- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷിക ദിനം; നിയമസഭാംഗമായതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പടിക്ക് പുറത്ത്; എംഎല്‍എ സ്ഥാനം സ്വയം രാജിവെച്ചില്ലെങ്കില്‍ അയോഗ്യനാക്കും? നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കാത്തിരിക്കുന്നത്
തിരുവനന്തപുരം: ഒടുവില്‍ പുകഞ്ഞ കൊള്ളി പുറത്ത്. ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വം. രാഹുലുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചാല്‍ രാജി ആവശ്യപ്പെടാനാണ് കെപിസിസി ഒരുങ്ങുന്നത് എന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. രാഹുലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുലിനെ പരാതികളുടെയും റജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയാണ് അറിയിച്ചത്. മാസങ്ങളോളം നീണ്ടുനിന്ന ആരോപണ, പ്രത്യാരോപണങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ പാര്‍ട്ടിയില്‍നിന്നു പുറത്തു പോകുന്നത്. ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനവും മാസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി പ്രാഥമിക അംഗത്വവും നഷ്ടമായ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെ. മുരളീധരന്‍ ഉള്‍പ്പടെയുള്ളവര്‍ രാഹുല്‍ എംഎല്‍എ സ്ഥാനം സ്വയം ഒഴിയണമെന്ന ആവശ്യവുമായി എത്തിക്കഴിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വ്യക്തമാക്കി. പാര്‍ട്ടി കൈവിട്ടതോടെ സ്വയം എംഎല്‍എ രാജി വെച്ചില്ലെങ്കിലും രാഹുലിന് രക്ഷയുണ്ടാകില്ല. രാഹുലിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് ചീഫ് വിപ്പിന് സ്പീക്കര്‍ക്ക് കത്ത് നല്‍കാനാകും. സ്വയം ഒഴിയാന്‍ തയാറായില്ലെങ്കില്‍ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കുമെന്നാണ് സൂചന. സ്വയം രാജിവെച്ചില്ലെങ്കില്‍ ഇദ്ദേഹത്തെ അയോഗ്യനാക്കുന്നതടക്കം തീരുമാനത്തിലേക്ക് പോകാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടാകും. എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് ഒരുവര്‍ഷമാകുന്ന വേളയിലാണ് രാഹുലിന് പദവി നഷ്ടപ്പെടാന്‍ പോകുന്നത്. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
അതേ സമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പുറത്താക്കിയത്, നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് എന്നതാണ് പ്രത്യേകത. 2024 ഡിസംബര്‍ നാലിനാണ് പാലക്കാട് നിന്നുള്ള നിയമസഭാംഗമായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഇദ്ദേഹത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതിനെ തുടര്‍ന്നാണ് സീറ്റില്‍ ഒഴിവുവന്നത്. ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ പാലക്കാട് ശക്തമായ ത്രികോണ മത്സരത്തിന്റെ സാധ്യതയായിരുന്നു. ഷാഫിയുടെ പിന്തുണയോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥിയായതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട പി സരിന്‍ ഇടത് സ്ഥാനാര്‍ത്ഥിയായ ഇവിടെ, ബിജെപി സ്ഥാനാര്‍ത്ഥിയായി സി കൃഷ്ണകുമാറാണ് മത്സരിച്ചത്. പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ്. നേടിയ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു രാഹുലിന്റേത്. 2016-ല്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടിന്റെ റെക്കോര്‍ഡ് മറികടന്നു. ആകെ പോള്‍ ചെയ്ത 1.38 ലക്ഷം വോട്ടില്‍ 58,389 വോട്ട് നേടിയ രാഹുല്‍ 18,840 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 2024 നവംബര്‍ 23 ശനിയാഴ്ചയാണ് ഫലം പ്രഖ്യാപിച്ചത്. പിന്നീട് 2024 ഡിസംബര്‍ നാലിന് ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.
എന്നാല്‍ ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയനായ ശേഷം രണ്ട് മാസത്തോളം അദ്ദേഹം പാലക്കാട് നിന്നും വിട്ടുനിന്നു. പൊലീസ് സ്വമേധയാ ആരോപണങ്ങളില്‍ കേസെടുത്തതോടെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ചെയ്തു. തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് അദ്ദേഹം പാലക്കാട് തിരിച്ചെത്തിയത്. എന്നാല്‍ പിന്നാലെ പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയതോടെ ഇദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ ചുമത്തി. എട്ട് ദിവസമായി ഒളിവില്‍ കഴിയുന്ന ഇദ്ദേഹം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് തള്ളിയതോടെയാണ് പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണമായും പുറത്താക്കപ്പെട്ടത്. ഗുരുതര കുറ്റം ചുമത്തപ്പെട്ട സാഹചര്യത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ കോര്‍ടിലാണ് പന്ത്. എംഎല്‍എക്കെതിരെ എന്ത് നടപടി വേണമെങ്കിലും അദ്ദേഹത്തിന് സ്വീകരിക്കാനാവും. എന്ത് നടപടിയെടുക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.




