ന്യൂഡല്‍ഹി: ഇന്ത്യയില്‍ വില്‍ക്കുന്നതിനായി നിര്‍മ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ പുതിയ മൊബൈല്‍ ഹാന്‍ഡ്സെറ്റുകളിലും സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി സഞ്ചാര്‍ സാഥി ആപ്പ് ഇന്‍ബില്‍റ്റായി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശത്തില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പ്. 'സഞ്ചാര്‍ സാഥി' ആപ്പ് ഉപഭോക്താക്കളുടെ ഫോണുകളില്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര മന്ത്രി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാമെന്നാണ് മന്ത്രി അറിയിച്ചത്. സൈബര്‍ സുരക്ഷ മുന്‍ നിര്‍ത്തിയാണ് സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്നും ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേര്‍ത്തു. ആപ്പിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു നിര്‍ബന്ധവുമില്ലെന്നും മന്ത്രി വിശദീകരിച്ചു.

എല്ലാ ഫോണുകളിലും നിര്‍ബന്ധമായും മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ മൊബൈല്‍ നിര്‍മാണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും സഞ്ചാര്‍ സാഥി ആപ്പ് ഉപയോക്താവിന് ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശം സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ക്ക് തിരികൊളുത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹം വിശദീകരണവുമായയെത്തിയത്.

'രാജ്യത്ത് വില്‍ക്കുന്ന ഫോണുകളുടെ ആധികാരികത പരിശോധിക്കുന്നതിനും ഫോണ്‍ നഷ്ടപ്പെട്ടാല്‍ ട്രാക്ക് ചെയ്യുന്നതിനും വേണ്ടിയുള്ള ഒരു മാര്‍ഗമായാണ് സര്‍ക്കാര്‍ ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ആളുകളുടെ സുരക്ഷിതത്വബോധം വര്‍ധിപ്പിക്കും. ജനങ്ങളുടെ ഡാറ്റ സുരക്ഷിതമായിരിക്കും, കൂടാതെ ഉറപ്പാക്കേണ്ട പൗരസംരക്ഷണത്തിന്റെ എല്ലാ വശങ്ങളും ഡിജിറ്റലായി സംരക്ഷിക്കപ്പെടും', അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ 'സഞ്ചാര്‍ സാഥി' ആപ്പ് ഇന്‍ബില്‍റ്റായി ഉള്‍പ്പെടുത്താന്‍ കേന്ദ്രം മൊബൈല്‍ നിര്‍മാണക്കമ്പനികള്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഈ ആപ്പ് ഉപഭോക്താക്കള്‍ ഡിലീറ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന നിര്‍ദേശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

രാജ്യത്ത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകള്‍ പെരുകിവരുന്ന സാഹചര്യത്തില്‍ അവയുടെ ഐഎംഇഐ നമ്പറുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പാണ് സഞ്ചാര്‍ സാഥി. 2024 ജനുവരിയിലാണ് ഇതവതരിപ്പിച്ചത്. ഈ പ്ലാറ്റ്‌ഫോമുപയോഗിച്ച് ഇതുവരെ നഷ്ടമായ ഏഴുലക്ഷത്തോളം ഫോണുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതായാണ് സര്‍ക്കാര്‍ കണക്കുകള്‍. ഒക്ടോബറില്‍മാത്രം 50,000 ഫോണുകള്‍ കണ്ടെത്തിയതായും പറയുന്നു.

രാജ്യത്തെ പ്രധാന മൊബൈല്‍ ഫോണ്‍ ഉത്പാദകരായ ആപ്പിള്‍, സാംസങ്, ഷവോമി, വിവോ, ഒപ്പോ എന്നിവ നിര്‍ബന്ധമായും നിബന്ധന പാലിക്കണമെന്നായിന്നു നിര്‍ദേശം. നവംബര്‍ 28-നാണ് കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിലവില്‍ വിതരണഘട്ടത്തിലുള്ള ഫോണുകളില്‍ സോഫ്റ്റ്വേര്‍ അപ്‌ഡേഷന്റെ സമയത്ത് ആപ്പ് ഉള്‍പ്പെടുത്തണം. കമ്പനികള്‍ക്ക് പ്രത്യേകമായാണ് ഉത്തരവ് കൈമാറിയിരിക്കുന്നതെന്നാണ് അറിയുന്നത്.

