കൊച്ചി: കൊച്ചിയിലെ സ്പാകളില്‍ അന്വേഷണം. സ്പാ നടത്തിപ്പുകാര്‍ ബെനാമികളും പൊലീസ് ഉദ്യോഗസ്ഥര്‍ യഥാര്‍ഥ ഉടമകളോ പങ്കാളികളോ ആണെന്ന സംശയം ശക്തമാണ്. നൂറുകണക്കിനു സ്പാകള്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ലൈസന്‍സുള്ളത് വളരെക്കുറച്ചു മാത്രവും. ഈ സ്പാകള്‍ക്ക് പൊലീസ് ബന്ധം ഉണ്ടെന്നു സൂചിപ്പിക്കുന്നതാണ് സിപിഒയെ ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടിയ കേസില്‍ ഗ്രേഡ് എസ്‌ഐ പ്രതിയായത്. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതിനു പിന്നാലെ ഇത്തരം സ്പാകളെ കേന്ദ്രീകരിച്ച് അന്വേഷണമുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ അന്വേഷണം പല തലത്തില്‍ അട്ടിമറിച്ചു.

ഡിസംബറിലാണ് കടവന്ത്രയിലെ സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം നടത്തിയതിനു രണ്ടു പേര്‍ പിടിയിലായത്. ഇവരുടെ അക്കൗണ്ടുകളും ഫോണും പരിശോധിച്ച പൊലീസ് അമ്പരന്നു. സ്പാ നടത്തിപ്പില്‍ നിന്നുള്ള വരുമാനം പോയിരുന്നത് രണ്ടു പൊലീസുകാരുടെ അക്കൗണ്ടുകളിലേക്കായിരുന്നു. ലക്ഷങ്ങളായിരുന്നു അക്കൗണ്ടിലെത്തിയത്. പിന്നാലെ കൊച്ചി ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്‌ഐ, പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ എന്നിവര്‍ അറസ്റ്റിലായി, സസ്‌പെന്‍ഡും ചെയ്തു. അതിന് അപ്പുറത്തേക്ക് അന്വേഷണം പോയില്ല. ഇത്തവണ അതിശക്തമായ അന്വേഷണം ഉണ്ടാകും. ഒന്നിലേറെ പേര്‍ നിരീക്ഷണത്തിലാണ്. പോലീസ് മേധാവിയും കര്‍ശന നിര്‍ദ്ദേശം കൊച്ചി കമ്മീഷണര്‍ക്ക് നല്‍കിയതായാണ് സൂചന.

വൈറ്റിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ സ്പായുടെ മറവില്‍ അനാശാസ്യം നടത്തിയതിന് മേയ് മാസത്തില്‍ 11 മലയാളി യുവതികളെയും ഇടനിലക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന. ലഹരി വില്‍പ്പന നടക്കുന്നു എന്നറിഞ്ഞ് റെയ്ഡ് നടത്തിയപ്പോഴായിരുന്നു സ്പായുടെ പ്രവര്‍ത്തനം കണ്ടെത്തിയത്. ചില സ്പാ നടത്തിപ്പുകാരുമായി ഇടപാടുകളുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കൊച്ചിയിലുണ്ട്. ഒളിവില്‍ പോയിട്ടുള്ള പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ.കെ.ബൈജുവിനെതിരെ അതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. സ്പാ തട്ടിപ്പു കേസില്‍ ബൈജുവാണ് ഒന്നാം പ്രതി. ബൈജുവിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബൈജുവിന്റെ കൂട്ടാളിയും നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയുമായ ഷിഹാമിനെ അറസ്റ്റ് ചെയ്തു.

കേസെടുത്തതിന് പിന്നാലെ എസ്‌ഐ കെ.കെ. ബൈജു ഒളിവിലാണ്. ബൈജുവിന്റെ നേതൃത്വത്തില്‍ സ്പായിലെത്തിയ പലരില്‍ നിന്നും സമാനമായി പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. കൊച്ചി സിറ്റി എആര്‍ ക്യാംപില്‍ ജോലി ചെയ്യുന്ന മരട് സ്വദേശിയായ പൊലീസുകാരനാണു പണം നഷ്ടമായത്. ഓഗസ്റ്റ് 8ന് വൈകിട്ട് അഞ്ചരയോടെയാണ് ഇയാള്‍ സ്പായിലെത്തി ബോഡി മസാജ് ചെയ്തത്. പിറ്റേന്നു രാവിലെ പത്തു മണിയോടെ മൂന്നാം പ്രതിയായ രമ്യ പൊലീസുകാരനെ വിളിച്ചു. തന്റെ താലിമാല പൊലീസുകാരന്‍ കവര്‍ന്നെന്നും സ്പായിലെത്തിയ വിവരം വീട്ടുകാരെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയായിരുന്നു ഷിഹാമിന്റെ ഇടപെടല്‍. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍, താന്‍ മാല എടുത്തിട്ടില്ലെന്നും പണം നല്‍കില്ലെന്നും കേസു കൊടുക്കാനും പൊലീസുകാരന്‍ മറുപടി പറഞ്ഞു . തുടര്‍ന്നായിരുന്നു എസ്‌ഐയുടെ ഇടപെടല്‍.

ഭീഷണിക്ക് പിന്നാലെ പൊലീസുകാരന്‍ നാല് ലക്ഷം രൂപ സംഘത്തിന് കൈമാറി. പിന്നീടാണ് ഈ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് വഴി മേലുദ്യോഗസ്ഥര്‍ അറിയുന്നതും കേസെടുത്ത് അന്വേഷണം ആരംഭിച്ചതും. അനാശാസ്യ കേന്ദ്രങ്ങളായി മാറിയ കൊച്ചി നഗരത്തിലെ സ്പാകളുടെ നടത്തിപ്പില്‍ പൊലീസുകാര്‍ക്കും പങ്കുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ബൈജുവിനെതിരായ കേസ്. പൊലീസിന്റെ റെയ്ഡ് വിവരങ്ങളടക്കം ബൈജു ചോര്‍ത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. ബോഡി മസാജിന്റെ പേരില്‍ ഹണിട്രാപ്പ് തട്ടിപ്പുകള്‍ നടക്കുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.