വിദേശ പൗരത്വം എടുത്ത മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യാക്കാരെ ഏറെക്കാലമായി ആശയക്കുഴപ്പത്തിലാക്കിയിരുന്ന ചോദ്യമാണ് വിദേശ പൗരന്മാര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കാന്‍ കഴിയുമോ എന്ന ചോദ്യം. മാത്രമല്ല, ആധാര്‍ ഇറങ്ങിയ ആദ്യകാലത്ത് എടുത്ത കാര്‍ഡ് ഇപ്പോള്‍ സാധുവാണോ എന്ന സംശയവും പലരും ഉയര്‍ത്താറുണ്ട്. മറ്റു ചിലര്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കേണ്ട രീതിയെ കുറിച്ചാണ് സംശയങ്ങള്‍ ഉള്ളത്. ഈ ആശയക്കുഴപ്പങ്ങള്‍ എല്ലാം മാറ്റുവാന്‍ ഈ ലേഖനം മുഴുവനായി വായിക്കുക.

നിങ്ങള്‍ ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡുള്ള വ്യക്തിയാണെങ്കില്‍, കൂടുതല്‍ കാലമായി ഇന്ത്യയില്‍ കഴിയുകയാണെങ്കില്‍, നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിനുള്ള യോഗ്യതയുണ്ടോ എന്ന സംശയം ഉണ്ടാകാം. ഇപ്പോഴിത, ഒ സി ഐ കാര്‍ഡ് ഉടമകള്‍ ഉള്‍പ്പടെയുള്ള വിദേശ ഇന്ത്യാക്കാര്‍ക്ക് ആധാര്‍ എന്റോള്‍മെന്റിനുള്ള വ്യവസ്ഥകളിലും നിബന്ധനകളിലും വ്യക്തത വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. റെസിഡന്‍സിയുമായി ബന്ധപ്പെട്ട ചില നിബന്ധനകള്‍ പാലിക്കുകയും, ഒപ്പം ശരിയായ രേഖകള്‍ സമര്‍പിക്കുകയും ചെയ്യുകയാണെങ്കില്‍, ഇപ്പോള്‍ പലര്‍ക്കും അതിനുള്ള യോഗ്യതയും കരസ്ഥമാക്കാം.

ഒരു ഓ സി ഐ കാര്‍ഡ് ഉടമയ്ക്ക് ആധാര്‍ കാര്‍ഡിനുള്ള യോഗ്യതയുണ്ടോ?

ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കുന്ന തീയതിക്ക് തൊട്ട് മുന്‍പുള്ള 12 മാസക്കാലയളവില്‍ ചുരുങ്ങിയത് 182 ദിവസമെങ്കിലും നിങ്ങള്‍ ഇന്ത്യയില്‍ താമസിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കാനുള്ള അര്‍ഹതയുണ്ട്. ഇന്ത്യയില്‍, സാധുവായ ഒരു മേല്‍വിലാസം നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം എന്നു മാത്രം. 'റെസിഡന്റ് ഫോറിന്‍ നേഷണല്‍' എന്ന വിഭാഗത്തില്‍ പെടുത്തിയായിരിക്കും അപേക്ഷകളില്‍ നടപടി എടുക്കുക. ഇതിനായി നിങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖയും (ഒ സി ഐ കാര്‍ഡും, സാധുവായ വിദേശ പാസ്സ്‌പോര്‍ട്ടും) ഒപ്പം ഇന്ത്യയിലെ മേല്‍വിലാസം തെളിയിക്കുന്ന രേഖയും ഹാജരാക്കേണ്ടതുണ്ട്.

ഓ സി ഐ കാര്‍ഡ് ഉടമയ്ക്ക് ആധാര്‍ എന്റോള്‍മെന്റിന് ആവശ്യമായ രേഖകള്‍

ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ ഒരു ഒ സി ഐ കാര്‍ഡ് ഉടമ രണ്ട് സുപ്രധാന രേഖകളാണ് സമര്‍പ്പിക്കേണ്ടത്, തിരിച്ചറിയല്‍ രേഖയും ഇന്ത്യയിലെ മേല്‍വിലാസം തെളിയിക്കുന്ന രേഖയും. തിരിച്ചറിയല്‍ രേഖയായി, സാധുവായ ഒ സി ഐ കാര്‍ഡും സാധൂവായ വിദേശ പാസ്സ്‌പോര്‍ട്ടും സമര്‍പ്പിക്കണം എന്നത് നിര്‍ബന്ധമാണ്. ഇന്ത്യയിലെ മേല്‍വിലാസം തെളിയിക്കുന്നതിനായി അംഗീകൃത രേഖകളുടെ പട്ടികയില്‍ നിന്നും ഒന്ന് സമര്‍പ്പിക്കാം. ഈ രണ്ട് രേഖകളും ഐഡന്റിറ്റിയും റെസിഡന്‍സിയും തെളിയിക്കും എന്നതിനാല്‍ അര്‍ഹതയുള്ള ഒ സി ഐ കാര്‍ഡ് ഉടമകള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും.