മൊബൈല്‍ ഫോണുകളിലെ ഐഎംഇഐ നമ്പര്‍ തിരുത്തുകയോ പകര്‍ത്തുകയോചെയ്യുന്ന സാഹചര്യങ്ങളില്‍ ടെലികോം മേഖലയിലെ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ആപ്പ് നിര്‍ണായകമാണെന്ന് സര്‍ക്കാര്‍ പറയുന്നു. അതേസമയം, ആപ്പിളിന്റെ സ്വകാര്യതാനയത്തിന് വിരുദ്ധമാണിതെന്ന് വാദമുണ്ട്.

പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ ആപ്പിള്‍ സഹകരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സ്പാം തടയുന്നതിനുള്ള ആപ്പ് ഉള്‍പ്പെടുത്താന്‍ നേരത്തേ ആപ്പിള്‍ വിസമ്മതിച്ചിരുന്നു. ആപ്പിളിന്റെ നയമനുസരിച്ച് പ്രൊപ്രൈറ്ററി ആപ്പുകള്‍ മാത്രമാണ് കമ്പനി നിര്‍മാണഘട്ടത്തില്‍ ഇന്‍സ്റ്റാള്‍ചെയ്യുക. തേഡ് പാര്‍ട്ടി ആപ്പുകള്‍ വില്‍പ്പനയ്ക്കുമുന്‍പായി ഇന്‍സ്റ്റാള്‍ചെയ്യുന്നത് കമ്പനിയുടെ നയത്തിനുവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലോകത്തൊരിടത്തും ഇത്തരം നിര്‍ദ്ദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്റെ നിലപാട്. ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിള്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക പ്രതികരണം ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ ആപ്പിള്‍ കമ്പനി നേരിട്ടറിയിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

എതിര്‍പ്പ് രൂക്ഷം

ഇന്ത്യയില്‍ വില്‍ക്കുന്നതിനായി നിര്‍മ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ പുതിയ മൊബൈല്‍ ഹാന്‍ഡ്സെറ്റുകളിലും സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡി ഒ ടി) നിര്‍ദ്ദേശിച്ചതാണ് വിവാദത്തിന് കാരണമായത്. 2023 മെയ് മാസത്തില്‍ സ്ഥാപിതമായ ഈ പോര്‍ട്ടല്‍, നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനും സൗകര്യമൊരുക്കുന്നു. തിങ്കളാഴ്ച എല്ലാ ഉപകരണ നിര്‍മ്മാതാക്കള്‍ക്കും (ഒ ഇ എം) ഇറക്കുമതിക്കാര്‍ക്കും കേന്ദ്രം ഈ നിര്‍ദേശം നല്‍കി.

ആദ്യ ഉപയോഗ സമയത്തോ ഉപകരണം സജ്ജീകരിക്കുന്ന സമയത്തോ ആപ്പ് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ദൃശ്യമാകുന്നുണ്ടെന്നും ആക്സസ് ചെയ്യാവുന്നതാണെന്നും ഉറപ്പാക്കണമെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ലെന്നും ഉറപ്പാക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടു. പൊതുജനങ്ങളെ വ്യാജ ഹാന്‍ഡ്സെറ്റുകള്‍ വാങ്ങുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതിനും ടെലികോം വിഭവങ്ങളുടെ ദുരുപയോഗം തടയാനുമാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ഡി ഒ ടി അറിയിച്ചു. എന്നാല്‍ സഞ്ചാര്‍ സാഥി ആപ്പ് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബിഗ് ബ്രദറിന് എല്ലാം അറിയാനുള്ള നീക്കമാണെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നുമാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി അറിയിച്ചത്.