തിരുവനന്തപുരം: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരാനിരിക്കെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ശക്തമായ നടപടിയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള തീരുമാനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ് സൂചന.

രാഹുലിനെ പുറത്താക്കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ഉന്നയിച്ചിരുന്നു. കെ. മുരളീധരനടക്കമുള്ള പല നേതാക്കളും കഴിഞ്ഞദിവസങ്ങളില്‍ രാഹുലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ വിഷയം കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാമെന്ന തീരുമാനത്തിലെത്തിയത്. രാഹുലിന് ഇനി പാര്‍ട്ടിയിലേക്ക് തിരിച്ച് വരവില്ലെന്ന് കെ മുരളീധരന്‍ ആവര്‍ത്തിച്ചിരുന്നു.

കോണ്‍ഗ്രസിലെ പല വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും പുറത്തായ രണ്ട് ബലാത്സംഗ കേസുകളിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍ സ്വാധീനം തുടര്‍ന്നിരുന്നു. എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തതില്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷിക്ക് കടുത്ത അതൃപ്തിയുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നത് വരെ കാത്തിരിക്കണമെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്റുമാരും. രാഹുലിനെ പുറത്താക്കണമെന്ന ശുപാര്‍ശ കെപിസിസിയില്‍ നിന്ന് ഇന്നലെ ലഭിക്കുമെന്ന് ദീപദാസ് മുന്‍ഷി പ്രതീക്ഷിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിയതിനാല്‍ അതുണ്ടായില്ല.

രാഹുലിനെതിരെ ലഭിച്ച പരാതികളില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഓഫിസുകള്‍ വിവരങ്ങള്‍ തേടി. പരാതികള്‍ ഗുരുതര സ്വഭാവമുള്ളതെന്നാണ് ദീപദാസ് നേതൃത്വത്തെ അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലും വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിഷയം ദോഷം ചെയ്യുമെന്നും ദീപ ഹൈക്കമാന്‍ഡിനെ അറിയിച്ചു. രാഹുലിനെ പുറത്താക്കിയില്ലെങ്കില്‍ സിപിഎം ബിജെപി പ്രചാരണം അതിന്മേല്‍ ആകുമെന്നും ദീപ ദാസ് മുന്‍ഷി നേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ കവര്‍ ഫോട്ടോ മാറ്റി ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് എതിരെ അടുത്തഘട്ട പ്രചാരണത്തിനു തുടക്കമിട്ടെങ്കിലും രാഹുല്‍ വിഷയം കാരണം അത് ഏറ്റില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ വീട് കയറിയിറങ്ങുന്ന സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കും രാഹുലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ മത്സരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടാകുന്ന പാളിച്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

കെപിസിസി അധ്യക്ഷന്‍ പൊലീസിനു പരാതി കൈമാറിയതിനൊപ്പം പുറത്താക്കല്‍കൂടി ഉയര്‍ത്തി സിപിഎമ്മിനെ രാഷ്ട്രീയമായി നേരിടാമെന്നായിരുന്നു കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെട്ട ധാരണ. എഐസിസിയും നടപടി നിര്‍ദേശിക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതോടെയാണ് ഇന്നലെ രാവിലെയോടെ വനിതാനേതാക്കള്‍ അടക്കം രാഹുലിനെ പുറത്താക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്. ബ്രഹ്‌മാസ്ത്രം പ്രയോഗിക്കാന്‍ സമയമായെന്ന് കെ.മുരളീധരനും ഉറപ്പിച്ചു പറഞ്ഞത് ഇക്കാരണത്താലാണ്. വിവിധ ജില്ലകളിലുള്ള നേതാക്കള്‍ ഇക്കാര്യം ഫോണില്‍ സംസാരിക്കുകയും ചെയ്തു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും വേഗം പുറത്താക്കി തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലും നാണക്കേടിലുമാക്കിയ വിഷയത്തില്‍ നിന്ന് തലയൂരുക എന്നതാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. ചൊവ്വാഴ്ച വൈകീട്ട് കടുത്ത നടപടിയിലേയ്ക്ക് പോവുകയെന്ന സന്ദേശം മുതിര്‍ന്ന നേതാക്കളോട് കെ സി വേണുഗോപാലും ദീപ ദാസ്മുന്‍ഷിയും നല്‍കി. തീരുമാനം എല്ലാവരുമായി ആലോചിച്ച് കെപിസിസി എടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. രാഹുലിനെ പുറത്താക്കല്‍ നടപടി ഉടനെന്ന മട്ടില്‍ കെ മുരളീധരന്റെ പ്രതികരണവും ഇന്നലെ രാവിലെ വന്നു.

