- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിയുമായി നേരത്തെ പരിചയമുണ്ടായിരുന്നതായി പോറ്റി തന്നോട് പറഞ്ഞിരുന്നു; തന്ത്രിയ്ക്കും അറിയാമായിരുന്നു; കടകംപള്ളിയേയും രാജീവരിനേയും സംശയത്തില്‍ നിര്‍ത്തി പത്മകുമാര്‍; ശബരിമല സ്വര്‍ണപാളി കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത; എല്ലാം ഹൈക്കോടതിയെ അറിയിക്കാന്‍ എസ് ഐ ടി; പരസ്പരം പഴിചാരല്‍ തുടരുമ്പോള്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണപാളി കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) നല്‍കിയ മൊഴി നിര്‍ണ്ണായകമാണ്. ഈ മൊഴി ഹൈക്കോടതിയെ എസ് ഐ ടി അറിയിക്കും. അതിന് ശേഷമാകും കൂടുതല്‍ അറസ്റ്റുകള്‍. അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും തന്ത്രിയെയും സംശയനിഴലിലാക്കുന്നതാണ് മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മന്ത്രിയുമായി നേരത്തെ പരിചയമുണ്ടായിരുന്നതായി പോറ്റി തന്നോട് പറഞ്ഞിരുന്നുവെന്ന് പത്മകുമാര്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. താന്‍ പരിചയപ്പെടുന്നതിനു മുന്‍പ് തന്നെ, ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലുള്ള വ്യക്തിയായിരുന്നു. പോറ്റി ശബരിമലയില്‍ പ്രവര്‍ത്തിച്ചിരുന്നത് തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണ്. താന്‍ പോറ്റിയെ പരിചയപ്പെടുന്നതിനു മുന്‍പ് തന്നെ, അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായിട്ടും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പരിചയമുണ്ടായിരുന്നു- ഇതാണ് പത്മകുമാറിന്റെ മൊഴി.
ശബരിമലയില്‍ നടന്നത് സ്വര്‍ണക്കൊള്ളയാണെന്ന ആരോപണം പത്മകുമാര്‍ സമ്മതിച്ചിട്ടില്ല. ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നതെന്നും സ്വര്‍ണം തട്ടിയെടുക്കാന്‍ വേണ്ടിയല്ല ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ ഉരുപ്പടികള്‍ കൊടുത്തുവിട്ടതെന്നുമാണ് വിശദീകരണം. സ്വര്‍ണ ഉരുപ്പടികള്‍ക്ക് കാലപഴക്കത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അത് മിനുക്കാനും ഒപ്പം തന്നെ അറ്റകുറ്റപ്പണികള്‍ നടത്താനും വേണ്ടിയാണ് കൊണ്ടുപോയതെന്നാണ് പറയുന്നത്. എന്നാല്‍ രേഖകളില്‍ ചെമ്പ് എന്ന് എവുതിയതില്‍ വ്യക്തമായ മറുപടിയുമില്ല. ദ്വാരപാലക പാളികളും കട്ടിളപ്പാളിയും വാതിലും ഉള്‍പ്പെടെയുള്ളവയാണ് കൊണ്ടുപോയതെന്നും പത്മകുമാര്‍ പറയുന്നു. ഈ തീരുമാനം താന്‍ മാത്രമായി എടുത്തതല്ല, എല്ലാവരും അറിഞ്ഞുകൊണ്ടുള്ള തീരുമാനമാണ് എന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിയോ കടകംപള്ളി സുരേന്ദ്രനോ പ്രത്യേക താല്‍പ്പര്യം എടുത്തതിന് തെളിവൊന്നും പത്മകുമാര്‍ നല്‍കിയിട്ടുമില്ല.
പോറ്റി ശബരിമലയില്‍ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തിലെന്നും മൊഴി നല്‍കി. ശബരിമലയില്‍ സ്‌പോണ്‍സര്‍ ആകാന്‍ പോറ്റി സര്‍ക്കാരില്‍ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തില്‍ പത്മകുമാര്‍ കൃത്യമായ ഉത്തരം നല്‍കിയില്ല. ഗോള്‍ഡ് പ്ലേറ്റിംഗ് വര്‍ക്കുകള്‍ സന്നിധാനത്ത് ചെയ്യാന്‍ കഴിയാത്തതിനാലാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. കട്ടിളപ്പാളികള്‍ കൊണ്ടുപോകുന്നതിനു മുമ്പ് മുന്‍ ഭരണസമിതിയുടെ കാലത്തും ക്ലാഡിംഗ് വര്‍ക്കുകള്‍ പുറത്ത് കൊണ്ടുപോയി നടത്തിയിട്ടുണ്ടെന്നും പത്മകുമാര്‍ വിശദീകരിച്ചു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ താനല്ല ശബരിമലയില്‍ കൊണ്ടുവന്നതെന്നും ഇക്കാര്യങ്ങള്‍ എല്ലാം എസ്ഐടിയോടു പറഞ്ഞിട്ടുണ്ടെന്നും തന്ത്രി കണ്ഠര് രാജീവര് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അറ്റകുറ്റപ്പണികള്‍ക്ക് അനുമതി നല്‍കുക മാത്രമാണ് ഉത്തരവാദിത്തമെന്നും സ്ഥാവരജംഗമ വസ്തുക്കളുടെ ചുമതല ദേവസ്വം ബോര്‍ഡിനാണെന്നും കണ്ഠര് രാജീവര് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ ഉണ്ടായിരുന്ന ആളെന്ന നിലയ്ക്ക് അറിയാം. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി. കണ്ഠര് രാജീവര്, മോഹനര് എന്നിവരുടെ മൊഴിയാണ് എസ്ഐടി രേഖപ്പെടുത്തിയത്. അറ്റകുറ്റപ്പണികള്‍ക്ക് അനുവാദം നല്‍കിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതു പ്രകാരമാണെന്നാണ് തന്ത്രിമാര്‍ വിശദീകരിച്ചത്.
അതേസമയം, സ്വര്‍ണം പൂശാന്‍ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കാനുള്ള തീരുമാനമെടുത്തത് ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരാണെന്ന് കേസില്‍ പ്രതിയായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ്.ശ്രീകുമാര്‍ എസ്ഐടിക്കു മൊഴി നല്‍കി. ദ്വാരപാലക ശില്‍പങ്ങള്‍ അഴിച്ചുകൊണ്ടുപോയപ്പോഴും തിരിച്ചു കൊണ്ടുവന്നപ്പോഴും ശ്രീകുമാര്‍ ആയിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍.




