത്തില്‍ നിന്ന് 6 ലക്ഷമായി കുറയ്ക്കാന്‍ കരാര്‍ ആവശ്യപ്പെടുന്നു.
നാറ്റോ അംഗത്വം: നാറ്റോയില്‍ ഒരിക്കലും ചേരില്ലെന്ന് യുക്രെയ്ന്‍ തങ്ങളുടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണം.
സാമ്പത്തിക നേട്ടം: റഷ്യക്ക് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കും. മോസ്‌കോയെ ജി8 കൂട്ടായ്മയിലേക്ക് തിരികെ ക്ഷണിക്കും.
തിരഞ്ഞെടുപ്പ്: യുക്രെയ്നില്‍ 100 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണം.
യുക്രെയ്‌ന്റെ പ്രതികരണം: 'വഞ്ചിക്കില്ല'
ട്രംപിന്റെ നിര്‍ദ്ദേശങ്ങളോട് പ്രതികരിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി രാജ്യത്തെ അഭിസംബോധന ചെയ്തു. താന്‍ യുക്രെയ്നെ 'വഞ്ചിക്കില്ലെ'ന്നും, മോസ്‌കോയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്ന ഈ പദ്ധതിക്ക് 'ബദല്‍ മാര്‍ഗ്ഗങ്ങള്‍' താന്‍ മുന്നോട്ട് വെക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഇത് നമ്മുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളില്‍ ഒന്നാണ്. നമ്മുടെ അന്തസ്സ് നഷ്ടപ്പെടുത്തുക അല്ലെങ്കില്‍ ഒരു പ്രധാന പങ്കാളിയെ (യുഎസ്) നഷ്ടപ്പെടാനുള്ള സാധ്യത' എന്ന നിര്‍ണായക തിരഞ്ഞെടുപ്പാണ് രാജ്യം നേരിടുന്നതെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
സഖ്യകക്ഷികളുടെ പിന്തുണ
ജര്‍മ്മനി, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ യുക്രെയ്ന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പിന്തുണ തുടരുമെന്ന് ഉറപ്പിച്ചുപറഞ്ഞു. യുക്രെയ്‌ന്റെ പരമാധികാരത്തോടുള്ള പ്രതിബദ്ധതയെയും ശക്തമായ സുരക്ഷാ ഉറപ്പുകള്‍ നല്‍കാനുള്ള സന്നദ്ധതയെയും സ്വാഗതം ചെയ്യുന്നതായി ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സിന്റെ ഓഫീസ് അറിയിച്ചു.
യുക്രെയ്‌ന്റെ പരമോന്നത ചര്‍ച്ചാവേദിയായ സുരക്ഷാ കൗണ്‍സില്‍ മേധാവി റുസ്തം ഉമറോവ്, രാജ്യത്തിന്റെ 'ചുവപ്പു വരകള്‍' ലംഘിക്കുന്ന് ഒരു നിര്‍ദ്ദേശവും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി.
യൂറോപ്യന്‍ യൂണിയന്‍ നിലപാട്:
യുക്രെയ്ന്റെ യൂറോപ്യന്‍ സഖ്യകക്ഷികളുമായി ഈ സമാധാന ശ്രമങ്ങളെക്കുറിച്ച് കൂടിയാലോചിച്ചിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥന്‍ എപിയോട് പറഞ്ഞു. യുക്രെയ്ന് ദോഷകരമായ ഒരു കരാര്‍ യൂറോപ്പിന്റെ വിശാലമായ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ കരുതുന്നു.
'ഏതൊരു പദ്ധതി വിജയിക്കണമെങ്കിലും യുക്രെയ്ന്റെയും യൂറോപ്പിന്റെയും അംഗീകാരം വേണം. ഈ യുദ്ധത്തില്‍ ഒരു അക്രമിയും ഒരു ഇരയുമുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കണം. റഷ്യന്‍ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ചയും ഞങ്ങള്‍ കേട്ടിട്ടില്ല,' യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി കജ കല്ലാസ് പറഞ്ഞു.
സമാധാന പാക്കേജിന്റെ കരട് ലഭിച്ച ശേഷം ആത്മാര്‍ഥമായി സഹകരിക്കുമെന്നാണ് സെലന്‍സ്‌കി അറിയിച്ചിരിക്കുന്നത്. പാക്കേജ് അംഗീകരിച്ചാല്‍ നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ നിന്ന് യുക്രെയ്‌ന് പിന്മാറേണ്ടി വരും എന്നുള്‍പ്പെടെ അഭ്യൂഹങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് സെലന്‍സ്‌കിയുടെ ഈ സുപ്രധാന പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.
റഷ്യക്കും യുക്രെയിനും ഒരു പോലെ പ്രയോജനമുള്ള പാക്കേജാണിതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. എന്നാല്‍ നാറ്റോ അംഗത്വത്തിനൊപ്പം സൈന്യത്തിന്റെ വലുപ്പത്തിലും കിഴക്കന്‍ യുക്രൈനിലെ ചില പ്രദേശങ്ങളുടെ നിയന്ത്രണത്തിലും അടക്കം യുക്രൈന് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നതാണ് വലിയ പോരായ്മ.
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ യുക്രെയിനിലെത്തിയിരുന്നു. അമേരിക്കന്‍ സൈനിക സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുക്രെയിനില്‍ എത്തി കാര്യങ്ങള്‍ പഠിച്ച ശേഷം പാക്കേജ് തയ്യാറാക്കിയത്. സെലന്‍സ്‌കിയുമായി ഡാന്‍ ഡ്രിസ്‌കോള്‍ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം സമാധാന പാക്കേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രതികരിച്ചിട്ടില്ല.
2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ-യുക്രൈന്‍ യുദ്ധം മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും തുടരുകയാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ യുദ്ധം, കുടിയേറ്റങ്ങള്‍ക്കും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും കാരണമായിട്ടുണ്ട്.