എന്നാല്‍ കോടതി വിധി നോക്കണമെന്ന നിലപാടിലേയ്ക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നീങ്ങിയതോടെ നടപടിക്ക് സഡന്‍ ബ്രേക്കായി. എഐസിസിക്കും ഒരു വിഭാഗം നേതാക്കള്‍ക്കും കടുത്ത അമര്‍ഷം നിലനില്‍ക്കുമ്പോള്‍ നടപടിക്ക് സമയമായിട്ടില്ലെന്ന പരസ്യമായി പറയുകയാണ് സണ്ണി ജോസഫ്. രാഹുലിനെതിരെ നടപടി എടുക്കാന്‍ സമയം ആയിട്ടില്ലെന്ന് പറഞ്ഞ സണ്ണി ജോസഫ്, കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ഗോവിന്ദന്‍ മാഷ് അല്ല എന്റെ മാതൃകയെന്നും വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

രാഹുലിന് മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ പുറത്താക്കല്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് പോകുമോയെന്ന സംശയമാണ് ഉടനടി നടപടി വേണമെന്നാവശ്യപ്പെടുന്നവര്‍ക്കുള്ളത്. ജാമ്യാപേക്ഷ തള്ളിയാല്‍ അതിന് ശേഷം നടപടിയെടുക്കുന്നത് കൊണ്ട് പാര്‍ട്ടിക്ക് അതിന്റെ നേട്ടം കിട്ടില്ലെന്നാണ് ഈ വിഭാഗത്തിന്റെ പക്ഷം. അതേസമയം, രാഹുലിന് പാര്‍ട്ടിയിലേയ്ക്ക് ഇനി തിരിച്ചുവരവില്ലെന്നാണ് കടുത്ത നടപടി ആവശ്യപ്പെടുന്ന കെ മുരളീധരന്റെ പ്രതികരണം. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന ആള്‍ കോണ്‍ഗ്രസില്‍ വേണ്ടെന്നാണ് മുരളീധരന്റെ നിലപാട്. രാഹുലുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും രാഹുല്‍ വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുലിനെ പൊലീസ് പിടിക്കാത്തത് വിഷയം ലൈവായി നിര്‍ത്താനെന്നും മുരളി ആരോപിച്ചു. രാഹുലിനെ പിടിക്കാന്‍ ആയില്ലെങ്കില്‍ എന്തിനാണ് പൊലീസ് മീശ വച്ച് നടക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.

വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടായ അപചയത്തില്‍ പാര്‍ട്ടിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ചോദ്യം. ഇനിയും വേണ്ടിവന്നാല്‍ നടപടി എടുക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം ലൈവായതിനാല്‍ സ്വര്‍ണക്കൊള്ള അടക്കം ഉയര്‍ത്താനുള്ള ശ്രമം ഫലിക്കുന്നില്ലെന്ന പരിഭവം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഹുലിനെതിരായ കേസ് ബാധിക്കുമെന്ന ആശങ്ക ചില യുഡിഎഫ് സ്ഥാനാര്‍ത്ഥികളും പങ്കുവയ്ക്കുന്നു.

അതേസമയം, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമുള്ള കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി പറയാനിരിക്കെയാണ് നിര്‍ണായക നീക്കം. അടച്ചിട്ട കോടതിയില്‍ നടന്ന വാദം വ്യാഴാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. തുടര്‍ന്നാണ് ഉച്ചയ്ക്ക് ശേഷം വിധി പറയാനായി മാറ്റിവെച്ചത്.

കഴിഞ്ഞദിവസം നടന്ന വാദത്തില്‍ അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കം പ്രതിഭാഗം ഹാജരാക്കിയപ്പോള്‍ അതിജീവിതയെ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദംചെലുത്തുന്ന വാട്‌സാപ്പ് ചാറ്റുകളെയാണ് പ്രോസിക്യൂഷന്‍ കൂടുതല്‍ ആശ്രയിച്ചത്. കോടതി അനുമതിയോടെ പിന്നീട് കൂടുതല്‍ വാട്‌സാപ്പ് ചാറ്റുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.