തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി നിര്‍ണ്ണായകമാകും. ദ്വാരപാലക ശില്‍പ്പം സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്ന് തന്ത്രി കണ്ഠര് രാജീവര് മൊഴി നല്‍കി. ദ്വാരപാലക ശില്‍പ്പങ്ങള്‍ സ്വര്‍ണം പൂശുന്നതിനായി ചെന്നൈയില്‍ കൊണ്ടുപോകാന്‍ താന്‍ അനുമതി കൊടുത്തിട്ടില്ലെന്നും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ശില്‍പ്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താന്‍ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ഇങ്ങോട്ട് എഴുതി ചോദിച്ചതിന്റെ മറുപടി മാത്രമാണ് കൊടുത്തതെന്നും രാജീവര് മൊഴി നല്‍കിയതായാണ് സൂചന. ദേവസ്വം പ്രസിഡന്റായിരുന്ന പി എസ് പ്രശാന്തിനേയും കുറ്റപ്പെടുത്തുന്നതാണ് മൊഴി.

അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങല്‍ വന്നത്. ശബരിമലയില്‍ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് താന്‍ അനുമതി കൊടുത്തത്. തന്ത്രി എന്ന നിലയില്‍ ചെന്നൈയില്‍ കൊണ്ടുപോകാന്‍ അനുമതി കൊടുത്തിരുന്നില്ല. സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത് തന്റെ അനുമതി വാങ്ങാതെയാണ്. ഇപ്പോഴും സ്വര്‍ണം പൂശുന്നതിനായി ചെന്നൈയില്‍ കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെയാണ്. കൂടാതെ എല്ലാം സ്വര്‍ണം തന്നെയാണ്, ചെമ്പല്ല. താന്‍ നല്‍കിയ കത്തുകളില്‍ എല്ലാം സ്വര്‍ണ്ണം എന്നാണ് എഴുതിയിരിക്കുന്നത്. ദ്വാരപാലകശില്പങ്ങള്‍ ഉള്‍പ്പെടെ എല്ലാം സ്വര്‍ണമാണ്. 2019ല്‍ ആയാലും ഇപ്പോഴായാലും പുറത്തുകൊണ്ടുപോയി സ്വര്‍ണം പൂശാന്‍ താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സമാന മൊഴി തന്നെയാണ് കണ്ഠരര് മോഹനരും നല്‍കിയിട്ടുള്ളത്. ശബരിമലയില്‍ പൂജയ്ക്ക് മോഹനര് എത്താറില്ല. അതുകൊണ്ട് തന്നെ രാജീവരുടെ മൊഴിയാണ് കൂടുതല്‍ നിര്‍ണ്ണായകം. ദൈവഹിതം മനസ്സിലാക്കിയാണ് നിറത്തിലെ തകരാറ് പരിഹരിക്കാന്‍ അനുവദിച്ചതെന്നാണ് രാജീവര് പറയുന്നത്.

ഇരുവരും എസ്‌ഐടി ഓഫീസിലെത്തിയാണ് മൊഴി നല്‍കിയത്. ശബരിമലയിലെ മുതിര്‍ന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി. സ്വര്‍ണപ്പാളിയില്‍ അനുമതി നല്‍കിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നല്‍കുകമാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി നല്‍കിയത്. അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് തന്ത്രിമാരുടെ നിര്‍ണായക മൊഴിയെടുത്തത്. ഇപ്പോഴത്തെ സ്വര്‍ണ്ണം പൂശലും തന്ത്രി മൊഴിയില്‍ പറയുന്നുണ്ട്. അതായത് പി എസ് പ്രശാന്തിന്റെ കാലത്തെ ചെന്നൈയിലേക്കുള്ള ദ്വാരപാലക ശില്‍പ്പത്തിന്റെ യാത്രയവും വിവാദത്തിലാകുന്നത്. ചെന്നൈയിലേക്കുള്ള യാത്രയിലൊന്നും ദൈവ ഹിതമില്ലെന്നാണ് തന്ത്രിയുടെ മൊഴി. അതായത് വിശ്വാസ ലംഘനമാണ് വീണ്ടും നടന്നതെന്ന് സാരം.

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റും കമ്മിഷണറുമായ എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഡിസംബര്‍ മൂന്നിന് വിധി പറയും. കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്നതില്‍ എന്‍ വാസുവിന് പങ്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. കോടതി ആവശ്യപ്പെട്ട പ്രകാരം എസ്‌ഐടി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.വാസുവിന്റെ അഭിഭാഷകരുടെ വാദം ഇങ്ങനെ: കട്ടിളപ്പാളികള്‍ പോറ്റിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് 2019 ഫെബ്രുവരി 16ന് ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു നല്‍കിയ കത്തില്‍ സ്വര്‍ണം പൂശിയ ചെമ്പ് പാളികളെന്നാണ് എഴുതിയിരുന്നത്. ഉചിതമായ തീരുമാനമെടുക്കണമെന്ന കുറിപ്പ് മാത്രമാണ് വാസു എഴുതിയത്.

അപേക്ഷ ബോര്‍ഡ് യോഗത്തില്‍ വയ്ക്കാനായി തയ്യാറാക്കിയ നോട്ടിലാണ് സ്വര്‍ണത്തിന് പകരം ചെമ്പ് കടന്നു കൂടിയത്. 2019 മാര്‍ച്ച് 14ന് എന്‍ വാസു കമ്മിഷണര്‍ സ്ഥാനം ഒഴിഞ്ഞ ശേഷമാണ് കട്ടിളപ്പാളി പോറ്റിക്ക് കൊടുക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. എന്നാല്‍ എന്‍ വാസുവിന് ജാമ്യം ലഭിച്ചാല്‍ തെളിവ് നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തെളിവുകളെല്ലാം എസ്‌ഐടി കസ്റ്റഡിയിലെടുത്തിരിക്കുന്നതിനാല്‍ അത് നശിപ്പിക്കാനുള്ള സാദ്ധ്യതയില്ലെന്ന് പ്രതി ഭാഗം പറഞ്ഞു.