- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയില്‍ പോര്‍ഷെ ഉടമകള്‍ക്ക് കൂട്ട 'പണി': ലക്ഷ്വറി കാറുകള്‍ വഴിയില്‍ നിശ്ചലം; 300-ല്‍ അധികം വാഹനങ്ങള്‍ക്ക് പൂട്ടുവീണു; പൂട്ടിക്കെട്ടിയത് സാറ്റലൈറ്റ് ഇടപെടല്‍ വഴിയെന്ന് ഭയം; പാശ്ചാത്യ രാജ്യങ്ങളുടെ 'സൈബര്‍ യുദ്ധമോ'?
റഷ്യയില്‍ പോര്‍ഷെ ഉടമകള്‍ക്ക് കൂട്ട 'പണി'
മോസ്‌കോ: റഷ്യയില്‍ പോര്‍ഷെ (Porsche) കാറുകള്‍ കൂട്ടത്തോടെ നിശ്ചലമായതോടെ ആഡംബര വാഹന ഉടമകള്‍ ആശങ്കയില്‍. രാജ്യത്തുടനീളം നൂറുകണക്കിന് പോര്‍ഷെ കാറുകളാണ് പെട്ടെന്ന് പവര്‍ നഷ്ടപ്പെട്ട് സ്റ്റാര്‍ട്ട് ആവാതെ കിടക്കുന്നത്. ഇത് മനഃപൂര്‍വ്വമുള്ള സാറ്റലൈറ്റ് ഇടപെടല്‍ മൂലമാണോ എന്ന ഭയത്തിലാണ് ഉടമകളും ഡീലര്‍മാരും.
എന്താണ് സംഭവിച്ചത്?
2013-ന് ശേഷം നിര്‍മ്മിച്ച പോര്‍ഷെ മോഡലുകളിലാണ് ഈ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഈ വാഹനങ്ങളില്‍ കമ്പനിയുടെ ഫാക്ടറി VTS (Vehicle Tracking System) സാറ്റലൈറ്റ്-സുരക്ഷാ യൂണിറ്റ് ഘടിപ്പിച്ചിട്ടുണ്ട്. ഈ വിടിഎസ് സിസ്റ്റം ബ്ലോക്ക് ചെയ്തതാണ് കാറുകള്‍ 'മരവിച്ച്' പോകാന്‍ കാരണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. തകരാര്‍ മനഃപൂര്‍വ്വം ഉണ്ടാക്കിയതാകാം എന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സംശയം പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കാണ് നീളുന്നത്.
മോസ്‌കോ, ക്രാസ്നോദര്‍, മറ്റ് നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞ ആഴ്ച മുതല്‍ തടസ്സങ്ങള്‍ നേരിട്ടു തുടങ്ങി. ചില സര്‍വീസ് സെന്ററുകളില്‍ മൂന്ന് ദിവസത്തിനുള്ളില്‍ 40-ല്‍ അധികം കാറുകളാണ് ടോ ട്രക്കില്‍ എത്തിയത്.
പിസ്സ വാങ്ങി തിരികെ വന്നപ്പോള്‍ പണി കിട്ടി
സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നുള്ള 31-കാരനായ അലക്‌സാണ്ടര്‍ എന്ന പോര്‍ഷെ ഉടമയുടെ അനുഭവം ഇങ്ങനെ: 'ഒരു പിസ്സ കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തി ഓര്‍ഡര്‍ എടുത്ത് തിരികെ വന്നപ്പോള്‍ കാര്‍ സ്റ്റാര്‍ട്ട് ആകുന്നില്ല. എന്ത് സംഭവിച്ചുവെന്ന് മനസ്സിലാക്കാന്‍ രണ്ട് ദിവസം എടുത്തു. വിശ്വാസ്യതയുള്ള ബ്രാന്‍ഡുകള്‍ ഏതൊക്കെ എന്നതിനെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പാണിത്.' ചില മെഴ്‌സിഡസ് ബെന്‍സ്, ഓഡി, ഫോക്‌സ് വാഗണ്‍ മോഡലുകള്‍ക്കും സമാന പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുണ്ട്.
'നാടന്‍' പരിഹാരങ്ങള്‍ തേടി ഉടമകള്‍
ഒന്നിലധികം കാറുകള്‍ നിശ്ചലമായതോടെ റഷ്യന്‍ ഉടമകള്‍ പലവിധ 'നാടന്‍' പരിഹാരങ്ങള്‍ തേടുകയാണ്. ചില ഡ്രൈവര്‍മാര്‍ക്ക് കാര്‍ ബാറ്ററി 10 മണിക്കൂറെങ്കിലും വിച്ഛേദിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. മറ്റുചിലര്‍ VTS (സാറ്റലൈറ്റ് ട്രാക്കിംഗ് സിസ്റ്റം) പ്രവര്‍ത്തനരഹിതമാക്കാന്‍ ശ്രമിച്ചു. കണക്റ്ററുകള്‍ വലിച്ചുപറിക്കുക, അലാറം മൊഡ്യൂളുകള്‍ അഴിച്ചുമാറ്റുക തുടങ്ങിയ ശ്രമങ്ങളും നടക്കുന്നുണ്ട്.
പെര്‍മില്‍ നിന്നുള്ള ഒരു മെക്കാനിക്ക്, VTS അലാറം യൂണിറ്റ് ഡിസ്‌കണക്റ്റ് ചെയ്തപ്പോള്‍ നിശ്ചലമായ പോര്‍ഷെ സ്റ്റാര്‍ട്ട് ആയതായി വെളിപ്പെടുത്തി. ഇത് ജാമറുകള്‍ മൂലമോ റേഡിയോ തരംഗങ്ങള്‍ കാരണമോ ആകാം എന്നാണ് അദ്ദേഹത്തിന്റെ നിഗമനം. യുക്രെയിന്‍ അധിനിവേശത്തിന് ശേഷം ഫോക്സ്വാഗണ്‍ ഗ്രൂപ്പ് (പോര്‍ഷെ ബ്രാന്‍ഡിന്റെ ഉടമകള്‍) റഷ്യയിലേക്കുള്ള വിതരണം നിര്‍ത്തിവെച്ചിരുന്നു. എന്നിട്ടും ചില വാഹനങ്ങള്‍ റഷ്യയില്‍ ഓടുന്നുണ്ട്. നിലവിലെ സംഭവവികാസങ്ങള്‍ ഒരു 'സൈബര്‍ യുദ്ധ'ത്തിന്റെ ഭാഗമാണോ എന്ന ആശങ്കയിലാണ് റഷ്യന്‍ ഭരണകൂടവും ലക്ഷ്വറി കാര്‍ ഉടമകളും.