ഈ മെയില്‍ വിലാസം ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണോ?

അതെ, ആധാര്‍ എന്റോള്‍മെന്റിന് ഒരു ഈമെയില്‍ വിലാസം ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്. മാത്രമല്ല, ഈ മെയില്‍ വിലാസം ഒ ടി പി വഴി സ്ഥിരീകരിക്കുകയും വേണം.

റെസിഡന്റ് ഫോറിനര്‍ എന്ന നിലയില്‍ ആധാര്‍ എന്റോള്‍ ചെയ്യാന്‍

ഇന്ത്യന്‍ വിസ/ എല്‍ ടി വി ഉള്ളവര്‍, ഓ സി ഐ കാര്‍ഡ് ഉടമകള്‍, നേപ്പാള്‍/ ഭൂട്ടാന്‍ പൗരന്മാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്ന എല്ലാ വിദേശ പൗരന്മാര്‍ക്കും, ആധാര്‍ എന്റോള്‍മെന്റിന് അപേക്ഷ നല്‍കുന്നതിന് തൊട്ട് മുന്‍പുള്ള 12 മാസ കാലയളവില്‍ 182 ദിവസങ്ങള്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ടേങ്കില്‍ റെസിഡന്റ് ഫോറിനര്‍ ആയി ആധാര്‍ കാര്‍ഡിന് എന്റോള്‍മെന്റ് ചെയ്യാനുള്ള അര്‍ഹതയുണ്ട്.

ഇന്ത്യന്‍ പൗരന്റെ ആധാര്‍ കാര്‍ഡും റെസിഡന്റ് ഫോറിന്‍ നേഷണല്‍ ആധാര്‍ കാര്‍ഡും തമ്മിലുള്ള വ്യത്യാസമെന്ത് ?

റെസിഡന്റ് ഫോറിന്‍ നേഷണലിനുള്ള ആധാര്‍ കാര്‍ഡ്, അവരുടെ റെസിഡന്‍സിയുടെ തരത്തെ ആശ്രയിച്ച് ഒരു നിശ്ചിത കാലയളവിലേക്കാണ് നല്‍കുന്നത്. ലോംഗ് ടേം വിസ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ വിസയുള്ളവര്‍ക്ക് ആ വിസയുടെ കാലാവധി തീരുന്നതു വരെയായിരിക്കും ആധാര്‍ കാര്‍ഡിനുള്ള സാധുത. എന്നാല്‍, ഒ സി ഐ കാര്‍ഡ് ഉടമകള്‍ക്കും നേപ്പാള്‍/ ഭൂട്ടാന്‍ പൗരന്മാര്‍ക്കും ലഭിക്കുന്ന ആധാര്‍ കാര്‍ഡുകള്‍ക്ക് എന്റോള്‍മെന്റ് തീയതി മുതല്‍ 10 വര്‍ഷത്തെ കാലാവധി ഉണ്ടായിരിക്കും.

ആധാര്‍ തുടങ്ങിയ സമയത്ത് നാട്ടിലെ വിലാസം ഉപയോഗിച്ച് ആധാര്‍ കാര്‍ഡ് എടുത്തവര്‍ക്ക് വലിയ പ്രശ്നമുണ്ടാകില്ല. അതുപോലെ, ഒ സി ഐ കാര്‍ഡ് ഉള്ളവര്‍, ആധാര്‍ കാര്‍ഡ് ലഭിച്ചാല്‍ അര്‍ഹതയില്ലാത്ത ഒരു ആനുകൂല്യവും അവകാശപ്പെടാന്‍ ശ്രമിക്കരുത്. അത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. നിയമം അനുശാസിക്കുന്ന വിധം അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ക്കും കാര്യങ്ങള്‍ക്കുമായി മാത്രം ആധാര്‍ കാര്‍ഡ് ഉപയോഗിക്കുക.