- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേയറും എംഎല്‍എയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ല; സീബ്രാ ലൈനില്‍ കാര്‍ കൊണ്ടിട്ടത് കസിന്; ബാക്കിയെല്ലാവരും കുറ്റവിമുക്തര്‍; ആര്യാ രാജേന്ദ്രനേയും ഭര്‍ത്താവായ സച്ചിന്‍ ദേവിനേയും പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കി; അരവിന്ദിനെതിരെ ചുമത്തുന്നത് പെറ്റി കേസും; സാഫല്യം ബസ് തടയല്‍ കേസ് കുറ്റപത്രമാകുമ്പോള്‍
തിരുവനന്തപുരം: നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തിയ കേസില്‍ അട്ടിമറി. വാഹനം ഓടിച്ചിരുന്ന അരവിന്ദിനെ മാത്രം പ്രതിചേര്‍ത്ത് പോലീസ് കുറ്റപത്രം നല്‍കി. മേയര്‍ ആര്യാ രാജേന്ദ്രന്‍, എംഎല്‍എ സച്ചിന്‍ ദേവ്, ആര്യ. രാജീവ് എന്നിവരെ പ്രതിസ്ഥാനത്ത് നിന്നും നീക്കി. സീബ്രാ ലൈനില്‍ കാറിട്ട് മാര്‍ഗ്ഗ തടസ്സം ഉണ്ടാക്കിയെന്ന കുറ്റമാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ കസിനായ അരവിന്ദിനെതിരെ ചുമത്തിയിരിക്കുന്നത്. കെ എസ് ആര്‍ ടി സി ബസിന്റെ ഡ്രൈവറായ യദു നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കേസെടുത്തത്. ജോലി തടസ്സപ്പെടുത്തല്‍ അടക്കമുള്ള കുറ്റം ചുമത്താതെ പെറ്റി കേസാക്കി ഇത് മാറ്റുകയും ചെയ്തു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യദു അറിയിച്ചു. കെ എസ് ആര്‍ ടി സി ബസ് മേയര്‍ തടയുന്നതും ആക്രോശിക്കുന്നതുമെല്ലാം വീഡിയോയിലൂടെ ജനം കണ്ടതാണ്. എന്നാല്‍ ഇതൊന്നും കുറ്റപത്രമാകുന്നില്ല.
അന്വേഷണം ശരിയായ ദിശയില്‍ നടന്നില്ലെന്നു കാട്ടി സര്‍ക്കാരിനും പൊലീസിനും നേരത്തെ യദു വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി, കന്റോണ്‍മെന്റ് എസ്ഐ എന്നിവര്‍ക്കാണ് അഭിഭാഷകന്‍ അശോക് പി.നായര്‍ വഴി യദു നോട്ടിസ് അയച്ചത്. കോടതി നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണം രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി അട്ടിമറിക്കപ്പെട്ടുവെന്നും മേയര്‍ ആര്യാ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയെയും കുറ്റവിമുക്തരാക്കി റിപ്പോര്‍ട്ട് നല്‍കിയ നടപടി നീതിയുക്തമല്ലെന്നും 15 ദിവസത്തിനുള്ളില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും നോട്ടിസില്‍ പറഞ്ഞിരുന്നു. ഏപ്രില്‍ 28ന് നടുറോഡില്‍ മേയര്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിനെ തുടര്‍ന്നു തര്‍ക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു.
ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും ക്ലീന്‍ചിറ്റ് നല്‍കി പോലീസിന്റെ റിപ്പോര്‍ട്ട് നേരത്തെ കോടതിയില്‍ എത്തിയിരുന്നു. സച്ചിന്‍ദേവ് എംഎല്‍എ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്ന് കോടതിയില്‍ കൊടുത്ത പഴയ റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിരുന്നു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടായിരുന്നു അത്. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് കുറ്റപത്രവും. മേയറും എംഎല്‍എയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നാണ് കുറ്റപത്രം പറയുന്നത്. യദു നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ച് കോടതി നേരിട്ട് കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2024 ഏപ്രില്‍ 27 ന് രാത്രി 10 മണിക്കാണ് പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ വച്ച് മേയറും ഭര്‍ത്താവും അടക്കമുളളവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കു തര്‍ക്കം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് മേയറെ വീണ്ടും പ്രതി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് യദു കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. മേയറേയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചുവെന്ന് പൊലീസ് മ്യൂസിയം പൊലീസാണ് കുറ്റപത്രം നല്‍കുന്നത്. അതേസമയം, ബസ്സിലെ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.




